നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 10 April 2021

നന്മതിരുനെല്ലൂരിന്‌ അം‌ഗീകാരം

തിരുനെല്ലൂര്‍:കോവിഡ് -19 രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ , ഈ മഹാമാരിക്കെതിരെ നടത്തിയ പ്രതിരോധ - സാന്ത്വന - ജീവകരുണ്യ പ്രവർത്തനങ്ങളെ പരിഗണിച്ചുകൊണ്ട് നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിക്ക്‌ പൂന കേരള ജമാഅത്തുൽ മുസ്‌ലിമീൻ എന്ന സന്നദ്ധ സംഘടനയുടെ അം‌ഗീകാരം.

നന്മ തിരുനെല്ലൂരിന് വേണ്ടി രക്ഷാധികാരി ആർ.കെ. ഹമീദ് കുട്ടി, ടീം ഫോമോസിന് വേണ്ടി രക്ഷാധികാരി ഷംസാദ് മജീദ്, സെക്രട്ടറി ആഷിഖ് ടി.കെ,ടീം മാനേജർ ഷിഫാസ് എം.എച്ച്, എന്നിവരും വി.എം. കബീറിൽ നിന്നും പ്രസംശാ പത്രം ഏറ്റുവാങ്ങി.നന്മയുടെ സാരഥികളിലൊരാളായ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്‌ എ.കെ. ഹുസൈൻ, നന്മ തിരുനെല്ലൂർ ജനറൽ സെക്രട്ടറി പി.എം.ഷംസുദ്ധീൻ ,  ടീം ഫോമോസ് എന്നിവർക്കും പ്രശംസാപത്രങ്ങൾ സമർപ്പിച്ചു.
.
നന്മ വൈസ് പ്രസിഡണ്ട് വി.എസ്. ജലീൽ സാഹിബിന്റെ വസതിയിൽ ചേർന്ന അനുമോദന യോഗത്തിൽ  ജനറൽ സെക്രട്ടറി പി.എം.ഷംസുദ്ദീൻ സദസ്സിന് സ്വാഗതം ആശംസിച്ചു. നന്മ തിരുനെല്ലൂർ പ്രസിഡണ്ട് റഹ്‌‌മാന്‍ തിരുനെല്ലൂർ  അദ്ധ്യക്ഷത വഹിച്ചു.
 
അര നൂറ്റാണ്ട് പിന്നിട്ട പൂന കേരള ജമാഅത്തുൽ മുസ്ലിമീൻ എന്ന, ജീവകാരുണ്യ സേവന രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു വലിയ സംഘടനയിൽ നിന്നും, ജന സേവന രംഗത്ത് പിച്ചവച്ചു തുടങ്ങുന്ന നന്മ തിരുനെല്ലൂർ എന്ന ചെറിയ സംഘടനക്ക് ലഭിച്ച അംഗീകാരം വിലമതിക്കുന്നതായും ആ സംഘടനയുടെ അമരത്ത് പ്രവർത്തിക്കുന്ന നമ്മുടെ നാട്ടുകാരൻ കൂടിയായ വി.എം. കബീർ സാഹിബിനോട് ബഹുമാനവും ആദരവും നന്ദിയും  അതോടൊപ്പം  അഭിമാനവും ഉണ്ടെന്നും പ്രസിഡണ്ട് പറഞ്ഞു.

ജീവകാരുണ്യ സാമൂഹ്യ സേവന രംഗങ്ങളിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന തന്റെ സംഘടന , നന്മ തിരുനെല്ലൂർ പോലെ സമാന സ്വഭാവമുള്ള സംഘടനകളെ കൂടി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും കഴിയാവുന്ന വിധത്തിൽ സഹായിക്കുകയും ചെയ്യുന്നത് പൂന കേരള ജമാഅത്തുൽ മുസ്ലിമീൻ എന്ന സംഘടനയുടെ ധർമ്മമാണെന്നും മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലെ അശരണർക്ക് സഹായം എത്തിക്കുന്നതു പോലെ കേരളത്തിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നും വി.എം. കബീർ പറഞ്ഞു.

എ.കെ. ഹുസൈൻ മറുപടി പ്രസംഗം നടത്തി. ഈ പരിഗണനയിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും നന്മ നടത്തിയ സമൂഹ വിവാഹത്തിലും 2018 ലെ പ്രളയകാലത്തും സമ്പത്തിക - സാന്ത്വന സഹായങ്ങൾ എത്തിച്ചു നൽകിയ പൂന കേരള ജമാഅത്തുൽ മുസ്ലിമീൻ എന്ന സംഘടനയോടും അതിന്റെ ജനറൽ സെക്രട്ടറി വി.എം. കബീർ സാഹിബിനോടും നന്ദിയും കടപ്പാടും ഉണ്ടെന്നും എ.കെ ഹുസൈൻ പറഞ്ഞു. ടീം ഫോമോസ് ജനറൽ സെക്രട്ടറി ആഷിക് ടി.കെ അം‌ഗീകാരത്തിന്‌ അര്‍‌ഹരായതില്‍ നന്ദി രേഖപ്പെടുത്തി.
 
നന്മയുടെ രക്ഷാധികാരി ആർ.കെ. ഹമീദ് കുട്ടി, വൈസ് പ്രസിഡണ്ട് വി.എസ്. ജലീൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. നന്മ ട്രഷറർ ഇസ്‌‌മാഈല്‍ ബാവ നന്ദി പറഞ്ഞു.