ജിദ്ദ: മക്ക മസ്ജിദുല്‍ ഹറാമില്‍ ക്രെയിനുകള്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. മലയാളിയും ആന്‍ഡമാന്‍ സ്വദേശിയും ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും മരണപ്പെട്ടിട്ടുണ്ട്. രണ്ട് ഇന്ത്യാക്കാര്‍ മരിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. 15 ഇന്ത്യക്കാരുള്‍പ്പെടെ 238 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ 15 ഇന്ത്യക്കാരില്‍ 11 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും നാല് പേര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയും തീര്‍ഥാടനത്തിന് എത്തിയവരാണ്. പരിക്കേറ്റ ഇന്ത്യക്കാരുടെ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ക്ക് സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ അറിയിച്ചു.
പാലക്കാട് കല്‍മണ്ഡപം മീന നഗറില്‍ മുഹമ്മദ് ഇസ്മയിലിന്‍െറ ഭാര്യ മുഅ്മിനയാണ് (33) മരിച്ച മലയാളി. സ്വകാര്യ ഏജന്‍സിയായ ഐ.ടി.എല്‍ വഴിയാണ് ഇവര്‍ തീര്‍ഥാടനത്തിന് പോയത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം മക്കയില്‍ എത്തിയത്. ഇസ്മായിലിന് അപകടത്തില്‍ നിസ്സാര പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് മക്കയില്‍ പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് മസ്ജിദുല്‍ ഹറാമില്‍ വികസന ജോലികള്‍ക്കായി ഉയര്‍ത്തിയിരുന്ന രണ്ടു കൂറ്റന്‍ ക്രെയിനുകള്‍ തകര്‍ന്നു വീണത്.
സഫ, മര്‍വ കുന്നുകള്‍ക്കിടയിലെ മേല്‍പ്പുരക്കുമേല്‍ വികസനജോലികള്‍ക്കായി ഉപയോഗിച്ചുവന്ന രണ്ടു ക്രെയിനുകള്‍ കാറ്റില്‍ പൊട്ടി വീഴുകയായിരുന്നു. മേല്‍പ്പുരയുടെ ഭാഗം തകര്‍ത്ത് കഅ്ബയുടെ പ്രദക്ഷിണ സ്ഥലമായ മതാഫിലേക്ക് പതിച്ച ക്രെയിനുകളുടെയും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളുടെയും ഇടയില്‍ കുരുങ്ങിയാണ് ആളുകള്‍ മരിച്ചത്. വെള്ളിയാഴ്ച 5.30ഓടെ മഗ് രിബ് നമസ്കാരത്തിനു മുമ്പാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരം രാത്രി വൈകിയും ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ മരിച്ചവരില്‍ ഇന്ത്യോനേഷ്യ, തുര്‍ക്കി സ്വദേശികളുണ്ടെന്ന് സൂചനയുണ്ട്.
സംഭവസ്ഥലത്തും പരിസരങ്ങളിലേക്കും പ്രവേശം തടഞ്ഞിരിക്കുകയാണ്. മക്കയിലും പരിസരപ്രദേശങ്ങളിലും കനത്ത കാറ്റും മഴയുമായിരുന്നു. പശ്ചിമേഷ്യയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന ഏറ്റവും വലിയ ക്രെയിനുകളാണ് തകര്‍ന്നു വീണത്. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സും ഹറം രക്ഷാസേനയും ആതുര ശുശ്രൂഷ വിഭാഗമായ റെഡ് ക്രസന്‍റിന്‍െറ സഹായത്തോടെ മൃതദേഹങ്ങളും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. മക്കയിലെ മുഴുവന്‍ ആശുപത്രികളിലും ആരോഗ്യവകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് പ്രത്യേകസമിതിയെ നിയോഗിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സയും സഹായങ്ങളും ലഭ്യമാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
മാധ്യമം.