നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 20 October 2013

തിമര്‍ത്തുപെയ്ത മഴയിലും സംഗമം ധന്യമായി

തിരുനെല്ലൂര്‍ .
മഹല്ല് തിരുനെല്ലൂര്‍ ഒരുക്കിയ ഈദ് സ്നേഹ സംഗമം ഒക്ടോബര്‍ 19 വൈകീട്ട് 8 മണിക്ക് ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ മഹല്ലു സംവിധാനം ലോക വിശ്വാസി സമൂഹത്തെ പോലും അത്ഭുതപ്പെടുത്തുമാര്‍ വളര്‍ന്നു വലുതായെന്നും ഈ സംവിധാനത്തെ യഥാവിധി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന സംശയം ബാക്കി നില്‍ക്കുന്നുണ്ടെന്നും ശാഹുല്‍ ഹമീദ് പറഞ്ഞു.
മഹല്ലു ഖതീബ് അബ്ദുല്ല ഫൈസിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച സംഗമം പ്രതികൂല കാലാവസ്ഥയിലും അതിജയിച്ചുമുന്നേറി.
മഹല്ലുവാസികളില്‍ പൂര്‍വോപരി ഇഴയടുപ്പം ഉണ്ടാക്കുക എന്നതിനായിരിക്കും മഹല്ലു സമിതി ഊന്നല്‍ നല്‍കുക ഒപ്പം മഹല്ലിന്റെ ഭദ്രതയും യശസ്സുയര്‍ത്താനുതകുന്ന കര്‍മ്മ പരിപാടികളും നമ്മുടെ അജണ്ടയായിരിക്കും .ഹാജി കെപി അഹമ്മദ് പറഞ്ഞു.തിരുനെല്ലൂര്‍ മഹല്ലൊരുക്കിയ സംഗമത്തില്‍ നാട്ടുകാരോടുള്ള വര്‍ത്തമാനത്തില്‍ സംസാരിക്കുകയായിരുന്നു ഹാജി.
സുതാര്യമായ പ്രവര്‍ത്തന ശൈലി അന്തസ്സുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ പ്രവര്‍ത്തനാന്തരീക്ഷം എന്നീ ലക്ഷ്യങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നുണ്ടെന്നും അതില്‍ വിദേശത്തും സ്വദേശത്തുമുള്ള മഹല്ലു നിവാസികള്‍ പ്രശംസനീയമായ പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മഹല്ലിന്റെ ദൈനം ദിന കണക്കുകളും ഏറ്റക്കുറച്ചിലുകളും ബാധ്യതയും ഒപ്പം സാധ്യതയും ജനറല്‍ സിക്രട്ടറി ജമാല്‍ ബാപ്പുട്ടി സവിസ്തരം സൂചിപ്പിച്ചു.മഹല്ലു പ്രവര്‍ത്തനങ്ങളില്‍ പ്രവാസി സമൂഹം നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണയെയും പങ്കാളിത്തത്തെയും സിക്രട്ടറി പ്രകിര്‍ത്തിച്ചു .സ്നേഹ സംഗമത്തില്‍ സ്വാഗത ഭാഷണം നടത്തുകയായിരുന്നു സിക്രട്ടറി.
വിദ്യാര്‍ഥികളുടെ പഠനവും പാഠ്യപദ്ധതിയും അധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ മാത്രം സജ്ജമാണെന്നും അതിനെ യഥാവിധി ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചിന്ത സജീവമാക്കണമെന്നും മദ്രസ്സ സദര്‍ നാസര്‍ ഫൈസി പറഞ്ഞു. രക്ഷിതാക്കളോട് എന്ന ശീര്‍ഷകത്തില്‍ സംസാരിക്കുകയായിരുന്നു ഫൈസി.

തുടര്‍ന്ന് നൌഷാദ് തിരുനെല്ലൂര്‍ നയിച്ച ദഫ്മുട്ടും മുഹമ്മദ് മുനീര്‍ നയിച്ച ബുര്‍ദയും അരങ്ങുതകര്‍ത്തു.
ബുര്‍ദമജ്‌ലിസില്‍ ഷാഹിദ്‌ ഹുസ്സൈന്‍ ,അനസ്‌ ഉമര്‍ ,അമീര്‍ അബ്‌ദുല്ലക്കുട്ടി,ജസീം ,ഷാഹുല്‍ ഹുസ്സന്‍ എന്നീ പ്രതിഭകള്‍ പങ്കെടുത്തു.

ദഫിന്റെ തപ്പും തുടിയുമായി മുഹമ്മദ്‌ സ്വാലിഹ്‌,ശുഐബ്‌ ,ഫുആദ്‌, ഹനീഫ,നബീല്‍ ,ആമിര്‍ ,അനസ്‌ , സ്വാലിഹ്‌ എന്നിവരാണ്‌ അരങ്ങിലെത്തിയത്.

തിമര്‍ത്തുപെയ്യുന്ന മഴയെ സാക്ഷിയാക്കി ഈദ് സ്നേഹ സംഗമത്തിനു തിരശ്ശീലവീണു.പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അജണ്ടകള്‍ വെട്ടിക്കുറക്കേണ്ടി വന്നതില്‍ സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചു.അസീസ് മഞ്ഞിയില്‍ പരിപാടികള്‍ നിയന്ത്രിച്ചു.