സംസ്‌കൃതമായ ഒരു സമൂഹത്തെ പുഷ്‌കലമാക്കാന്‍ പ്രചോദിപ്പിക്കുന്ന അക്ഷരാര്‍ഥ കര്‍മ്മ സരണിയാണ് ഹജ്ജ് തീര്‍ഥാടനം.ഈ കര്‍മ്മത്തിലേയ്‌ക്കുള്ള ഒരുക്കം പോലും അത്യുല്‍കൃഷ്‌ടമാണ്.കരുണാ വാരിധിയായ തമ്പുരാന്റെ അനുഗ്രഹങ്ങളേറ്റുവാങ്ങാന്‍ ആ തിരുമുറ്റത്തേയ്‌ക്ക് പ്രതീക്ഷാ നിര്‍ഭരമായ മനസ്സോടെയാണ് യാത്ര ചെയ്യുന്നത്.കാരണം അല്ലാഹുവിന്റെ അനുഗ്രഹത്തെ കുറിച്ച് നിരാശപ്പെടാതിരിക്കുക എന്നതത്രെ വിശ്വാസിക്ക് നല്‍കപ്പെടുന്ന പാഠം.മണ്ണിലേയ്‌ക്ക് ജനിച്ചു വീണ ഒരു കുഞ്ഞിന്റെ പവിത്രത പോലെയുള്ള അവസ്ഥയെ പുല്‍കാന്‍ വിശ്വാസിക്ക് സാധ്യമാകുന്ന മഹിതമായ കര്‍മ്മം.അസീസ് മഞ്ഞിയില്‍ പറഞ്ഞു.
ഇത്തവണ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തിരുനെല്ലൂര്‍ മഹല്ല് പ്രസിഡണ്ട് ബഹു അബു കാട്ടിലിന് ദോഹയില്‍ ഒരുക്കിയ പ്രത്യേക യാത്രയയപ്പ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മഞ്ഞിയില്‍.
കല്‍പിക്കപ്പെട്ട പഞ്ച കര്‍മ്മങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ലക്ഷ്യങ്ങളുണ്ട്.ഒരോ കര്‍മ്മവും വിശ്വാസിയിയ്‌ക്ക് പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജകണങ്ങളാണ് അവനെ വ്യതിരിക്തനാക്കിത്തീര്‍ക്കുന്നത്.അഥവാ ആചാരങ്ങള്‍ക്ക് വേണ്ടിയുള്ള അനുഷ്‌ഠാനം അല്ല ഇസ്‌ലാമില്‍ പഠിപ്പിക്കപ്പെടുന്ന ആരാധനാനുഷ്‌ഠാനങ്ങള്‍. അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിരാശയില്ലാത്തവന്റെ ജിവിതം സഫലമാണ്.പക്ഷെ സമൂഹത്തോടുള്ള ബാധ്യതകള്‍ അന്യൂനമായിരിക്കുക എന്ന ഉപാദി പാലിക്കപ്പെടേണ്ടതും അതിന്റെ അനിവാര്യതയത്രെ.പടപ്പുകളും പടപ്പുകളും തമ്മിലുള്ള വ്യവഹാരങ്ങളും ഇടപാടുകളും തൃപ്‌തിയും അതൃപ്‌തിയും പരസ്‌പരം പങ്കിട്ട അര്‍ഹമായതും അല്ലാത്തതും ഇതിലെ ന്യായവും അന്യായവും വ്യ്വസ്ഥാപിതമാക്കാനും പൂരിപ്പിക്കാനും വിശ്വാസി ബാധ്യസ്ഥനാണ്. ഇത്തരം ധാര്‍മ്മികമായ ഉത്തരവാദിത്തങ്ങളെ അവഗണിച്ചവര്‍ക്ക് പരലോക മോക്ഷം സാധ്യമായിക്കൊള്ളണമെന്നില്ല. പ്രവാചക പ്രഭു പഠിപ്പിച്ച പരലോക വിചാരണയുടെ വാങ്മയ ചിത്രം അവതരിപ്പിച്ചു കൊണ്ട് അസീസ് വിശദീകരിച്ചു.
പടച്ചവനും പടപ്പുകളും തമ്മിലുള്ള കാര്യങ്ങളില്‍ പടച്ചവന്റെ അനുഗ്രഹം നിസ്‌തര്‍ക്കമത്രെ.എന്നാല്‍ പടപ്പുകളും പടപ്പുകളും തമ്മിലുള്ള കാര്യങ്ങളില്‍ അവകാശങ്ങളില്‍ അല്ലാഹു ഇടപെടുകയില്ല.പടപ്പുകളും പടപ്പുകളും തമ്മിലുള്ള സുദൃഢ് ബന്ധത്തിലൂടെയാണ് പടച്ചവനിലേയ്‌ക്ക് അടുക്കാന്‍ വിശ്വാസിക്ക് കഴിയുന്നത്. താന്‍ സമുഹ മധ്യേ സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാക്ഷാല്‍ പ്രതിനിധാനമായിരിയ്‌ക്കും വിശ്വാസിയുടെ കര്‍മ്മ പദത്തിലെ വിജയത്തിന്റെ മാനദണ്ഢം.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആനുകാലിക സംഭവ വികാസങ്ങളും ഗ്രാമന്തരീക്ഷത്തെ വിഷലിപ്‌തമാക്കും വിധമുള്ള ഓണ്‍ ലൈന്‍ ഓഫ് ലൈന്‍ സംവാദങ്ങളും സോഷ്യല്‍ മീഡിയാ ദുരുപയോഗവും,അതിന്റെ ചതിക്കുഴികളും നിരീക്ഷിക്കപ്പെട്ടു.ഒരു സമൂഹത്തിന്റെ ആരോഗ്യകരമായ അവസ്ഥയെ പരിപാലിക്കനുള്ള പ്രാഥമികമായ ധാര്‍മ്മിക പാഠങ്ങള്‍ പോലും ഒരു വേള സഹോദരങ്ങളും സഹവാസികളും മറന്നു പോകുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്നും വിലയിരുത്തപ്പെട്ടു.അനുവദനീയമായ വേദിയില്‍ നിശബ്‌ദത പാലിക്കുകയും അനുഗുണമല്ലാത്ത ഇടങ്ങളില്‍ പുകപ്പിക്കുകയും എന്ന സംസ്‌കാരം കെട്ട നടപടികള്‍ നിരുത്സാഹപ്പെടുത്തുകയും നിര്‍മാര്‍ജ്ജനം ചെയ്യുകയും വേണം.സദസ്സ് അടിവരയിട്ടു.
തുടര്‍ന്ന് ബഹു തിരുനെല്ലൂര്‍ മഹല്ല് പ്രസിഡണ്ട് മറുപടി പ്രസംഗം നടത്തി.മഹല്ലിന്റെ നേതൃത്വം എന്ന നിലയിലുള്ള ഉത്തരവദിത്തം യഥാവിധി നിര്‍വഹിച്ചു പോരുന്നുണ്ട് എന്നാണ് വിശ്വാസം.ഒരു പ്രദേശത്തെ നന്മേഛുക്കളോടൊപ്പം സഹകരിച്ചും സഹവസിച്ചും സമൂഹത്തിന്റെ ഉയര്‍ച്ചക്കും അഭിവൃദ്ധിയ്‌ക്കും സാധ്യമാകും വിധം സേവനം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.പ്രവാസ ലോകത്ത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നാലാവും വിധം ചെയ്യാന്‍ സഹായിച്ചവരും സഹകരിച്ചവരും തന്നെയാണ് ഇന്നും നന്മയുടെ മാര്‍ഗത്തില്‍ കൂടുതല്‍ പ്രചോദനം ചെയ്യുന്നവര്‍.ഒരുവേള അവര്‍ തന്നെയാണ് ഈ സേവന പാതയുടെ നേതൃത്വത്തിലെത്തിപ്പെടാനുള്ള സാഹചര്യം ഒരുക്കിയതും. അബു കാട്ടില്‍ സൂചിപ്പിച്ചു.
ആത്മീയമായി ഊര്‍ജ്ജം നല്‍കപ്പെട്ട ആമുഖ ഭാഷണം അനുഗ്രഹീതമാണ്.ഈ അവസരത്തിന്റെ സകല നന്മകളും ഉള്‍കൊള്ളാന്‍ നാമെല്ലാവരും ബാധ്യസ്ഥരാണ്.ആര്‍ക്കും അരോചകമാകാത്ത വിധം എന്നതിലുപരി ഏവര്‍ക്കും സ്വാഗതാര്‍ഹമായ ശൈലിയില്‍ ജീവിതത്തെ ക്രമപെടുത്താനുള്ള മാനസികമായ തയ്യാറെടുപ്പിനെ ബലപ്പെടുത്താനും അത് പ്രിയപ്പെട്ടവരോട് പ്രഖ്യാപിക്കാനും ഈ അവസരത്തെ ബോധ പൂര്‍വ്വം ഉപയോഗപ്പെടുത്തുന്നു.അദ്ദേഹം ഉറച്ച സ്വരത്തില്‍ പറഞ്ഞു.
ഇപ്പോള്‍ നാട്ടിലാണെങ്കിലും ഇടപഴക്കങ്ങളും ഇടപെടലുകളും അധികവും പ്രവാസികളുമായിത്തന്നെയായിരിക്കണം.അതിനാല്‍ പ്രിയപ്പെട്ട എല്ലാ പ്രദേശവാസികളോടുമുള്ള യാത്ര ചോദിക്കാനും സൗഹൃദം പുതുക്കാനും പരസ്‌പരമുള്ള പ്രാര്‍ഥനകള്‍ക്ക് അഭ്യര്‍ഥിക്കാനും ഈ അവസരത്തെ വിനിയോഗിക്കുന്നു.ഈ വൃത്തം വഴി ഈ സന്ദേശം സഹോദരങ്ങളിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇത് പറയുന്നത് എന്ന അടിവരയോടെ അദ്ദേഹം അഭ്യര്‍ഥിച്ചു.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലുര്‍ പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അഭാവത്തില്‍ വൈസ് പ്രസിഡണ്ട് റഷീദ് കെ.ജി അധ്യക്ഷത വഹിച്ചു.സീനിയര്‍ അംഗങ്ങളായ ഹമീദ് ആര്‍.കെ,ഖമറു കടയില്‍,ഫൈസല്‍ അബൂബക്കര്‍,റഷാദ് കെ.ജി, സെക്രട്ടറി ഷൈതാജ് മൂക്കലെ,സെക്രട്ടറി ഹാരിസ് അബ്ബാസ് എന്നിവര്‍ ചര്‍ച്ചയെ സമ്പന്നമാക്കി.
ജൂലായ് 7 ന് ഗ്രാന്‍ഡ് ഖത്തര്‍ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി വൈകീട്ട് 8.45 ന് തുടങ്ങി 9.45 ന് സമാപിച്ചു.ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചാണ് പിരിഞ്ഞത്.