നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 20 April 2023

ഇഫ്‌ത്വാര്‍ വിരുന്ന് ധന്യമായി

തിരുനെല്ലൂര്‍:-സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തെ പ്രോജ്ജ്വലമാക്കി ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇഫ്‌ത്വാര്‍ വിരുന്ന് ധന്യമായി.ഷറഫു ഹമീദ്, കെ.ജി റഷീദ് തുടങ്ങിയവരുടെ സാരഥ്യത്തില്‍ ഖ്യുമാറ്റ് ഏറെ ശ്ലാഘനീയമായ പ്രവര്‍‌ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാണെന്ന് സദസ്സില്‍ ഓര്‍‌മ്മിപ്പിക്കപ്പെട്ടു.മഹല്ല്‌ പ്രസിഡണ്ട് ജനാബ് ഉമര്‍ കാട്ടില്‍,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ മുന്‍ പ്രസിഡണ്ട് അബു കാട്ടില്‍ എന്നിവര്‍ ആശം‌സകള്‍ നേര്‍‌ന്നു.

മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍ ഖ്യുമാറ്റിനെ ഹ്രസ്വമായി പരിചയപ്പെടുത്തുകയും സന്ദേശം നല്‍‌കുകയും ചെയ്‌തു.മഹല്ല്‌ ഖത്വീബ് അബ്‌‌ദുല്ല അഷറഫി പ്രാര്‍‌ഥന നിര്‍‌വഹിച്ച ഇഫ്‌‌ത്വാര്‍ മജ്‌ലിസില്‍ ഖ്യുമാറ്റ് പ്രതിനിധി സിറാജ് മൂക്കലെ സ്വാഗതമാശം‌സിച്ചു.

തിരുനെല്ലൂര്‍ മഹല്ലിലെ വിവിധ സം‌ഘങ്ങളും സം‌ഘടനാ പ്രതിനിധികളും അം‌ഗങ്ങളും പങ്കെടുത്ത സം‌ഗമം ഹൃദ്യമായ അനുഭവമായി അടയാളപ്പെടുത്തപ്പെട്ടു.യുവാക്കളുടെ നിറ സാന്നിധ്യം ഇഫ്‌‌ത്വാര്‍ സം‌ഗമത്തെ കൂടുതല്‍ മികവുള്ളതാക്കി.സ്വാദിഷ്‌ടമായ വിഭവങ്ങളുടെ രുചി പോലെ എല്ലാ അര്‍‌ഥത്തിലും കെട്ടിലും മട്ടിലും മികച്ചു നിന്ന സൗഹൃദ സദസ്സായിരുന്നു ഇഫ്‌ത്വാര്‍ സം‌ഗമം എന്നു വിലയിരുത്തപ്പെട്ടു.

------------

കേരള സമൂഹത്തില്‍ ഗള്‍‌ഫ് പ്രവാസം ത്വരിതഗതിയില്‍ പുരോഗമിച്ചു കൊണ്ടിരുന്ന 60 കളില്‍ തന്നെ ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ ഒരു സം‌ഘവും സം‌ഘടനയുമായി പ്രവര്‍‌ത്തിച്ചു പോന്നിരുന്നു.ഇടക്കാലത്ത് വെച്ച് നിശ്ചലാവസ്ഥയിലായിരുന്ന പ്രസ്‌തുത സം‌ഘം 2006 ലാണ്‌ പുനഃസം‌ഘടിപ്പിക്കപ്പെട്ടത്.

അറുപതുകളുടെ അവസാനത്തില്‍ നിസ്വാര്‍‌ഥരായ നാട്ടുകാര്‍ നട്ടു തലോടി വളര്‍‌ത്തിയ സം‌ഘം ഘട്ടം ഘട്ടമായി പുരോഗമിച്ചു.എഴുപതുകളിലും എമ്പതു കളിലും ക്രിയാത്മകമായ ഒട്ടേറെ പ്രവര്‍‌ത്തനങ്ങള്‍‌ക്ക് നേതൃത്വം നല്‍കപ്പെട്ടിരുന്നു.തുടര്‍‌ന്നും സാമൂഹ്യ സേവന രം‌ഗത്തെ സജീവമാക്കിയ ആദരണിയരായവര്‍ നേതൃ പദം അലങ്കരിച്ചിട്ടുണ്ട്‌.2006 മുതല്‍ പുതിയ കെട്ടിലും മട്ടിലും ഈ കൂട്ടായ്‌മ വളരാന്‍ തുടങ്ങി.2015 - 2016 പ്രവര്‍‌ത്തക വര്‍‌ഷം മുതല്‍ ഏറെക്കുറെ പുതിയ തലമുറയിലേക്ക് സാരഥ്യം കൈമാറ്റം ചെയ്യപ്പെട്ടു.

മഹാമാരിയുടെ നിശ്ചലാവസ്ഥയില്‍ പോലും ഖ്യുമാറ്റ് പരിമിതികള്‍‌ക്കുള്ളില്‍ നിന്നും സജീവമായിരുന്നു.നാട്ടിലെ സാന്ത്വന സന്നദ്ധ സേവന ആതുര സേവന രം‌ഗത്ത് ഖ്യുമാറ്റ് ശ്ലാഘനീയമായ പ്രവര്‍‌ത്തനങ്ങള്‍ കൊണ്ട് ധന്യമാക്കി.തെരഞ്ഞെടുക്കപ്പെട്ട കുടും‌ബം‌ഗങ്ങള്‍‌ക്കുള്ള മാസാന്ത സഹായം,രോഗികള്‍‌ക്കുള്ള അടിയന്തിര സഹായം,വിവാഹം മറ്റു പ്രാരാബ്‌ദങ്ങള്‍ തുടങ്ങിയവക്കുള്ള സഹായം,പ്രവാസി അം‌ഗങ്ങള്‍‌ക്ക് വേണ്ടിയുള്ള പ്രത്യേക സഹായം  തുടങ്ങി എല്ലാ രം‌ഗങ്ങളിലും അസോസിയേഷന്‍ അടയാളപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്.ഇക്കഴിഞ്ഞ ചതുര്‍‌വര്‍‌ഷത്തില്‍ മാത്രം ഭീമമായ തുക വിവിധ സഹായങ്ങള്‍‌ക്കായി അനുവദിക്കാന്‍ സാധിച്ചതിലുള്ള ചാരിതാര്‍‌ഥ്യത്തിലാണ്‌ ഈ സം‌ഘംവും നേതൃത്വവും.
------------
തെരഞ്ഞെടുക്കപ്പെട്ട കുടും‌ബങ്ങള്‍‌ക്ക്‌ റമദാന്‍ അവസാനത്തില്‍ പ്രത്യേകമായി വിതരണം ചെയ്യാറുള്ള പെരുന്നാള്‍ വിഭവങ്ങളും മാം‌സവും അടങ്ങിയ കിറ്റ് വിതരണത്തിന്റെ ഉദ്‌‌ഘാടനം കാലത്ത് നടന്നു.തിരുനെല്ലൂര്‍ മഹല്ല് അങ്കണത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ മഹല്ല്‌ ഖത്വീബ് അബ്‌ദുല്ല അഷ്‌റഫി,മഹല്ല്‌ പ്രസിഡണ്ട് ഉമര്‍ കാട്ടില്‍,അസീസ് മഞ്ഞിയില്‍,സിറാജ് മൂക്കലെ,മന്‍‌സൂര്‍ അബൂബക്കര്‍, റാഫി ഖാസിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.മഹല്ലിലെ രണ്ട് കരകളിലെയും,മുള്ളന്തറ,മുല്ലശ്ശേരി കുന്നത്ത് എന്നിവിടങ്ങളിലേയും തെരഞ്ഞെടുക്കപ്പെട്ട കുടും‌ബങ്ങളാണ്‌ ഇതിന്റെ ഗുണഭോക്താക്കള്‍.