നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 25 April 2021

കുഞ്ഞുമോന്‍ ഹാജി യാത്രയായി

തിരുനെല്ലൂര്‍:വടക്കന്റെ കായില്‍ ആര്‍.വി കുഞ്ഞുമോന്‍ ഹാജി (80 വയസ്സ്) അല്ലാഹുവിലേക്ക്‌ യാത്രയായി.കഴിഞ്ഞ മൂന്ന്‌ ദിവസങ്ങളായി തൃശൂര്‍ ജില്ലാ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മധ്യാഹ്നത്തോടെ ആയിരുന്നു അന്ത്യശ്വാസം വലിച്ചത്. അവസാന നിമിഷങ്ങളില്‍ അവധിയില്‍ നാട്ടിലുള്ള മകന്‍ ഷിഹാബുദ്ദീന്‍ അടുത്തുണ്ടായിരുന്നു.തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍സ്ഥാനില്‍ വൈകീട്ട് ഖബറടക്കം നടക്കും.

തിരുനെല്ലൂര്‍ മഹല്ല്‌ പ്രവര്‍‌ത്തക സമിതിയിലും നാട്ടുകാര്യങ്ങളിലും സജീവമായി രം‌ഗത്തുണ്ടായിരുന്നു.ഖത്തറില്‍ പ്രവാസിയായിരുന്ന കാലത്ത് മഹല്ല്‌ പ്രവാസി സം‌ഘടനയുടെ പ്രവര്‍‌ത്തനങ്ങളിലും സജീവമായിരുന്നു. പ്രായഭേദമില്ലാതെ എല്ലാ പ്രവര്‍‌ത്തക സംരം‌ഭങ്ങളിലും സം‌ഘങ്ങളിലും ഊര്‍‌ജ്ജ്വസ്വലനായ വ്യക്തിത്വം.

മസ്‌ജിദ്‌ ത്വാഹയുടെ പരിപാലനത്തില്‍ നിരന്തരനായ അദ്ദേഹം നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ രക്ഷാധികാരികളില്‍ ഒരാളായിരുന്നു.ഭാര്യ:-റുഖിയ.മക്കള്‍:-ഷിഹാബുദ്ദീന്‍,പരേതനായ ത്വാലിബ്‌, ഹാരിസ്,റമീന മുത്തു.മരുമക്കള്‍:തസ്‌‌നി,വാഹിദ,ഫൗസിയ.
 
നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി ഹാജിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി.അദ്ദേഹത്തിന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കുമാറാകട്ടെ.
 

 
 
 
 
 
 
 
 
 
 
 
 
നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ രണ്ടാം വാര്‍‌ഷകത്തില്‍ ബഹുമാനപ്പെട്ട സാദിഖലി ശിഹാബ്‌ തങ്ങളില്‍ നിന്നും അം‌ഗീകാരം സ്വീകരിക്കുന്നു... 
======
 
നന്മ തിരുനെല്ലൂര്‍ അനുശോചന സന്ദേശം...
....................................
ആർ.വി.കുഞ്ഞുമോൻ ഹാജി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി.

സൗമ്യതയുടെ ആൾരൂപം. മാന്യതയുടെയും പരസ്‌‌പര ബഹുമാനത്തിന്റെയും അനുകരണീയമായ മാതൃകാ വ്യക്തിത്വം. വലുപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും തുല്യതയാർന്ന പെരുമാറ്റം. ഒരു പുഞ്ചിരി ആ ചുണ്ടിൽ എല്ലായ്‌പ്പൊഴും തങ്ങി നിന്നിരുന്നു.

നാട്ടിലെ ദീനീ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സേവനങ്ങളും പ്രവർത്തനങ്ങളും പ്രകീർത്തിക്കപ്പെട്ടിട്ടുള്ളത് സ്‌മരണീയമാണ്. ദികർ ഹൽഖയുടെ സംഘാടനത്തിലും  പള്ളികളുടെയും മദ്രസ്സയുടെയും പരിപാലനങ്ങളിലും അദ്ദേഹം നൽകിയ സേവനങ്ങൾ  എന്നും ഓർമ്മിക്കപ്പെടുന്നതാണ്.

മയ്യിത്ത് പരിപാലനം സ്വന്തം ഉത്തരവാദിത്തം പോലെ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിൽ  അള്ളാഹുവിന്റെ മാർഗ്ഗത്തിൽ  അദ്ദേഹം ആത്മ സംതൃപ്തി അനുഭവിച്ചിരുന്നു. മയ്യിത്ത് പരിപാലനത്തിന്റെ ഓരോ ഘട്ടങ്ങളും കൃത്യമായും വ്യക്തമായും യുവാക്കൾക്ക് പറഞ്ഞു കൊടുക്കാനും അവരെ  പഠിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നല്ലോ...

നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതിയുടെ പ്രാരംഭ ഘട്ടത്തിലും അതിന് ശേഷമുള്ള പ്രവർത്തനങ്ങളിലും താങ്ങായും തണലായും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. നന്മയുടെ പ്രവർത്തനങ്ങൾക്ക് ഉപദേശങ്ങളായും അഭിപ്രായങ്ങളായും സാമ്പത്തികമായും അദ്ദേഹത്തിന്റെ പ്രത്യേകമായ ഒരു കരുതൽ എല്ലായ്പ്പോഴും ഉണ്ടായിരുന്നു. അങ്ങനെ ഒരാൾ കൂടെ ഉണ്ടല്ലോ എന്ന കാര്യത്തിൽ, നന്മയുടെ ഭാരവാഹികൾക്ക് എല്ലായ്പ്പൊഴും  വലിയ ഊർജവും ആത്മവിശ്വാസവുമാണ്  അദ്ദേഹത്തിന്റെ  ആത്മാർത്ഥതയുള്ള ആ കരുതലിലൂടെ ലഭിച്ചു കൊണ്ടിരുന്നത്.

നന്മ  സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, ജല സംരക്ഷണ സെമിനാർ, സമൂഹ വിവാഹം തുടങ്ങിയ ശ്രദ്ധേയമായ പരിപാടികൾക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങളും പിന്തുണയും  സംഘടന എന്നുമെന്നും വിലമതിക്കുന്നു.

വലിയൊരു ശൂന്യത അദ്ദേഹത്തിന്റെ ആകസ്‌മികമായ  വിടവാങ്ങലിലൂടെ അനുഭവപ്പെടുന്നത്.

നമ്മുടെ നാടിന്റെ പൊതു രംഗത്തും ആത്മീയ-സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലും പുരോഗമനപരമായ പ്രവർത്തനങ്ങളിലൂടെ അടയാളപ്പെട്ടു കിടക്കുന്ന  മൺമറഞ്ഞുപോയ പൂർവ്വ സൂരികളുടെ കൂടെ ചേരുവാൻ കുഞ്ഞുമോൻ ഹാജിയും ഇന്ന് പരിശുദ്ധമായ റമളാൻ മാസം 13 - ന് യാത്രയായിരിക്കുന്നു.

ആത്മാർത്ഥമായി സ്നേഹിക്കാനും പരസ്‌പരം മാന്യമായി ഇടപഴകാനും  സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയായിരുന്ന അദ്ദേഹത്തിന് മഗ്‌ഫിറത്തും മറ്ഹമത്തും നൽകുവാനും, ആ മനുഷ്യ സ്നേഹിയുടെ  പരലോക ജീവിതം വിജയത്തിൽ ആകുവാനും നാഥൻ അനുഗ്രഹിക്കട്ടെ - ആമീൻ.

നന്മയുടെ രക്ഷാധികാരിയായിരുന്ന കുഞ്ഞുമോൻ ഹാജിയുടെ വേർപാടിൽ ഏറെ ദുഃഖത്തോടെ ....

നന്മ തിരുനെല്ലൂരിന് വേണ്ടി .....
പ്രസിഡണ്ട്
റഹ്‌മാന്‍ പി തിരുനെല്ലൂര്‍ ...