നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 25 August 2015

പ്രവാസി സം‌ഗമം

തിരുനെല്ലൂര്‍:മഹല്ലിലെ പ്രവാസികളും പ്രവാസി സം‌ഘങ്ങളും പൊതു വിഷയങ്ങളില്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന സമയോചിതമായ സമീപനങ്ങളേയും രചനാത്മകമായ ഇടപെടലുകളേയും ഹാജി കെ.പി അഹമ്മദ്‌ പ്രകീര്‍‌ത്തിച്ചു.മഹല്ലു തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച പ്രവാസി സം‌ഗമത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു പ്രസിഡണ്ട്.മഹല്ല്‌ ഖത്വീബിന്റെ പ്രാര്‍‌ഥനയോടെ തുടങ്ങിയ സം‌ഗമത്തില്‍ പ്രവാസി പ്രതിനിധികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.മഹല്ലിന്റെ സ്ഥിരവരുമാനം ലക്ഷ്യം വെച്ചു പടുത്തുയര്‍‌ത്തിക്കൊണ്ടിരിക്കുന്ന പാര്‍‌പ്പിട സമുച്ചയത്തിന്റെ ഇനിയും പൂര്‍‌ത്തീകരിക്കപ്പെടാനുള്ള പണികള്‍ സാമ്പത്തിക ലഭ്യതയുടെ അഭാവത്തില്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ്‌ സം‌ഗമം സം‌ഘടിപ്പിച്ചതെന്നു സ്വാഗത പ്രസം‌ഗത്തില്‍ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി പറഞ്ഞു.ഷിഹാബ്‌ എം.ഐ,ഉമര്‍ കാട്ടില്‍,യൂസഫ്‌ ഹമീദ്‌,ഖാസ്സിം വി.കെ,അബ്‌ദുല്‍ കബീര്‍,അസീസ്‌ മഞ്ഞിയില്‍ എന്നിവര്‍ ചര്‍‌ച്ചയെ സജിവമാക്കി.

അടിയന്തിര പ്രാധാന്യത്തോടെ സ്വരൂപിക്കാനുള്ള സം‌ഖ്യ , യൂണിറ്റ്‌ ഒന്നിന്‌ ആയിരം രൂപ വീതം എന്ന ധാരണയില്‍ സമാഹരിക്കാനുള്ള പ്രക്രിയക്ക്‌ തുടക്കം കുറിച്ചു.ഇവ്വിഷയത്തില്‍ ഏറെ ആശാവഹമായ പ്രതികരണമായിരുന്നു സദസ്സില്‍ നിന്നും ലഭിച്ചത്.മഹല്ലിന്റെ പ്രസ്‌തുത സം‌രം‌ഭവുമായി സഹകരിച്ചവരും അല്ലാത്തവരും തങ്ങളാലാവുന്ന വിഹിതങ്ങള്‍ നല്‍‌കാന്‍ സന്നദ്ധരായി മുന്നോട്ട്‌ വരണമെന്നു ആഹ്വാനം ചെയ്യപ്പെട്ടു.

മണ്‍‌മറഞ്ഞുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ പരലോക മോക്ഷത്തിനുപകരിക്കുന്ന 'ജാരിയായ സദഖകള്‍' ഈ സം‌രം‌ഭത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും നിര്‍‌ദേശിക്കപ്പെട്ടു.

നൂറുല്‍ ഹിദായ മദ്രസ്സ ഹാളില്‍ വൈകീട്ട് ചേര്‍‌ന്ന സം‌ഗമം ഉദ്‌ബോധനത്തോടെ സമാപിച്ചു.