നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 17 February 2024

കായിക തിരുനെല്ലൂരിലെ മുഹമ്മദന്‍‌സ്

മുഹമ്മദന്‍സിന്റെ അമ്പതാം പിറന്നാള്‍ നിറവില്‍ ഒരു തിരിഞ്ഞു നോട്ടം.എഴുപതുകളുടെ ആദ്യത്തിലായിരുന്നു മുഹമ്മദന്‍‌സ്  കായിക സം‌സ്‌കാരത്തിന്റെ വ്യവസ്ഥാപിതമായ രൂപീകരണം. കാല്‍‌പന്തുകളിയില്‍ പ്രദേശത്തെ പ്രസിദ്ധമായ ടീമായിരുന്നു മുഹമ്മദന്‍സ്‌ തിരുനെല്ലൂര്‍. ജില്ലാതലത്തില്‍ അറിയപ്പെട്ടിരുന്ന കാല്‍ പന്തു മാന്ത്രികരില്‍ തിരുനെല്ലൂര്‍‌ക്കാരന്‍ അബ്‌ദുല്‍ അസീസ് പുത്തന്‍ പുരയുടെ പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.

കളിയിലും കഥയിലും ഒരു പോലെ ഒരേസമയം കളത്തിലിറങ്ങിയ റഹ്‌മാന്‍ തിരുനെല്ലൂരും മുഹമ്മദന്‍സിന്റെ ആദ്യകാല സാരഥികളിലൊരാളായിരുന്നു. പ്രാദേശിക ജില്ലാതല കളികളില്‍ തിളങ്ങിയ പ്രതിഭകളില്‍ പ്രവാസകാലത്ത്‌ വിടപറഞ്ഞ കൂടത്തെ അബ്‌ദുല്‍ മജീദിന്റെ പേരും പ്രസിദ്ധമാണ്‌.പ്രാദേശിക ജില്ലാതല മത്സരക്കപ്പുകളും പതക്കങ്ങളും മുഹമ്മദന്‍സിന്റെ ചരിത്രത്തെ തിളക്കം കൂട്ടുന്നുണ്ട്‌.നാട്ടിലെ യുവ പ്രതിഭകള്‍ കൂട്ടത്തോടെ എന്ന പോലെ പ്രവാസലോകത്തേയ്‌ക്ക്‌ പറന്നതിന്റെ തിക്തഫലങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമങ്കിലും മുഹമ്മദന്‍‌സ്‌ ഇന്നും പ്രൗഡിയോടെ നില നില്‍‌ക്കുന്നുണ്ട്‌. എഴുതപതുകളുടെ രണ്ടാം പകുതിയില്‍ മുഹമ്മദന്‍സ്‌ കൈവരിച്ച നേട്ടങ്ങള്‍ താജുദ്ധീന്‍ എന്‍.വിയും എമ്പതുകളുടെ ആദ്യ പാദം മുതലുള്ള കഥകള്‍ അഷ്‌റഫ്‌ സെ്‌തു മുഹമ്മദും ക്ലബ്ബിന്റെ നിഷ്‌കളങ്കമായ പ്രവര്‍ത്തന നൈരന്തര്യം സൈനുദ്ധീന്‍ ഖുറൈഷിയും പങ്കു വെച്ചു.

മുഹമ്മദന്‍‌സിന്റെ പ്രതാഭകാലം പറയാനൊരുങ്ങി താജുദ്ധീന്‍ എന്‍.വിയുടെ വാചാലത അണപൊട്ടിയൊഴുകി.എഴുപതുകളിലും എമ്പതുകളിലും ക്ലബ്ബ്‌ കൈവരിച്ച പേരും പ്രശസ്‌തിയും വാനോളം വാഴ്‌ത്തിക്കൊണ്ടായിരുന്നു ഈ കാല്‍ പന്ത് ജ്വരക്കാരന്റെ വിവരണം.വീറും വാശിയും കത്തിച്ചു പിടിച്ച്‌ കപ്പും പതക്കങ്ങളും വാരിക്കോരി കൊണ്ടു വന്ന സുവര്‍‌ണ്ണകാലം ഒന്നൊന്നായി വിശദീകരിക്കപ്പെട്ടു.പഞ്ചവടിയിലും,തിരുവത്രയിലും,പുവ്വത്തൂരിലും, ചേറ്റുവയിലും ഒക്കെ മുഹമ്മദന്‍സിന്‌ നല്ല ആരാധക വൃന്ദം തന്നെയുണ്ടായിരുന്നു.അക്കാലത്ത്‌ ചില മത്സരങ്ങളില്‍ മുഹമ്മദന്‍‌സിന്റെ സാന്നിധ്യമറിയിച്ചു കൊണ്ടായിരുന്നു കളിക്കളങ്ങളെ ആവേശം കൊള്ളിച്ചിരുന്നത്.അതു പോലെത്തന്നെ മുഹമ്മദന്‍‌സിന്റെ സാന്നിധ്യമില്ലാതിരിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടന്നതിനും എഴുപതുകള്‍ സാക്ഷിയാണ്‌.ചേറ്റുവയില്‍ സം‌ഘടിപ്പിക്കപ്പെട്ട ടൂര്‍‌ണമന്റില്‍ കളിയുറപ്പിക്കാന്‍ ചില നാട്ടു പ്രമാണിമാരുടെ മധ്യസ്ഥ ശ്രമം പോലും വേണ്ടി വന്നിട്ടുണ്ട്‌.ഒടുവില്‍ മധുര പ്രതികാരമായി ട്രോഫിയും നേടി ജേതാക്കളായാണ്‌ തിരിച്ചത്.തിരുനെല്ലൂര്‍ കടവില്‍ വള്ളമടുക്കുന്നതും കാത്ത്‌ ജനാവലിതന്നെ കാത്ത്‌ നില്‍‌പുണ്ടായിരുന്നതും എന്‍.വി ഓര്‍ത്തെടുത്തു.

മാന്ത്രികമായി പന്തുരുട്ടിപ്പായുന്ന അസീസ്‌ പുത്തന്‍ പുര,പ്രാപിടിയനെപ്പോലെ പറന്നടുക്കുന്ന മൊയ്‌തുണ്ണി ചാങ്കര,സര്‍ഗാത്മകമായി കളം രചിക്കുന്ന റഹ്‌മാന്‍ തിരുനെല്ലൂര്‍,ഗോള്‍ വലയത്തിലെ അക്ഷരാര്‍ഥ കാവല്‍ ഭടന്മാരായ ഹസ്സന്‍ ചിറക്കലും ഷംസുദ്ധീന്‍ തറയിലും ശക്തമായ പ്രതിരോധത്തിന്റെ ആള്‍ രൂപമായിരുന്ന മജീദ്‌ കൂടത്ത്‌,സൂര്യ സുരോഷ്‌ ബാബു,ഹരിഹരന്‍,സോമന്‍ കടവത്ത്‌,ഒന്നിനൊന്നു മികച്ച കുമാരനും,പോള്‍ കൊമ്പനും ഒക്കെ മുഹമ്മദന്‍സിന്റെ തൊപ്പിയില്‍ തുവലുകള്‍ തുന്നിയവരാണ്‌.

അക്കാലത്ത്‌ അനുസരിപ്പിക്കാന്‍ ശ്രമിക്കുന്ന ലീഡര്‍‌മാര്‍ എന്നതിലുപരി അനുസരണ ശീലരായ അണികളായിരുന്നു എന്നു പറയുന്നതാവും കൂടുതല്‍ ഭം‌ഗി.

കേവലം തിരുനെല്ലൂര്‍ കളിക്കൂട്ടം മുഹമ്മദന്‍സായി വളരുകയും പരിപാലനവും,പരിപോഷണവും യഥോചിതം നല്‍‌കപ്പെടാനാവാതിരുന്ന കാലം  പ്രവര്‍ത്തനം തിര്‍ത്തും നിര്‍‌ജീവമായിപ്പോയി.1986 ല്‍ പെരിങ്ങാട്‌ കിഴക്കേകരയില്‍ സഹൃദയ സം‌ഘമാണ്‌ ആര്‍‌ട്ട്‌സ്‌ സെന്റര്‍ എന്ന പേരില്‍ സജീവമായി പ്രവര്‍‌ത്തന നിരതമായത്‌.അതിന്റെ മുന്നില്‍ നടന്നത്‌ സൈനുദ്ധീന്‍ ഖുറൈഷിയായിരുന്നു.അഷറഫ്‌ സെയ്‌തു മുഹമ്മദ്‌,ഷം‌സുദ്ധീന്‍ തെക്കെയില്‍,ഉവൈസ്‌ മഞ്ഞിയില്‍,അബ്‌ദുല്‍ കബീര്‍ വി.എം,ഹമീദ് സെയ്‌തു മുഹമ്മദ്‌,സലീം കൂടത്ത്‌,ഹാരിസ്‌ കൂടത്ത്‌,റഫീഖ്‌ ഹം‌സ,ഖമറു തെക്കെയില്‍ തുടങ്ങിയവരും സഹകാരികളായി കൂടെ ഉണ്ടായിരുന്നു.ആര്‍‌ട്ട്‌സ്‌ സെന്ററിന്റെ ആദ്യ പ്രസിഡണ്ട്‌ എ.കെ ഹുസൈനും സെക്രട്ടറി ഷംസുദ്ധീന്‍ കെ.കെ യുമായിരുന്നു.

സെന്ററിന്റെ പ്രാരംഭ ദിശയില്‍ സഹൃദയരായ നാട്ടുകാരുടെ സഹകരണത്തോടെ നടത്തപ്പെട്ട സം‌ഭാവന സമാഹരണം വലിയ വിജയമായിരുന്നു.കിഴക്കേകരയിലെ ആര്‍.ഒ.കെ വീടൊനോട്‌ ചേര്‍ന്നുള്ള സ്ഥലത്തെ കൊച്ചു കെട്ടിടത്തില്‍ ഒരു മുറി 50 രൂപ മാസ വാടകക്കായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്.അംഗങ്ങളില്‍ നിന്നുള്ള മാസാന്ത വരിസം‌ഖ്യയും കാരം‌സ്‌ കളിക്കാരില്‍ നിന്നും ഈടാക്കിയിരുന്ന വളരെ ലളിതമായ സംഭാവനയും ചേര്‍‌ത്തു വെച്ചു കൊണ്ടായിരുന്നു ദൈനം ദിന കാര്യങ്ങള്‍ നീങ്ങിയിരുന്നത്.പ്രവാസികളായ ചെറുപ്പക്കാര്‍ അവധിയില്‍ വരുമ്പോള്‍ കാര്യമായ ഒരു സം‌ഭാവന ഈടാക്കി പോന്നിരുന്നു.കൂടാതെ വിവാഹത്തിനായെത്തുന്ന ചെറുപ്പക്കാരെ ആര്‍‌ട്ട്‌സെന്റര്‍ കുട്ടികള്‍ കല്ല്യാണ നാളുകളില്‍ നന്നായി പരിചരിക്കുകയും പരിഗണിക്കുകയും  അവരെക്കൊണ്ട്‌ പ്രത്യുപകാരമായി സെന്ററിന്റെ നടത്തിപ്പിലേയ്‌ക്ക്‌ സഹകരിപ്പിക്കുകയും ചെയ്‌തു പോന്നിരുന്നു. മുഹമ്മദന്‍‌സിന്റെ പ്രാരം‌ഭ ഘട്ടത്തില്‍ ദിനേനയുള്ള വായനാ സൗകര്യങ്ങളുടെ പ്രായോജകന്‍ അസീസ്‌ മഞ്ഞിയില്‍ ആയിരുന്നു.

1987ല്‍ വിപുലമായ വാര്‍ഷിക പരിപാടിയും സം‌ഘടിപ്പിച്ചിരുന്നു.താജുദ്ധീന്‍ കുഞ്ഞാമു,അബ്‌ദുല്‍ റഹിമാന്‍ ഹം‌സ,കലാം കണ്ടം പറമ്പില്‍ തുടങ്ങിയ മുഹമ്മദന്‍‌സിന്റെ ഉത്തരവാദപ്പെട്ടവര്‍ ആര്‍‌ട്‌സ്‌ സെന്റര്‍ ഭാരവാഹികളുമായി നടത്തിയ സൗഹൃദ ചര്‍ച്ചയിലൂടെയാണ്‌, ഫലത്തില്‍ നിര്‍‌ജീവമായിരുന്നു മുഹമ്മദന്‍‌സും പ്രവര്‍‌ത്തന നിരതമായിരുന്ന ആര്‍‌ട്ട്‌സ്‌ സെന്ററും തമ്മിലുള്ള ലയനം നടന്നത്‌.പിന്നീട്‌ മുഹമ്മദന്‍‌സ്‌ ആര്‍‌ട്ട്‌സ്‌ സെന്റര്‍ & സ്പോര്‍‌ട്‌സ്‌  എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.ആത്മാര്‍‌പ്പണം ചെയ്‌ത നേതൃനിരയും അതിനിണങ്ങിയ അണികളും തുടങ്ങി വെച്ച ആര്‍ട്ട്‌സ്‌ സെന്റര്‍ ബാനറില്‍ മുഹമ്മദന്‍സ്‌ തിളക്കം മായാതെ നിന്നു എന്നതാണ്‌ പരമാര്‍ഥം.

ലയനം നടന്നതിനു ശേഷം കേരളത്തില്‍ അറിയപ്പെടുന്ന പല മത്സരങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്‌. കേരളോത്സവത്തില്‍ ജില്ലാ പ്രാദേശിക തലങ്ങളില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പഴയകാല സാരഥി കെ.എസ്‌ പങ്കുവെച്ചു.നഗ്ന പാദരായി കളിച്ചിരുന്നവര്‍ കേരളോത്സവത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ബൂട്ട്‌ ധരിച്ച്‌ കളിക്കാന്‍ പരിശീലിച്ചത്.പ്രഗത്ഭരായ താരങ്ങളെ കായിക തിരുനെല്ലൂരിന്‌ സം‌ഭാവന ചെയ്യാന്‍ ക്ലബ്ബിന്‌ സാധിച്ചിട്ടുണ്ട്‌.റഫി കുഞ്ഞാമു,ഹാരിസ്‌ കുഞ്ഞുമോന്‍,ഷരീഫ്‌ കുഞ്ഞാമു,ഷറഫു മൊയ്തുണ്ണീ,സാഫര്‍ പൂത്തോക്കില്‍,ഹിഷാം മഞ്ഞിയില്‍ തുടങ്ങിയവര്‍ നല്ല കായിക പ്രതിഭകളായി ശോഭിച്ചവരായിരുന്നെന്നും അഷ്‌റഫ്‌ വിശദീകരിച്ചു.കേരളോത്സവത്തില്‍ മുല്ലശ്ശേരി പഞ്ചായത്തിലെ ഓവറോള്‍ ചാമ്പ്യന്മാരായി ഉയരാന്‍ കഴിഞ്ഞതും മുഹമ്മദന്‍‌സ്‌ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായം തന്നെ.വിവിധ മത്സരങ്ങളിലൂടെ പോയിന്റ്‌ നില ഉയര്‍‌ത്തുന്നതില്‍ മണ്‍മറഞ്ഞ പുതിയ പുരയില്‍ മുജീബിന്റെ പ്രകടനങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്‌.ഇ.കെ റഫീഖ്‌ ഓട്ടത്തില്‍ മിന്നല്‍ പ്രകടനം നടത്തിയതും സ്‌മരണീയം.ജാവ്‌ലിന്‍,ഷോര്‍‌ട്ട്‌ പുട്ട്‌ എന്നിവയില്‍ ഫാരിസ്‌ മുഹമ്മദ്‌ മഞ്ഞിയില്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടിത്തന്നിട്ടുണ്ട്‌.

പുതിയ പുരയില്‍ ഖമറുദ്ധീന്‍,ഇബ്രാഹീം വി.കെ,അബ്‌ദുല്‍ മജീദ്‌ അബ്‌ദുല്ല തുടങ്ങിയവര്‍ നമ്മുടെ നാടിന്റെ കായിക തിരുനെല്ലുരിനെ നെഞ്ചോട്‌ ചേര്‍ത്ത വ്യക്തിത്വങ്ങളാണ്‌.മുഹമ്മദന്‍സ്‌ സില്‍‌വവര്‍ ജൂബിലി സം‌ഘടിപ്പിക്കപ്പെട്ടതിന്റെ അണിയിലും അണിയറയിലും പ്രവര്‍‌ത്തിച്ചത് അബ്‌ദുല്‍ മജിദ്‌ അബ്‌ദുല്ലയായിരുന്നു.

1990 കള്‍ മുതല്‍ 2000 വരെ മികച്ച ഒരു ഫുട്‌ബോള്‍ ടീം മുഹമ്മദന്‍‌സിനുണ്ടായിരുന്നു.സൈനുദ്ധീന്‍ ഖുറൈഷി ,ഉവൈസ്‌ മഞ്ഞിയില്‍,കബിര്‍.വി.എം,റഫീഖ്‌ പി.കെ,ഖമറു തെക്കെയില്‍,സലീം വി.എച്‌,ഫാരിസ്‌ കൂടത്ത്‌,ഹിഷാം മഞ്ഞിയില്‍,സലാം പി.കെ,ഹാരിസ്‌ ആര്‍.കെ,താജു ഖാദര്‍,അബ്‌ദുല്‍ റഹിമാന്‍ ആര്‍.എച്,ഷൈദാജ്‌ മൂക്കലെ,സാഫര്‍ പൂത്തോക്കില്‍,അഷറഫ്‌ മൊയ്‌തു എന്നിവരായിരുന്നു കളിക്കാര്‍.ഹമീദ്‌ സെയ്‌തു മുഹമ്മദ്‌,ഷംസുദ്ധീന്‍ തറയില്‍ എഴുപതുകളില്‍ അരങ്ങിലും അണിയറയിലും  നിറഞ്ഞു നിന്നവരായിരുന്നു.

1990 കളിലാണ്‌ തിരുനെല്ലൂരില്‍ ക്രിക്കറ്റ് ടീം വളര്‍ന്നു വന്നത്‌.ഉവൈസ്‌ മഞ്ഞിയില്‍,കബീര്‍ ആര്‍.വി,ഷം‌സു തെക്കെയില്‍,ഫാരിസ്‌ കൂടത്ത്,സലീം കൂടത്ത്‌,സാബു ഖാദര്‍ മോന്‍,ഷാജു ഖാദര്‍ മോന്‍,ഹനീഫ അബു,ഹാരിസ്‌ ആര്‍.കെ,ഹിഷാം മഞ്ഞിയില്‍,ഷിഹാബ്‌ ആര്‍.കെ,ഇര്‍‌ഷാദ്‌ ഉമര്‍ ഒക്കെയായിരുന്നു കളിക്കാര്‍.

1992 മുതല്‍   കായിക തിരുനെല്ലൂരിന്റെ ഭൂപടത്തില്‍ ക്രിക്കറ്റ്‌ ബാറ്റുകള്‍ അടയാളപ്പെടുത്തലുകള്‍ നടത്തിത്തുടങ്ങി.

1995 മുതല്‍ 2000 വരെ  മുഹമ്മദന്‍‌സ്‌ ക്രിക്കറ്റ് കേപ്‌റ്റന്‍ പദവി ഷിഹാബ്‌ ആര്‍.കെയുടെ കൈകളില്‍ ഭദ്രമായിരുന്നു.ഇക്കാലയളവില്‍ ഒട്ടേറെ വിജയ ഗാഥകള്‍ മുഹമ്മദന്‍‌സിന്‌ രചിക്കാന്‍ കഴിഞ്ഞു. തന്റെ സമ പ്രായക്കാര്‍‌ക്കും ശേഷം വന്ന ജൂനിയര്‍‌കള്‍‌ക്കും ക്രിക്കറ്റ് ടീമില്‍ നേതൃത്വം നല്‍‌കാന്‍ ഷിഹാബിന്‌ അവസരം ഉണ്ടായി.രണ്ട്‌ തലമുറകളിലും തിരുനെല്ലൂര്‍ ക്രിക്കറ്റില്‍ ശോഭിച്ചവരുടെ പേരുകള്‍ കേപ്‌റ്റന്‍ പങ്കുവെച്ചത്‌ ഇവിടെ പകര്‍‌ത്താം.സാബു ഖാദര്‍ മോന്‍ ,ഷാജു ഖാദര്‍ മോന്‍,താരിസ്‌ കൂടത്ത്‌,ഷാരിസ്‌ കൂടത്ത്‌,മുജീബ്‌ റഹ്‌മാന്‍ കെ.എസ്‌,മുബാറക്‌ കെ.എസ്‌,നാസര്‍ മൊയ്‌തു,ഹിഷാം മഞ്ഞിയില്‍,ഷബീര്‍ മഞ്ഞിയില്‍,ഹാരിസ്‌ ആര്‍.കെ,ഷറഫു കെ.എസ്‌,മുജീബ്‌ കെ.എസ്‌,ഫൈസല്‍ കുഞ്ഞാമു,നൗഷാദ്‌  ഉമര്‍,ഷഫീഖ്‌ പൊന്നേങ്കടത്ത്‌,സ്വാലിഹ്‌ പൊന്നേങ്കടത്ത്‌,കരീംമോന്‍ നാലകത്ത്‌,ഫാഇദ്‌ നാലകത്ത്‌ ,ഫാഇസ്‌ നാലകത്ത്‌ , റമീസ്‌ മഞ്ഞിയില്‍, റഹീസ്‌ മഞ്ഞിയില്‍,ബാബു വടക്കന്‍,രാജു വടക്കന്‍,മുബാറക്‌ അബ്‌ദുല്ലക്കുട്ടി,ഫബി അബ്‌ദുല്ലക്കുട്ടി,ഷഫീഖ്‌ അബ്‌ദുല്ലക്കുട്ടി, ഷമീര്‍‌ അബ്‌ദുല്ലക്കുട്ടി, ഇര്‍‌ഷാദ്‌ ഇസ്‌മാഈല്‍, ഇര്‍‌ഫാന്‍ ഇസ്‌മാഈല്‍,തുടങ്ങിയവരാണ്‌ ക്രിക്കറ്റ്‌ തിരുനെല്ലൂരിന്റെ താരങ്ങള്‍.

ഒരിക്കല്‍ മുഹമ്മദന്‍‌സിന്റെ വാര്‍ഷിക പരിപാടിയിലേയ്‌ക്ക്‌ തൃശൂര്‍ ജില്ലാ സ്‌പോര്‍‌ട്ട്‌സ്‌ കൗണിസില്‍ പ്രസിഡണ്ടിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഒരു നിമിത്തമെന്നോണം ജില്ലാ പൊലീസ്‌ കോച്ചായിരുന്ന ചാത്തുണ്ണി സാറിനെ പരിചയപ്പെടുകയും അദ്ധേഹവും നമ്മുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌തു.ഗ്രാമീണ മേഖലയിലെ കുട്ടികളുടെ കായിക വീര്യത്തെ ഏറെ താല്‍പര്യപൂര്‍‌വ്വം വീക്ഷിച്ചിരുന്ന ചാത്തുണ്ണി സാറിന്‌ തിരുനെല്ലൂരും ഏറെ ഇഷ്‌ടപ്പെട്ടു.ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ തൃശുരില്‍ നടന്നു കൊണ്ടിരുന്ന കോച്ചിങില്‍ മുഹമ്മദന്‍സിന്റെ 6 പേര്‍‌ക്ക്‌ അവസരം നല്‍‌കപ്പെട്ടിരുന്നു.ചാത്തുണ്ണി സാറിനൊപ്പം പിതാം‌ബരന്‍ സാറും കോച്ചിങില്‍ ഉണ്ടായിരുന്നു.രണ്ട്‌ പേരും കേരളത്തിന്റെ കോച്ചുകളായി സ്ഥലം മാറിപ്പോയി.തൃശൂരില്‍ വടക്കെ സ്റ്റാന്റിനടുത്തായിരുന്നു ക്യാമ്പ്‌.സാഫര്‍ പുത്തോക്കില്‍,ഷറഫു മൊയ്‌തുണ്ണി,ഹിഷാം മഞ്ഞിയില്‍,ഹാരിസ്‌ ആര്‍.കെ,ഷരീഫ്‌ എന്‍.വി,ഷൈദാജ്‌ മൂക്കലെ തുടങ്ങിയവര്‍ പ്രസ്‌തുത ക്യാമ്പില്‍ പങ്കെടുത്തിരുന്നു.പക്ഷെ തുടര്‍‌ച്ചയുണ്ടായില്ല.ആറം‌ഗ സം‌ഘത്തിലെ  3 പേരെ പ്രത്യേകം നോട്ടമിട്ടിരുന്നതായി പിന്നീട്‌ ചാത്തുണ്ണി സാര്‍ പങ്കുവെച്ചിരുന്നു.ഏതായാലും കേരളം അറിയപ്പെടുന്ന കളിക്കാരുടെ കൂട്ടത്തില്‍ തിരുനെല്ലൂര്‍‌ക്കാരും ഉണ്ടാകാനുള്ള സുവര്‍‌ണ്ണാവസരം പാഴായത്‌ ഖേദത്തോടെ കെ.എസ് പങ്കു വെച്ചു.

വ്യവസ്ഥാപിതത്വമുള്ള കലാ കായിക കേന്ദ്രം എന്ന നിലയില്‍ ഔദ്യോഗികമായി റജിസ്റ്റ്രര്‍ ചെയ്യപ്പെട്ടത്‌ ഹുസൈന്‍ എ.കെ യുടെ ശ്രമ ഫലമയിട്ടായിരുന്നു.അബ്‌ദുറഹിമാന്‍ ആര്‍.എച്,ഹനീഫ മൊയ്‌തു തുടങ്ങിയവരും ഇവ്വിഷയത്തില്‍ കാര്യമായി രം‌ഗത്തുണ്ടായിരുന്നു.തുടര്‍‌ന്ന്‌ യഥാ സമയം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടു പോന്നിരുന്നു.ഇടക്കാലത്ത്‌ വെച്ച്‌ നിശ്ചലമാകുകയും ചെയ്‌തു.

നല്ല അച്ചടക്കം പാലിച്ചിരുന്നു എന്നത്‌ എടുത്ത്‌ പറയേണ്ട കാര്യമാണ്‌.സമീപ പ്രദേശത്തെ ഗ്രാമീണ സം‌ഘങ്ങള്‍‌ക്കിടയില്‍ മുഹമ്മദന്‍‌സിനെ കുറിച്ച്‌ നല്ല മതിപ്പ്‌ നില നിര്‍ത്താനും സാധിച്ചിട്ടുണ്ട്‌.വാഹന സൗകര്യമൊക്കെ വളരെ പരിമിതമായിരുന്ന എമ്പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും കിഴക്കേകരയിലേക്കുള്ള ഗതാഗതം ഏറെ ദുഷ്‌കരമായിരുന്നു.ടാക്‌സികള്‍ വിളിച്ചാല്‍ കിഴക്കേകരയിലേക്കാണെന്നു പറഞ്ഞാല്‍ വിസമ്മതിച്ചിരുന്ന നാളുകളും ഉണ്ടായിട്ടുണ്ട്‌.അപ്പോഴെക്കെ ഗതാഗതയോഗ്യമാക്കാനുതകും വിധം പാകപ്പെടുത്തുന്നതിലും മണ്ണും കല്ലും അടിച്ച്‌ താല്‍‌കാലിക അറ്റകുറ്റപണികളിലും മുഹമ്മദന്‍‌സിന്റെ പഴയകാല പ്രവര്‍‌ത്തകര്‍ മാതൃക കാട്ടിയിട്ടുണ്ട്‌.അധികാരികളുടെ അവഗണന തുടര്‍ന്നപ്പോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരണത്തിന്‌ ആഹ്വാനം ചെയ്‌തതിന്റെ ചരിത്രവും മുഹമ്മദന്‍സിനുണ്ട്‌.ആഹ്വാനം അക്ഷരാര്‍ഥത്തില്‍ ഫലിക്കും എന്നുറപ്പായപ്പോള്‍ ഇരു മുന്നണികളും ഒത്തു തീര്‍പ്പിനെത്തുകയും കിഴക്കേകര റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലായിരുന്നു ബഹിഷ്‌കരണം പിന്‍ വലിക്കപെട്ടത്‌.

സന്നദ്ധ സേവന രം‌ഗത്ത്‌ മുഹമ്മദന്‍‌സിന്റെ പ്രവര്‍‌ത്തനങ്ങള്‍ മാതൃകാ പരമായ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിച്ചു പോന്നിരുന്നു.രോഗികളെ സന്ദര്‍‌ശിക്കുക,പ്രയാസമുള്ളവരെ കഴിയും വിധം സഹായിക്കുക ഒക്കെയായിരുന്നു പ്രധാനം.രക്തദാനം അതില്‍ ഏറെ ശ്ലാഘിക്കപ്പെട്ട ഒന്നായി വിലയിരുത്തപ്പെടുന്നു.മരണ വീടുകളില്‍ ആദ്യമാദ്യം മുഹമ്മദന്‍‌സ്‌ കുട്ടികളാണ്‌ എത്തുക.അതിനു ശേഷമായിരിക്കും നാട്ടുകാരൊക്കെ അറിയുന്നതു തന്നെ.പഴയ സാരഥി വിശദീകരിച്ചു.

2000 ന്‌ ശേഷം ഒരിടവേളയില്‍ ക്ലബ്ബ്‌ പ്രവര്‍‌ത്തനങ്ങള്‍ തികച്ചും താറുമാറായ കാലത്താണെങ്കില്‍ പോലും നല്ലൊരു കാല്‍ പന്തുകളി ടീം തിരുനെല്ലുരിനുണ്ടായിരുന്നു.തൗഫീഖ്‌ താജുദ്ധീന്‍,ഷഹീര്‍ ഇസ്‌ഹാഖ്‌,ഫാരിസ്‌ മഞ്ഞിയില്‍,റമീസ്‌ മഞ്ഞിയില്‍,ആസിഫ്‌ ചിറക്കല്‍,മുസ്‌തഫ ചിറക്കല്‍,ഫൈസല്‍ ഫാറൂഖ്‌ തുടങ്ങിയ ഈ പ്രതിഭകള്‍ കാല്‍‌പന്തു കളിയിലെ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്‌ചവെച്ചവരാണ്‌.

നാട്ടിലെ സഹൃദയരായ വ്യക്തിത്വങ്ങള്‍ വിവിധ തലങ്ങളിലും രീതികളിലും മുഹമ്മദന്‍‌സുമായി സഹകരിച്ചത് സ്‌മരണീയമാണ്‌.2017 ല്‍ ക്ലബ്ബ്‌ പ്രവര്‍‌ത്തനങ്ങള്‍ തട്ടിയുണര്‍ത്തപ്പെട്ടപ്പോഴും പ്രസ്‌തുത വ്യക്തിത്വങ്ങളുടെ സഹകരണം നിര്‍‌ലോഭം ഉണ്ടായിട്ടുണ്ട്‌.

നാട്ടിലെ കാല്‍‌പന്ത് കളികൂട്ടങ്ങളോടൊപ്പം അവരെക്കാള്‍ കളി ജ്വരം ബാധിച്ച കാരണവന്മാരെയും ഇത്തരുണത്തില്‍ സ്‌മരിക്കാതിരിക്കാന്‍ കഴിയില്ല.പരേതരായ രണ്ട് കുഞ്ഞാമുമാര്‍,കണ്ടത്തില്‍ മമ്മുക്ക, എല്ലാകാര്യങ്ങള്‍‌ക്കും നാടിനോടൊപ്പം എന്ന പോലെ ഓടി നടന്നിരുന്ന അധികാരി ഖാദര്‍ സാഹിബ് തുടങ്ങിയവരാണ്‌ ഓര്‍‌മ്മയിലെത്തിയ ഈ കളി ഭ്രമക്കാര്‍.

ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ മുഹമ്മദന്‍സ്‌ ഖത്തര്‍ എന്ന പേരില്‍ ഒരു കലാകായിക വിഭാഗത്തിന്‌ രൂപം കൊടുത്തിട്ടുണ്ട്‌.തിരുനെല്ലൂരിലെ നല്ലൊരു ശാതമാനം യുവാക്കളെ കര്‍മ്മ സജ്ജരാക്കാനുള്ള ക്രിയാത്മകമായ ഉദ്യമമായി ഈ ചുവടുവെപ്പ്‌ വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.ചുരുങ്ങിയ കാലം കൊണ്ട്‌ ഖത്തറിലെ പ്രവാസികള്‍ക്കിടയില്‍ പ്രസിദ്ധമായ ഒരു കായിക വിഭാഗമായി വളരാന്‍ മുഹമ്മദന്‍‌സ്‌ ഖത്തറിന്‌ സാധിച്ചിട്ടുണ്ട്‌.

താജുദ്ദീന്‍ എന്‍.വിയുടെ നേതൃത്വത്തില്‍ ഹനീഫ,മുസ്‌തഫ എം.എം,നിസാം നസീര്‍,സൈനുദ്ദീന്‍ ഖുറൈഷി,മുജീബ് കെ.എസ്,വാസിം അക്രം, അബ്ബാസ്,അന്‍‌ശദ്,കബീര്‍ ആര്‍.വി,ഇസ്‌മാഈല്‍ ബാവ,ഹുസ്സൈന്‍,യ‌അ്‌കൂബ് എന്നിവരാണ്‌ മുഹമ്മദന്‍‌‌സ് തിരുനെല്ലൂരിനെ നയിക്കുന്നത്. 

സലീം നാലകത്തിന്റെ നേതൃത്വത്തില്‍  ഷൈദാജ്‌ മൂക്കലെ (ടീം മാനേജര്‍ ) റഷീദ്‌ ഖുറൈഷി (ജനറല്‍ സെക്രട്ടറി)ഷറഫു സെ്‌യ്‌തു മുഹമ്മദ് (അസി.സെക്രട്ടറി),റഹ്‌മാന്‍ സഗീര്‍ (അസി.സെക്രട്ടറി‌) ഷഹീര്‍ അഹമ്മദ്‌ (ട്രഷറര്‍ ) ഹാരിസ്‌ അബ്ബാസ്‌(കോഡിനേറ്റര്‍) ഫാസില്‍ അഹമ്മദ്‌ (ടീം കോച്ച്‌) ഷിഹാബ്‌ കുഞ്ഞു മോന്‍ (ടീം ക്യാപ്‌റ്റന്‍) തൗഫീഖ്‌ താജുദ്ധീന്‍ (വൈസ്‌ ക്യാപ്‌റ്റന്‍)  എന്നിവരാണ്‌ മുഹമ്മദന്‍‌സ് ഖത്തറിന്റെ പ്രവര്‍‌ത്തക സമിതി.


തിരുനെല്ലൂര്‍ മഹല്ലില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയവരുടെ കലാ കായിക കൂട്ടായ്‌മയാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തര്‍.വിശാല തിരുനെല്ലൂര്‍ മഹല്ലിനെ പ്രതിനിധീകരിച്ച്‌ ഖത്തറില്‍ പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ സഹകാരികളും സഹചാരികളുമാണ്‌ മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ സജീവാം‌ഗങ്ങള്‍.

===========

സ്‌പോര്‍‌ട്ട്‌സ്‌ ഡസ്‌ക്‌

മഞ്ഞിയില്‍  

 

2021 നവം‌ബര്‍ 14 നാണ്‌ തിരുനെല്ലൂര്‍ സെന്ററിലേക്ക് മുഹമ്മദന്‍‌സിന്റെ ആസ്ഥാനം മാറ്റിപ്പണിതത്.