നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 6 August 2018

ഓര്‍‌മ്മകള്‍ക്ക്‌ തിരി കൊളുത്തി

തിരുനെല്ലൂര്‍:അര നൂറ്റാണ്ടു മുമ്പുള്ള ദാരിദ്ര്യത്തിന്റെ കാലം സ്‌നേഹ സാഹോദര്യങ്ങളുടെ സമ്പന്ന നാളുകളായിരുന്നു.മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം കൊണ്ട്‌ സുദൃഢമായിരുന്ന ബന്ധങ്ങളെ സാഹചര്യങ്ങളുടെ മലക്കം മറിച്ചിലുകളില്‍ ദുര്‍ബലമാകാതെ സൂക്ഷിക്കാന്‍ കഴിഞ്ഞ അപൂര്‍‌വ്വ വ്യക്തിത്വങ്ങളിലൊരായിരുന്നു കറപ്പു.നന്മ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച അനുസ്‌മരണ ചടങ്ങില്‍ ഓര്‍‌മ്മകള്‍ പങ്കുവെക്കുകയായിരുന്നു റഹ്‌മാന്‍.തൂവെള്ള പുഞ്ചിരി കത്തിച്ച്‌ വെച്ച്‌ നാടു നീളെ ഓടി നടന്നിരുന്ന പഴയ കാല സതീര്‍ഥ്യന്‍  ഇനി ഓര്‍‌മ്മ മാത്രം.

നന്മ തിരുനെല്ലൂരിന്റെ സദുദ്യമത്തെ ശ്‌ളാഘിക്കുകയും പരേതന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും 'നന്മ' മുന്നോട്ട് വരണമെന്നും വ്യാപാരി വ്യവസായി പ്രതിനിധി അഭിപ്രായപ്പെട്ടു.

ഹരിതാഭമായ ഗ്രാമാന്തരീക്ഷങ്ങളില്‍ കൊച്ചു കൊച്ചു തീരങ്ങളില്‍ പാട ശേഖരങ്ങള്‍‌ക്ക്‌ കാവലാളുകളായി തലയുയര്‍‌ത്തി നില്‍‌ക്കുന്ന വിവിധ തരം വൃക്ഷങ്ങള്‍.അതിന്റെ മാളങ്ങളിലും ശിഖിരങ്ങളിലും തണലുകളിലും പരിസരങ്ങളിലും സൗകര്യപ്രദമായ വിധത്തില്‍ കൂര തീര്‍‌ത്തവര്‍,കൂടൊരുക്കിയവര്‍,വീടൊരുക്കിയവര്‍,മേടയൊരുക്കിയവര്‍,മനുഷ്യരും മൃഗങ്ങളും പക്ഷികളും ഒരു പോലെ കളി പറഞ്ഞും കഥ പറഞ്ഞും കലഹിച്ചും സ്‌നേഹിച്ചും പരിതപിച്ചും പ്രണയിച്ചും പച്ചയായ ജീവിതത്തിന്റെ പരുക്കന്‍ പഞ്ചായത്ത് വഴികളിലൂടെ നടന്നു പോയവര്‍.ഈ തീരത്ത്‌ നിന്നും ഒരു സുപ്രഭാതത്തില്‍ പ്രിയപ്പെട്ടവരില്‍ ചിലര്‍ അനന്തതയിലേയ്‌ക്ക്‌ പറന്നു പോകുന്നു.അവര്‍ നടന്നു തീര്‍‌ത്ത വഴിയടയാളങ്ങള്‍ മായാതെ മറയാതെ കണ്ണില്‍ പെടുമ്പോള്‍ കണ്ണുകള്‍ നിറയുന്നു.

അവര്‍ പറന്നു പോകുമ്പോള്‍ പൊഴിച്ചിട്ട മനോഹരങ്ങളായ പൊന്‍ തൂവലുകളില്‍ മെല്ലെ ഒന്നു തൊട്ടു തലോടുമ്പോള്‍ ഹൃദയം വിങ്ങുന്നു.പി.എസ്.കെ അനുസ്‌മരണ സദസ്സ് പ്രാര്‍‌ഥനാ പൂര്‍‌വ്വം ഓര്‍ത്തെടുത്തു.

എങ്കിലും മുഴച്ചു നില്‍‌ക്കുന്ന വഴിയടയാളങ്ങള്‍ മുദ്രകളാണെന്ന്‌ ആശ്വസിക്കാനാകുന്നു.ഈ വര്‍‌ണ്ണത്തൂവലുകള്‍ ഒരു ഗ്രാമത്തിന്റെ ശേഷിപ്പാണെന്ന്‌ സമാശ്വസിക്കാന്‍ കഴിയുന്നു.

ഇത്തരം വഴിയടയാളങ്ങളും ശേഷിപ്പുകളും അന്യമാകുന്ന വര്‍‌ത്തമാന കാലത്ത്‌, സാം‌സ്‌കാരികമായി അക്ഷരാര്‍‌ഥത്തില്‍ ദരിദ്രമായിക്കൊണ്ടേയിരിക്കുന്ന കാലത്ത് പി.എസ്‌.കെ ഓര്‍‌മ്മിക്കപ്പെടാതെ പോകരുത് എന്ന നന്മയിലലിഞ്ഞ ചിന്തയാണ്‌ അനുസ്‌മരണ സം‌ഘാടനത്തിന്റെ പ്രചോദനമെന്ന്‌ നന്മയുടെ സം‌ഘാടകര്‍ അടിവരയിട്ടു.

ഗ്രാമത്തിലെ രാഷ്‌ട്രീയ സാമൂഹിക സാം‌സ്‌കാരിക പൊതു പ്രവര്‍‌ത്തന രം‌ഗത്തെ രം‌ഗത്തെ പ്രമുഖരായ എ.കെ ഹുസൈൻ,ഇസ്‌മാഈൽ ബാവ,അബു കാട്ടിൽ,മനോഹർ തിരുനെല്ലൂർ,ശ്രീനിവാസൻ വി.എസ്,ഉസ്‌മാൻ പി.ബി,ജോർജ്‌ ടി.എം, റഷീദ് മതിലകത്ത്,ഹാരിസ്‌ ആര്‍.കെ,ഹനീഫ തട്ടുപറമ്പില്‍,നാസര്‍ വി.എസ്‌,ഹുസൈന്‍ കാട്ടില്‍,ഹുസൈൻ ഹാജി,മുഹമ്മദുണ്ണി പി.കെ,ഷംസുദ്ധീന്‍ പുതിയപുരയില്‍,ഷിഹാബ്‌ എം.ഐ എന്നിവര്‍ ഓര്‍‌മ്മകള്‍ പങ്കു വെച്ചു.

ശരിയാണ്‌..തിരുനെല്ലൂരിന്റെ ശബ്‌ദം നിലച്ചു.വെളിച്ചം അണഞ്ഞു.പി.എസ്‌.കെ എന്ന ചുരുക്കപ്പേരില്‍ തിരുനെല്ലൂരിലും പരിസര ഗ്രാമങ്ങളിലും അറിയപ്പെട്ടിരുന്ന സഹോദരന്‍ കറപ്പുവിന്റെ ആകസ്‌മിക വിയോഗം ഒരു ഗ്രാമത്തെ മുഴുവന്‍ അക്ഷരാര്‍‌ഥത്തില്‍ ദുഃഖത്തിലാഴ്‌ത്തിയിരിക്കുന്നു.വിവിധ ധര്‍‌മ്മ ധാരകളിലുള്ളവര്‍ തമ്മില്‍ ഹൃദയ ബന്ധങ്ങള്‍ നില നിര്‍‌ത്തുന്നതില്‍ ഏറെ ശുഷ്‌കാന്തിയുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു വിട പറഞ്ഞ പ്രിയ സഹോദരന്‍.

വീടുകളിലായാലും,വിദ്യാലയങ്ങളിലായാലും,ആരാധനാലങ്ങളിലായാലും വിളിപ്പുറത്തെന്ന പോലെ ശരവേഗം പ്രത്യക്ഷപ്പെടുമായിരുന്നു.ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ആത്മാര്‍‌ഥമായി നിര്‍‌വഹിക്കുന്നതില്‍ സേവന സന്നദ്ധമായ മനസ്സ്‌ സൂക്ഷിച്ചു പോന്ന സൗഹൃദ നന്മയെ അനുസ്‌മരണ സദസ്സ്‌ പ്രോജ്ജ്വലമാക്കി.കെട്ടുപോയ ആ ദീപ നാളത്തില്‍ നന്മ നിറഞ്ഞ ഓര്‍‌മ്മകള്‍ക്ക്‌ തിരി കൊളുത്തി പ്രകാശിപ്പിച്ചു.