നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 20 July 2019

മഴ ശക്തം പ്രദേശം ജാഗ്രതയില്‍

തൃശൂര്‍ ജില്ലയിൽ മഴ ശക്തമായി; പലയിടത്തും വെള്ളക്കെട്ട്,ജില്ലയില്‍ മഴ ശക്തമായി. നഗരത്തില്‍ പലയിടങ്ങളിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

തിരുനെല്ലൂര്‍ ഗ്രാമത്തിലും പരിസരങ്ങളിലും കഴിഞ്ഞ വര്‍‌ഷത്തെ പ്രളയക്കെടുതിയെ ഓര്‍‌മ്മിപ്പിക്കും വിധം പല പ്രദേശങ്ങളിലും വെള്ളക്കെട്ട്‌ രൂക്ഷമാണ്‌.

തൃശൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു. തീരദേശ മേഖലയില്‍ കടല്‍ പ്രക്ഷുബ്‌‌ധം. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഞായറാഴ്ച യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നേരത്തെ ശനിയാഴ്ച ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വരും ദിവസങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു. മഴ കനത്തതോടെ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. പലയിടത്തും തടയണ മറികടന്ന് തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് ആഴ്ചകളുടെ ഇടവേളക്കുശേഷം വീണ്ടും കടല്‍ക്ഷോഭം രൂക്ഷമായത്.

കനോലികനാല്‍ കരകവിഞ്ഞൊഴുകിയത് ആശങ്കക്ക് വഴിവച്ചു. ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ വെള്ളക്കെട്ട് അധികം വൈകാതെ ഒഴിവായി. മഴ നീണ്ടുനിന്നാല്‍ പ്രദേശം കൂടുതല്‍ ദുരിതത്തിലാകുമെന്നാണ് സൂചന. കടല്‍ക്ഷോഭം ശക്തമായ മഴയ്‌ക്കൊപ്പം കടപ്പുറം പഞ്ചായത്തിലെ ചേറ്റുവ അഴിമുഖംമുതല്‍ തൊട്ടാപ്പ് ലൈറ്റ്ഹൗസ് വരെ കടലാക്രമണം രൂക്ഷമായി. ഇന്നലെ പുലര്‍ച്ചെമുതല്‍ കടല്‍ ക്ഷോഭിച്ചുതുടങ്ങി. കോളനിപ്പടി, മുനക്കകടവ്, മൂസാ റോഡ്, വെളിച്ചെണ്ണപ്പടി, അഞ്ചങ്ങാടി വളവ്, ആശുപത്രി വളവ്, നോളി റോഡ്, മാളുട്ടി വളവ് എന്നിവിടങ്ങളില്‍ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറിയത് നിരവധി വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. അഹമ്മദ് ഗുരുക്കള്‍ റോഡിന്റെ പല ഭാഗത്തും റോഡുകവിഞ്ഞ് വെള്ളം കിഴക്കോട്ട് ഒഴുകി പോകുന്നുണ്ട്.

കഴിഞ്ഞതവണ കടല്‍ക്ഷോഭം ഉണ്ടായപ്പോള്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥന്മാര്‍ വന്ന് കൂടുതല്‍ അപകട മേഖലകള്‍ അളവെടുത്ത് പോയതല്ലാതെ ശാശ്വത പരിഹാരം ഒന്നും ഇതുവരെ ചെയ്‌തില്ല. കടലാക്രമണ മേഖലകളില്‍ ജില്ലാ കലക്ടര്‍ ഇടപെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

കനത്ത മഴയില്‍ ചാവക്കാട് തീരദേശത്തെ പല റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. രാത്രിയും പകലും ശക്തമായ മഴയാണ് മേഖലയില്‍ ലഭിച്ചത്. ചാവക്കാട് പഞ്ചാരമുക്ക് റോഡില്‍ അങ്ങാടിത്താഴം മേഖലയില്‍ റോഡിനിരുവശത്തെയും കാനകള്‍ കവിഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകി. പാലയൂര്‍ തളിയക്കുളം റോഡിലും കനത്ത വെള്ളക്കെട്ടുണ്ടായി.

കാനകള്‍ വേണ്ടവിധം വൃത്തിയാക്കാത്തതാണ് വെള്ളം റോഡിലൂടെ ഒഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പലയിടത്തും പ്ലാസ്റ്റിക് കുപ്പികളും മറ്റും വന്നടിഞ്ഞ് കാനകളിലൂടെ വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയുണ്ട്. തെക്കന്‍ പാലയൂര്‍, അനു ഗ്യാസ് ഏജന്‍സീസ് റോഡ്, പേരകം റോഡ് തുടങ്ങിയ റോഡുകളെല്ലാം വെള്ളം പൊന്തി ഗതാഗതം തടസപ്പെട്ടു. കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലേറ്റം ശക്തമായി.

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു രണ്ടുദിവസമായി പെയ്‌ത കനത്തമഴയില്‍ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഈവര്‍ഷം കാലവര്‍ഷം തുടങ്ങിയതിനുശേഷം ഏറ്റവും കൂടുതല്‍ വെള്ളം ഒഴുകുന്നത് ഇപ്പോഴാണ്. ഇടവിടാതെ പെയ്‌ത മഴയില്‍ തടയണകളും നിറഞ്ഞു. കൂടപ്പുഴ, കൊമ്പന്‍പാറ, തട്ടുപാറ തടയണകളാണ് കവിഞ്ഞൊഴുകുന്നത്. തട്ടുപാറ തടയണയാണ് ആദ്യം നിറഞ്ഞത്. തടയണയുടെ ഭാഗത്ത് വന്‍ ഒഴുക്കും ചുഴികളുമായി. അതോടെ തടയണകള്‍ക്കടുത്ത് പുഴയില്‍ ഇറങ്ങിക്കുളിക്കുന്നവര്‍ കുറഞ്ഞു. കൂടപ്പുഴ തടയണയ്ക്കു സമീപം നൂറുകണക്കിനാളുകളാണ് കുളിക്കാന്‍ എത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ പുഴയില്‍ ഇറങ്ങുന്നത് അപകടകരമാണ്. തടയണയുടെ ഷട്ടറുകള്‍ മാറ്റിയതിനാല്‍ ശക്തമായ അടിയൊഴുക്കാണ്. മഴയില്‍ പുഴയിലും തോടുകളിലും വെള്ളം എത്തിയതോടെ ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും സാധ്യത തെളിഞ്ഞു. ഈ സീസണില്‍ ഇതുവരെ ഉള്‍നാടന്‍ മത്സ്യബന്ധനം സജീവമായിരുന്നില്ല. മഴ തുടരുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.