നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 25 December 2017

ഖുറൈഷി പുരാണം പ്രകാശനം

പുവ്വത്തൂര്‍:സൈനുദ്ധീന്‍ ഖുറൈഷിയുടെ ഖുറൈഷി പുരാണം പ്രകാശനം ചെയ്യപ്പെടുന്നു.തിരുനെല്ലൂരിന്റെ അനുഗ്രഹീതനായ എഴുത്തുകാരന്റെ ഏറെ വിശേഷപ്പെട്ട രചനകളിലൊന്നത്രെ ഈ സമാഹാരം.താന്‍ പഠിച്ചു വളര്‍‌ന്ന വിദ്യാലയത്തിന്റെ തിരുമുറ്റത്ത് വെച്ച്‌ പ്രകാശനം നടക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നു കഥാകൃത്ത് പറഞ്ഞു.

അക്ഷരങ്ങളെ അവകാശ സമരായുധമായി എന്നും ഉപയോഗിക്കുന്ന സ്വതന്ത്ര കലാ പരിഷത്ത് വായനശാലയുടെ പ്രവർത്തകരും സ്നേഹസാന്ദ്രതയാൽ എന്നും ചേർത്തു പിടിച്ച സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് അണിയിച്ചൊരുക്കുന്ന സദസ്സിൽ ഡിസംബർ 30 ന് 2 മണിക്ക് പ്രകാശന കര്‍‌മ്മം നടക്കും.

ശ്രീ.കെ.പി രാമനുണ്ണിയുടെ അവതാരികയോടെയുള്ള ഖുറൈഷി പുരാണം.മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ഗാന രചയിതാവുമായ റഫീഖ്‌ അഹമ്മദ്‌ പ്രകാശനം ചെയ്യും.മണലൂര്‍ മണ്ഡലം എം.എല്‍.എ ശ്രീ മുരളി പെരുനെല്ലി ഉദ്‌ഘാടനം നിര്‍വഹിക്കും.റഹ്‌മാന്‍ തിരുനെല്ലൂര്‍ പുസ്‌തകത്തെ പരിചയപ്പെടുത്തും.

മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി ലതിക ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ സ്വതന്ത്ര കലാപരിഷത്ത് വായനശാലയുടെ സെക്രട്ടറി ശ്രി.ആര്‍.എ അബ്‌ദുല്‍ ഹഖീം സ്വാഗതം ആശം‌സിക്കും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രി.എ.കെ ഹുസ്സൈന്‍,ശ്രീ ബിജു കുരിയക്കോട്ട്‌,ശ്രി സി.എഫ് രാജന്‍,ടി.എന്‍ ലെനിന്‍,ശ്രി പ്രസാദ്‌ കാക്കശ്ശേരി,ശ്രീ പി.ജി ബിജുദാസ്,ശ്രി സി.എഫ് സാജു മാസ്‌റ്റര്‍,ശ്രി ആഷിക് വലിയകത്ത്,ശ്രീ.ഉമ്മര്‍ കാട്ടില്‍,ശ്രീ.പി.കെ രമേശ്‌ തുടങ്ങിയ സാമുഹിക സാം‌സ്‌കാരിക രാഷ്‌ട്രീയ രം‌ഗത്തെ പ്രമുഖരും സദസ്സിനെ ധന്യമാക്കും.