നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 16 August 2025

നാടിന്റെ കരുതല്‍

സമൂഹത്തോട് വിശ്വാസി സമൂഹത്തിനുള്ള ഉത്തരവാദിത്തത്തെയും സാമൂഹ്യ പ്രതിബദ്ധതയെയും അടിവരയിട്ട് കൊണ്ട് സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ ക്യാമ്പയിന്‍ വിജ്ഞാന സദസ്സ് ധന്യമായി. 

പ്രാര്‍‌ഥനാ നിര്‍‌ഭരമായ സദസ്സുകളും കേവല ആത്മീയോത്സുകരായ കുറെ വ്യക്തികളും എന്നതിനെക്കാള്‍ നന്മ പ്രസരിപ്പിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന തിന്മയെ വിലക്കുന്ന നിരുത്സാഹപ്പെടുത്തുന്ന ദൈവദാസന്മാര്‍ എന്ന പ്രവാചക ശിക്ഷണത്തിന്റെ കാതലായ മര്‍‌മവും ധര്‍‌മവും വര്‍‌ത്തമാന കാലത്ത് ഏറെ പ്രസക്തമത്രെ.

വിദ്യാലയങ്ങളും കലാലയങ്ങളും എന്തൊക്കെ വൈജ്ഞാനികമായ വിവരശേഖരത്തിന്‌ ഉതകുന്നതായാല്‍ പോലും കുടും‌ബം തന്നെയാണ്‌ നമ്മുടെ മക്കളുടെ ഉന്നതമായ കലാലയം.നന്മ തിന്മകള്‍ ഇഴപിരിച്ചെടുക്കാന്‍ പോലും കഴിയാത്തത്ര സങ്കീര്‍‌ണ്ണമായ കാലത്ത് കാര്യശേഷിയുള്ളവര്‍ തനിക്ക് ചുറ്റുമുള്ള ജീര്‍‌ണ്ണതകളെ വൈകാരികമായി നേരിടുന്നതിനു പകരം വൈചാരികമായും ബുദ്ധിപരമായും കൈകാര്യം ചെയ്യ്ന്നതില്‍ സൂക്ഷ്‌മത പുലര്‍‌ത്തണം.ഒരാളെ എഴിതി തള്ളാന്‍ എളുപ്പം കഴിയും.ചേര്‍‌ത്തു പിടിക്കാനും നേര്‍‌വഴിയിലെത്തിക്കാനുമാണ്‌ പ്രയാസം.ജാഗ്രതാ വിജ്ഞാന സദസ്സ് ഓര്‍‌മിപ്പിച്ചു.

തുറന്നു പറയാനുള്ള ഇടങ്ങളായി കുടും‌ബങ്ങള്‍ മാറണം.ഉയര്‍‌ന്ന ശബ്‌ദങ്ങളല്ല ശാന്തമായ മനോഭാവമാണ്‌ മക്കളുടെയും വേണ്ടപ്പെട്ടവരുടെയും ഹൃദയങ്ങളില്‍ ശക്തമായ സ്വാധീനം തീര്‍‌ക്കുന്നത്,അധാര്‍‌മികതകളെ പ്രത്യക്ഷത്തില്‍ തന്നെ നുള്ളിയിടാത്ത അവസ്ഥയില്‍ വലിയ വിലകൊടുക്കേണ്ട സ്ഥിതിഗതികള്‍‌ക്ക് കാരണമായേക്കും.സദസ്സില്‍ വിശദീകരിക്കപ്പെട്ടു.

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ ഖത്തര്‍ മഹല്ല് അസ്സോസിയേഷന്‍ തുടക്കം കുറിച്ച ക്യാമ്പയിനിന്റെ ഭാഗമായി ആഗസ്‌ത് 15 വെള്ളിയാഴ്‌ച വൈകീട്ട് തിരുനെല്ലൂര്‍ മദ്രസ്സാ അങ്കണത്തില്‍ വെച്ച് സം‌ഘടിപ്പിച്ച ജാഗ്രതാ സദസ്സ് മഹല്ല് പ്രസിഡന്റ്‌ ഉമര്‍ കാട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു.അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ കൂടിയ സം‌ഗമം മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫിയുടെ പ്രാര്‍‌ഥനയോടെയും ആമുഖ സന്ദേശത്തോടെയും ആയിരുന്നു പ്രാരം‌ഭം കുറിച്ചത്.

രാത്രി നമസ്‌കാരത്തിനു മുമ്പ് അവസാനിച്ച ഉദ്‌ഘാടന സെഷനില്‍ മഹല്ല്‌ സെക്രട്ടറി സൈനുദ്ദീന്‍ ഖുറൈഷി ആമുഖവും ഖ്യുമാറ്റ് ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് സ്വാഗത ഭാഷണവും നടത്തി.മഹല്ല്‌ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,സലഫി മസ്‌ജിദ് ഇമാം മുഹമ്മദലി തച്ചമ്പാറ,പാവറട്ടി പൊലീസ് ഇന്‍‌സ്‌പെക്‌ടര്‍ അനുരാജ് എന്നിവര്‍ ആശം‌സകള്‍ നേര്‍‌ന്നു.

പ്രാര്‍‌ഥനക്ക് ശേഷം രണ്ടാമത്തെ സെഷനില്‍ പ്രതീക്ഷയുടെ തീരങ്ങളിലേക്ക് എന്ന വിഷയത്തില്‍ അഡ്വ.മുഹമ്മദ് ഫൈസി ഓണമ്പിള്ളി വിഷയാവതരണം നടത്തി.

അവധിയില്‍ നാട്ടിലുള്ള നേതൃനിരയിലുള്ളവരും പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളും ഷറഫു ഹമീദ്,കെ.ജി റഷീദ്,ഷാഹുല്‍ ഹുസ്സൈന്‍,ഷഹീര്‍ അഹമ്മദ്,സലീം നാലകത്ത്,ഫൈസല്‍ ഫാറൂഖ്  തുടങ്ങിയവര്‍ പ്രതികൂല കാലാവസ്ഥയിലും സം‌ഗമത്തിന്റെ സം‌ഘാടനം മികവുറ്റതാക്കി. വിജ്ഞാന ദാഹികളായ സ്‌ത്രീകളും പുരുഷന്മാരും സദസ്സിനെ സമ്പന്നമാക്കി.എന്നാല്‍ യുവനിരയുടെ വേണ്ടത്ര പ്രാതിനിധ്യം ഉണ്ടായില്ലെന്ന് വിലയിരുത്തപ്പെട്ടു.

വിശിഷ്‌ടാതിഥികളെ ക്ഷണിക്കുന്നതിനും പരസ്യ പ്രചരണവുമായി ബന്ധപ്പെട്ടും മറ്റുമായി മഹല്ലിലെ സീനിയറുകളുടെ സഹായ സഹകരണം ജനറല്‍ സെക്രട്ടറി നന്ദിയോടെ സ്‌മരിച്ചു.

ജാഗ്രതാ സദസ്സ് തീരുമാനിക്കപ്പെട്ടത് മുതല്‍ പ്രവര്‍‌ത്തക സമിതിയോടൊപ്പം വീശേഷിച്ച് മീഡിയാ ഗ്രൂപ്പ് എല്ലാ അര്‍‌ഥത്തിലും പ്രവര്‍‌ത്തന സജ്ജമായത് സം‌ഗമത്തിന്റെ വിജയത്തിന്റെ പ്രധാനഘടകമായി വിലയിരുത്തപ്പെട്ടു.

ഖത്തര്‍ മഹല്ല് അസ്സോസിയേഷന്‍ സെക്രട്ടറി ഷാഹുല്‍ ഹുസ്സൈന്‍ നന്ദി പ്രകാശിപ്പിച്ചു.







Thursday, 7 August 2025

സാമൂഹ്യ സുരക്ഷക്ക്

കേരളത്തിൽ സ്‌കൂൾ വിദ്യാർഥികളിലും യുവാക്കളിലും ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമാകുന്നതായി, സമീപകാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ തെളിയിക്കുന്നു. കേരളം ഇത്തരം ലഹരിമരുന്നുകളുടെ വലിയ വ്യാപാര കേന്ദ്രമായി മാറുകയാണ് എന്നാണ് അധികൃതരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു തലമുറയുടെ ആരോഗ്യത്തെ കാർന്നുതിന്നുന്ന ഈ പ്രശ്‌നത്തെ ഒരു സാമൂഹിക ദുരന്തമായി കണ്ട് എങ്ങനെ നേരിടാം എന്നതിന്‌ യുദ്ധകാലാടിസ്ഥാനത്തിലുള്ള ജാഗ്രത വേണ്ടിവരും.

ലഹരി വസ്​തുക്കൾ വാങ്ങി ഉപയോഗിക്കുക എന്നതിനപ്പുറത്തേക്ക് ഏതാനും കുട്ടികളിൽ നിന്ന് നിരവധി കുട്ടികളിലേക്ക് ലഹരി ഉപഭോഗം പടർത്തിവിടുക, അതുവഴി ഒരു തലമുറയെ മുഴുവൻ ലഹരിക്കടത്തിന്റെ കണ്ണികളാക്കുക എന്നതാണ് ലഹരി കച്ചവടക്കാരുടെ ലക്ഷ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ,കേസുകൾ, എന്നിവ വിശകലനം ചെയ്​താൽ വ്യക്തമാകും.ഈ യുദ്ധഭൂമിയില്‍ ആവേശകരമായ സമീപനങ്ങളേക്കാള്‍ അവധാനതയോടെയുള്ള നീക്കങ്ങളായിരിയ്‌ക്കും അഭികാമ്യം.

നിതാന്ത ജാഗ്രതയോടെ നാടിന്റെ കരുതലില്‍ കൈകോര്‍‌ത്ത് നില്‍‌ക്കാം ...

ആഗസ്‌ത് 15 ന്‌ മഹല്ല് തിരുനെല്ലൂരും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരും സം‌യുക്തമായി ഒരുക്കുന്ന ജാഗ്രതാസദസ്സിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

-----------

പ്രഭാഷകന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി

പ്രതീക്ഷയുടെ തീരങ്ങളിലേക്ക്

തിരുനെല്ലൂറ്റ് മദ്രസ്സാ അങ്കണത്തില്‍

വൈകുന്നേരം 7 മണിക്ക്

==========

Monday, 28 July 2025

പൊന്നേങ്കടത്ത് മോനുട്ടി യാത്രയായി

തിരുനെല്ലൂര്‍:പൊന്നേങ്കടത്ത് കെ.പി മുഹമ്മദ് സാഹിബ് (മോനുട്ടി) (81) അല്ലാഹുവിലേക്ക് യാത്രയായി.കുറച്ച് നാളായി ചിത്സയിലായിരുന്നു. ഖബറടക്കം തിരുനെല്ലൂര്‍ മഹല്ല് ഖബര്‍‌സ്ഥാനില്‍ ഇന്ന്‌ (തിങ്കള്‍) വൈകീട്ട് 3 മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ:ഖദീജ,മക്കള്‍:ഷമീമ സുബൈര്‍,ഷൈജ ആസിഫ്, ഷം‌ന കബീര്‍, സാജിദ്. മരുമക്കള്‍ : സുബൈര്‍, ആസിഫ്,കബീര്‍,തസ്‌ലീമ.

സഹോദരങ്ങള്‍:പരേതനായ ഖാദര്‍ പൊന്നേങ്കടത്ത്, ഹാജി അഹമ്മദ്, ആമിന ഖാദര്‍, (തിരുനെല്ലൂര്‍) പാത്തുമോള്‍ (കോക്കൂര്‍),കയ്യു (കണ്ണോത്ത്).

ഉദയം പഠനവേദി,നന്മ തിരുനെല്ലൂർ സാംസ്ക്കാരിക  സമിതി,ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ തുടങ്ങിയ വിവിധ കൂട്ടായ്‌മകള്‍ സഹൃദയനായ കെ.പി മുഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍  അനുശോചനം രേഖപ്പെടുത്തി.

അല്ലാഹു പരേതന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.

===========

Friday, 18 July 2025

ധന്യമായ സം‌യുക്ത യോഗം

മഹല്ല്‌ തിരുനെല്ലൂര്‍ നേതൃത്വവും പ്രതിനിധികളും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരും സം‌യുക്തമായി കൂടിയിരുത്തം ധന്യമായി.മഹല്ല്‌ പ്രസിഡണ്ട് ഉമര്‍ കാട്ടില്‍,സൈനുദ്ദീന്‍ ഖുറൈഷി,ജമാല്‍ ബാപ്പുട്ടി,ഹാജി ഹുസൈന്‍ കെ.വി,അബ്‌ദുല്‍ വാഹിദ് ദാരിമി,മുസ്‌തഫ എം.എ,താജുദ്ദീന്‍;ഖ്യുമാറ്റ് പ്രസിഡണ്ട് ഷറഫു ഹമീദ്,ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്,വൈസ് പ്രസിഡണ്ട് ആരിഫ് ഖാസ്സിം,തൗഫീഖ് താജുദ്ദീന്‍,ഹാരിസ് അബ്ബാസ്,അബുബിലാല്‍,സലീം നാലകത്ത്.പ്രതിനിധി അസ്‌ലം ഖാദര്‍ മോന്‍,സ്ഥിരം ക്ഷണിതാവ് ഹാജി ഹുസൈന്‍ കെ.വി എന്നിവരും കൂടിയിരുത്തത്തില്‍ പങ്കെടുത്തു.

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന ക്യാമ്പയിന്‍ രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട ചര്‍‌ച്ചകളിലും മഹല്ലിന്റെ ദൈന്യം ദിന കാര്യങ്ങളുടെ സുഖമമായ സാമ്പത്തിക സുഭദ്രതക്ക് വേണ്ടിയുള്ള ആസുത്രണങ്ങളുമായി ബന്ധപ്പെട്ട ചര്‍‌ച്ചകളിലും എല്ലാവരും സജീവമായി പങ്കെടുത്തു. 

ക്യാമ്പയിനിന്റെ ഭാഗമായി രക്ഷിതാക്കള്‍‌ക്കുള്ള ബോധവത്കരണത്തിന്റെ പ്രാധാന്യം അടിവരയിടപ്പെട്ടു.രക്ഷിതാക്കള്‍‌ക്ക് വേണ്ടി ഉചിതമായൊരു പരിപാടി നൂറുല്‍ ഹിദായ മദ്രസ്സയില്‍ വെച്ച് സം‌ഘടിപ്പിക്കാമെന്ന് ധാരണയിലെത്തി.യുവാക്കളിലേക്ക് ക്യാമ്പയിന്‍ സന്ദേശമെത്തിക്കുന്നതിന്റെ ഭാഗമായി ഖ്യുമാറ്റ് പ്രതിനിധികളുടെ സാന്നിധ്യത്തിലും സഹകരണത്തിലും നടത്താനുദ്ദേശിക്കുന്ന പരിപാടികളും ചര്‍‌ച്ചയില്‍ ഉയര്‍‌ന്നു വന്നു.ഒരുമിച്ചുള്ള യാത്ര എന്ന ആശയമാണ്‌ ഏകദേശം പരിഗണിക്കപ്പെട്ടത്.പ്രായഭേദമന്യെ ഇഴയടുപ്പമുണ്ടാക്കാന്‍ യാത്ര ഉപകരിച്ചേക്കും എന്നും വിലയിരുത്തപ്പെട്ടു.

ക്യാമ്പയിനിന്റെ ഭാഗമായി പൊതുസമൂഹത്തെ ഉദ്ദേശിച്ചുള്ള പരിപാടി ഖ്യുമാറ്റ് തീരുനമാത്തിനു ശേഷം സാധ്യമാകുന്നവിധം സഹകരിക്കാനുള്ള മഹല്ലിന്റെ സന്നദ്ധത യോഗത്തില്‍ അറിയിച്ചു.

പള്ളിപ്പറമ്പില്‍ വിവിധയിനത്തിലുള്ള കാര്‍ഷിക വിളകളും സാമ്പത്തിക നേട്ടം ലഭിക്കുന്ന ഇതര കൃഷികളും എന്ന ആശയങ്ങളും പങ്കുവെക്കപ്പെട്ടു.

പള്ളിക്കും മദ്രസ്സക്കും മാസാന്തം വലിയ ഒരു തുക ചിലവ് വരുന്നുണ്ട്.ഇത്തരം അനിവാര്യമായ ചെലവുകൾ നിർവ്വഹിച്ച് സുഗമമായി മഹല്ലിനെ മുന്നോട്ട് നയിക്കുവാൻ ഉചിതമായ വരുമാന സ്രോതസ്സുകൾ കണ്ടെത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

മഹല്ലിനെ കൂടുതൽ സാമ്പത്തിക സ്വയം പര്യാപ്തമാക്കുവാനുതകുന്ന പ്രൊജക്റ്റ്കൾക്ക് രൂപം നൽകുവാനും യോഗത്തിൽ അഭിപ്രായങ്ങൾ ഉണ്ടായി.

തഖ്‌വാ (മഞ്ഞിയില്‍) മസ്‌ജിദിലേക്ക് സുഖമായ പാതയൊരുക്കാന്‍ സ്ഥലം അനുവദിച്ച കാട്ടില്‍ സഹോദരങ്ങളുടെ ഉദാരതയും പാതയുടെ നിര്‍‌മാണത്തിന്റെ പ്രായോജകരകാന്‍ സന്നദ്ധതയോടെ മുന്നിട്ടിറങ്ങിയ വി.എസ് അബ്‌ദുല്‍ ജലീല്‍ , ഹാജി ഹുസൈന്‍ കെ.വി (അല്‍ തുറൈഫി) സഹോദരങ്ങളുടെ സേവനസന്നദ്ധതയും ശ്‌ളാഘനീയമാണെന്നു സം‌യുക്ത സമിതി വിശേഷിപ്പിച്ചു.മാതൃകാപരമായ സദ്‌കര്‍‌മങ്ങളുടെ മുന്‍ നിരക്കാരായ സുമനസ്സുകള്‍‌ക്കായി പ്രത്യേകം പ്രാര്‍‌ഥിക്കുകയും ചെയ്‌തു.

പ്രതീക്ഷകള്‍ ജനിപ്പിക്കുന്ന സം‌യുക്തമായ കൂടിയിരുത്തത്തില്‍ പങ്കെടുത്ത അം‌ഗങ്ങള്‍ സം‌തൃ‌പ്തി രേഖപ്പെടുത്തി.ഖ്യുമാറ്റ് പ്രവര്‍‌ത്തക സമിതിയിലും പ്രസ്‌തുത വിഷയങ്ങള്‍ ചര്‍‌ച്ചചെയ്യാനുള്ള സാധുതയും സാധ്യതയും നാടിനും നാട്ടുകാര്‍‌ക്കും അനുകൂലമാകുമെന്ന പ്രതീക്ഷയോടെ പ്രാര്‍‌ഥനയോടെ യോഗം അവസാനിച്ചു.

അല്ലാഹു നമ്മുടെ സദുദ്യമങ്ങളെ വിജയിപ്പിച്ചു തരുമാറാകട്ടെ.
========
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍










Saturday, 12 July 2025

ഷാജി യാത്രയായി

ആര്‍.കെ അബൂബക്കര്‍ എന്ന ഷാജി (56) എളവള്ളി അല്ലാഹുവിലേക്ക്‌ യാത്രയായി.നാളെ (13.07.25 ഞായര്‍) കാലത്ത് പണ്ടാറക്കാട് മഹല്ല് ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.

ആദ്യഭാര്യയില്‍ നാല്‌ മക്കളുണ്ട്.രണ്ടാമത് വിവാഹം കഴിച്ച ജമീലയില്‍ ഖാസിം എന്ന മകനുണ്ട്.

ഖ്യുമാറ്റ് പ്രവര്‍‌ത്തക സമിതി അം‌ഗം കിഴക്കയില്‍ ഹാരിസ് അബ്ബാസിന്റെ അമ്മാവനാണ്‌ ഷാജി.പിതാവ്‌ കുഞ്ഞുബാവു,മാതാവ് ഫാത്തിമ കിഴക്കയില്‍.

സഹൃദയനായ ഷാജിയുടെ പെട്ടെന്നുള്ള വിയോഗത്തില്‍ എളവള്ളി വ്യാപാരി വ്യവസായി യൂണിറ്റ്, ഉദയം പഠനവേദി,നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി, ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍, തുടങ്ങിയ സം‌ഘടനകളും, നാട്ടുകൂട്ടങ്ങളും പ്രവാസി കൂട്ടായ്‌മകളും അനുശോചനം രേഖപ്പെടുത്തി.

അല്ലാഹു പരേതന്റെ പാരത്രിക ജീവിതം പ്രകാശപൂരിതമാക്കി അനുഗ്രഹിക്കട്ടെ.

==========


Friday, 11 July 2025

നാടിന്റെ നാടിമിടിപ്പ്

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി സൂം ഓണ്‍ ലൈവില്‍ പ്രസിഡന്റ് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.കൃത്യമായ അജണ്ടകളുമായി കൂടിയ യോഗം അം‌ഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് ധന്യമായി.

മഹല്ലിന്റെ - നാടിന്റെ കാര്യത്തില്‍ സാധ്യമാകുന്നത്ര സഹകരിക്കുക എന്നതാണ്‌ ഖ്യുമാറ്റിന്റെ പ്രഖ്യാപിത നയം.ഒന്നിന്റെയും പിതൃത്വം ചേര്‍‌ക്കപ്പെടണം എന്നതല്ല അസോസിയേഷന്റെ രീതി.നാടിനും നാട്ടുകാര്‍‌ക്കും ഉപകാരപ്പെടുക എന്നതാണ്‌ നമ്മുടെ ആത്മാര്‍‌ഥമായ തേട്ടം.അധ്യക്ഷന്‍ ആമുഖത്തില്‍ വ്യക്തമാക്കി.

ഇവിടെ ആരും സമിതിയുടെ ഉത്തരവാദിത്തങ്ങളില്‍ മാത്രം മുഴുകിയിരിക്കുന്നവരല്ല.പരമാവധി സമയമുണ്ടാക്കി സാധ്യമാകുന്നത്ര പ്രവര്‍‌ത്തിക്കുകയാണ്‌.അതിനാല്‍ ഇതിലെ പ്രവര്‍‌ത്തന നൈരന്തര്യത്തിലെ നിംനോനതകളെ ആരോഗ്യകരമായി വായിച്ചെടുക്കണമെന്നും അധ്യക്ഷന്‍ ഓര്‍‌മിപ്പിച്ചു. 

മഹല്ലിന്‌ വേണ്ടി മാസാന്തം നിശ്ചിത വിഹിതം അയച്ചു കൊടുക്കാനുള്ള മുന്‍ തീരുമാനം കഴിഞ്ഞ മാസം മുതല്‍ സെക്രട്ടറി ഷാഹുല്‍ ഹുസ്സൈനിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കാനയതായി സദസ്സില്‍ വിശദീകരിക്കപ്പെട്ടു.

മാസാന്തമുള്ള സാന്ത്വന സേവന പരിപാടികള്‍ യഥാവിധി നടക്കുന്ന കാര്യവും പങ്കുവെക്കപ്പെട്ടു

അസോസിയേഷന്റെ പ്രവര്‍‌ത്തക സമിതിയിലേക്ക് അനിവാര്യമായും ചേര്‍‌ക്കപ്പെടേണ്ട രണ്ട് പേരെ കുറിച്ച് (അബുബിലാല്‍,ഫിറോസ് അഹമ്മദ്) ജനറല്‍ സെക്രട്ടറി അം‌ഗങ്ങളെ ധരിപ്പിച്ചു.എല്ലാവരുടേയും അഭിപ്രായ സമവായത്തോടെ ആകാമെന്ന് ധാരണയായി.

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന പ്രമേയത്തെ ആസ്‌പദമാക്കിയ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ രണ്ടാം ഘട്ടം മഹല്ലുമായി സഹകരിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ ലഭിക്കുന്ന മറുപടിയനുസരിച്ച് തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാമെന്ന് ധാരണയിലെത്തി.

വരും ദിവസങ്ങളില്‍ നേതൃനിരയിലുള്ളവര്‍ അധികവും നാട്ടിലെത്തിയാല്‍ മുഖാമുഖം തന്നെ സം‌സാരിച്ച് ഒരു തീരുമാനത്തിലെത്താന്‍ സാധിക്കും എന്ന് അധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.(യോഗവസാനത്തില്‍ മഹല്ലില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നു)

ഏതൊരു പദ്ധതിയും അവതരിപ്പിക്കുക എന്നതിലുപരി ഓരോ ഘട്ടത്തിലെയും പ്രവര്‍‌ത്തനങ്ങള്‍ എത്രത്തോളം സമൂഹത്തിന്‌ ഉപകാരപ്പെടുന്നു എന്ന അന്വേഷണം അനിവാര്യമാണെന്നും കേവലമായ പരിപാടികള്‍ എന്നതിനെക്കാള്‍ എത്രത്തോളം പ്രയോജനപ്രദമാണ്‌ എന്നതില്‍  ശുഷ്‌കാന്തി ഉണ്ടാകണം എന്നും നിരീക്ഷിക്കപ്പെട്ടു.

മഹല്ലിന്റെ സുഭദ്രമായ ഭാവി ലക്ഷ്യം വെച്ചുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍‌ച്ച അധ്യക്ഷന്‍ തുടക്കമിട്ടു.പ്രവാസികള്‍ പുതിയ ആശയങ്ങളും ആസൂത്രണങ്ങളും വിഭാവനകളും തയാറാക്കുന്നതിന്റെ ആദ്യപടിയായി തുടക്കം മുതല്‍ തന്നെ മഹല്ലുമായി കാര്യങ്ങള്‍ കൂടിയാലോചിക്കുന്നത് നന്നായിരിയ്‌ക്കും എന്ന് അം‌ഗങ്ങള്‍ അഭിപ്രായപ്പെട്ടു.ഒപ്പം ഇതര ഗള്‍‌ഫ് പ്രവാസി കൂട്ടായ്‌മകളുമായും ഇത്തരം വിഷയങ്ങള്‍ പങ്കുവെക്കുന്നതും കൂടെ കൂട്ടുന്നതിന്റെ ആവശ്യകതയും സൂചിപ്പിക്കപ്പെട്ടു. 

ലാഭകരമായ കൃഷി രീതികള്‍‌ക്ക് പുറപ്പെടും മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാതലത്തിലുമുള്ള സാധുതയും സാധ്യതയും പഠിക്കണമെന്നും നിരീക്ഷിക്കപ്പെട്ടു.

നാട്ടില്‍ നിന്നും പുതുതായി വരുന്നവര്‍‌ക്കും,ഒരുപക്ഷെ ജോലി സം‌ബന്ധമായി പ്രയാസം അനുഭവിക്കുന്നവര്‍‌ക്കും ഒക്കെ സഹായകരമാകുന്ന വിധം സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ഉയര്‍‌ന്ന സാഹചര്യത്തില്‍ കൃത്യമായി പഠിച്ച ശേഷം നമുക്കാവുന്നവിധം നടപ്പിലാക്കാന്‍ സാധിച്ചേക്കും എന്ന് അധ്യക്ഷന്‍ പ്രതികരിച്ചു. 

ഇത്തവണ ഹജ്ജ് കര്‍‌മം നിര്‍‌വഹിച്ച് തിരിച്ചെത്തിയ സാന്ത്വനം കണ്‍‌വീനര്‍ സമീര്‍ കുഞ്ഞുമോന്റെ സാന്നിധ്യം പ്രസിഡന്റ്‌ പ്രത്യേകം പരാമര്‍‌ശിക്കുകയും സ്‌നേഹാഭിവാദ്യങ്ങള്‍ നേരുകയും ചെയ്‌തു .

ജനറല്‍ സെക്രട്ടറി കെജി റഷീദിന്റെ പ്രാര്‍‌ഥനയോടെ തുടങ്ങിയ യോഗം രണ്ട് സെഷനുകളിലായി രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.

==========



Saturday, 28 June 2025

സാക്ഷാല്‍‌കരിക്കപ്പെട്ട സ്വപ്‌നം

മുല്ലശ്ശേരി കുന്നത്ത് താമസിക്കുന്ന വിധവയായ ഒരു സ്‌ത്രീ ഒരു വാടക വീട്ടിലായിരുന്നു താമസം.മാസാന്തം ലഭിക്കുന്ന ഒരു വിഹിതം ജീവിതം കൂട്ടിമുട്ടിക്കാന്‍ തന്നെ വലിയ പ്രയാസത്തിലായിരുന്നു.ഈ സാധു സ്‌ത്രീയുടെ സ്വന്തമായൊരു കിടപ്പാടം എന്ന സ്വപ്‌നസാക്ഷാല്‍‌കാരം എങ്ങിനെ സാധ്യമാകും എന്ന ചിന്ത കുറച്ചു നാളായി മനസ്സില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും എവിടെ തുടങ്ങണമെന്നറിയുമായിരുന്നില്ല.

അതിന്നിടെ വാടക്ക് താമസിക്കുന്ന വാടകവീട് വില്‍‌ക്കാന്‍ ഉദ്ദേശിക്കുന്നതായി അറിയാന്‍ കഴിഞ്ഞു.സ്വാഭാവികമായും മറ്റൊരു സ്ഥലം താമസിക്കാന്‍ കണ്ടെത്താന്‍ ഇവര്‍ നിര്‍‌ബന്ധിതയായി.എന്തിന്‌ മറ്റൊരു സ്ഥലം കണ്ടെത്തണം ഇവര്‍‌ക്ക് ഇതു വാങ്ങിയാല്‍ മതിയല്ലോ എന്നായിരുന്നു സഹധര്‍‌മിണിയുടെ അഭിപ്രായം.ഭീമമായ തുകയൊന്നും അല്ല.എല്ലാവരും കൂടെ മനസ്സ് വെച്ചാല്‍ പൂര്‍‌ത്തീകരിക്കാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസവും കൂടെ പകര്‍‌ന്നപ്പോള്‍ പിന്നെ കാര്യങ്ങള്‍ ഓരോന്നും യഥാവിധി നടന്നു.

ഞാനും കുടും‌ബവും അയല്‍വാസിയും കുടും‌ബവും ചേര്‍‌ത്തു പിടിച്ചു.ഒപ്പം കുന്നത്തെ മഹല്ല് നേതൃത്വവും.പ്രസ്‌തുത വിവരങ്ങള്‍ സം‌ക്ഷിപ്‌തമായി ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ നേതൃത്വവുമായി പങ്കുവെക്കപ്പെട്ടപ്പോള്‍ ലഭിച്ച അനുഭാവപൂര്‍‌ണ്ണമായ മറുപടി ഏറെ ശ്ലാഘനീയമായിരുന്നു.ആദ്യ ഗഡു ഖ്യുമാറ്റിന്റെ സമാഹരണമായിരുന്നു. രണ്ടാമത്തെ ഗഡു അയല്‍‌വാസി അഹമ്മദ് കബീര്‍ സാഹിബിന്റെയും  ഒമാനില്‍ നിന്നുള്ള സുഹൃത്തുക്കളുടെയും സമാഹരണവും ആയിരുന്നു. ബാക്കി തുക റജിസ്‌ട്രേഷന്‍ സമയത്ത് കൊടുക്കാനുള്ളത് ഖത്തറില്‍ സ്വരൂപിക്കാനും കഴിഞ്ഞു.

ചില സാങ്കേതിക കാരണങ്ങളാല്‍ യഥാസമയം റജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാതെ വന്നിരുന്നു. കഴിഞ്ഞ ദിവസം (ജൂണ്‍ 28 ) ആണ്‌ രജിസ്‌ടേഷന്‍ നടന്നത്.മുഴുവന്‍ തുകയും ബന്ധപ്പെട്ടവര്‍‌ക്ക് കൈമാറി.അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒരു കൊച്ചു പുരയിടവും ഒരു തുണ്ട് ഭൂമിയും വലിയകത്ത് ആമിനുത്താക്ക് സ്വന്തം.

പ്രതീക്ഷ വെച്ച പലരും യഥാവിധി പരിഗണിക്കാതിരുന്നതില്‍ മനസ്സില്‍ വേദന ജനിപ്പിച്ചിരുന്നു.എന്നാല്‍ പ്രതീക്ഷിക്കാത്ത വിധത്തില്‍ ചിലതൊക്കെ നേടാനും സാധിച്ചു.റമദാനിലെ സമാഹരണങ്ങളുടെ പെരുമഴക്കാലത്തും സുമനസ്സുകള്‍ പ്രിയപ്പെട്ട സഹോദരങ്ങള്‍ പരമാവധി തങ്ങളുടെ വിഹിതങ്ങള്‍ നല്‍‌കിയപ്പോള്‍ ഒരു സ്വപ്‌നം സാക്ഷാല്‍‌കരിക്കപ്പെടുകയായിരുന്നു.

ആത്മവിശ്വാസത്തോടെ പടച്ച തമ്പുരാനില്‍ ഭരമേല്‍‌പ്പിച്ച് നിശ്ചയ ദാര്‍‌ഢ്യത്തോടെ  ഇറങ്ങിപ്പുറപ്പെട്ടാല്‍ പൂര്‍‌ത്തീകരിക്കാന്‍ സാധിക്കാത്ത ഒന്നുമില്ല.

കൂടെ നിന്നവര്‍‌ക്കും പ്രേരിപ്പിച്ചവര്‍‌ക്കും ഒരിക്കല്‍ കൂടെ നന്ദി പ്രകാശിപ്പിക്കുന്നു.

കരുണാവാരിധിയായ അല്ലാഹു ഈ സദുദ്യമം സ്വീകരിക്കുമാറാകട്ടെ.

===========





















Saturday, 21 June 2025

ആസാദ് യാത്രയായി

അബ്‌ദുല്‍ കലാം ആസാദ് ഉമര്‍ഭായിയുടെ ജനാസ തിരുനെല്ലൂര്‍ മഹല്ല് ഖബര്‍‌സ്ഥാനില്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.ജൂണ്‍ 20 ന്‌ അബുദാബിയില്‍ വെച്ച് പുലര്‍‌ചയ്‌ക്കായിരുന്നു അന്ത്യം. ജൂണ്‍ 21 നാണ്‌ മൃതദേഹം നാട്ടിലേക്കെത്തിച്ച് ഖബറടക്കം നടന്നത്.

പുവത്തൂര്‍ പരേതനായ വലിയകത്ത് ഉമര്‍‌ഭായിയുടെ മകനാണ്‌ ആസാദ്.പഠനത്തിലും പഠനാനന്തരവും ജോലിയിടങ്ങളിലും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച പരിശ്രമശാലിയായിരുന്നു അബ്‌ദുല്‍ കലാം ആസാദ്.

എമിറേറ്റ്‌സിലായിരുന്നു പ്രവാസത്തിന്റെ തുടക്കം. ഇടവേളയില്‍ ഖത്തറിലും ഉണ്ടായിരുന്നു.വീണ്ടും തിരിച്ച് എമിറേറ്റ്‌സിലേക്ക് പോയി കുടും‌ബത്തോടൊപ്പം അബുദാബിയിലായിരുന്നു.

നാട്ടിലും പ്രവാസലോകത്തും ഉള്ള പ്രാദേശിക കൂട്ടായ്‌മകള്‍ ആസാദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

മാതാവ്‌ ഐഷമോള്‍.ഭാര്യ:സബിത.മകന്‍ മെഹബിന്‍.മൂന്ന് സഹോദരന്മാര്‍: നാഷാദ്, ഇര്‍‌ഷാദ്, ഷം‌സാദ്. സഹോദരിമാര്‍: റുഖ്‌സാന, റഹാന, റസിയാന, നാഹിദ.സഹോദരീ ഭര്‍‌ത്താക്കന്മാര്‍:ജബ്ബാര്‍,ഷം‌സു കടയില്‍,ഹംസ,നൗഷാദ്.

അബ്‌ദുല്‍ കലാം ആസാദിന്റെ ആകസ്‌മിക മരണവിവരം അറിഞ്ഞത് മുതല്‍ എല്ലാ സഹായ സഹകരണങ്ങളുമായി മുന്നിട്ടിറങ്ങിയ പ്രവാസത്തിലും നാട്ടിലും ഉള്ള വ്യക്തിത്വങ്ങളോടും കൂട്ടായ്‌മകള്‍‌ക്കും കലാമിന്റെ കുടും‌ബം നന്ദി രേഖപ്പെടുത്തി.പരേതന്റെ പാരത്രിക വിജയത്തിനായി പ്രത്യേകം പ്രാര്‍‌ഥിക്കാനും അഭ്യര്‍‌ഥിച്ചു.

==========

ഷിഹാബ്‌ ഇബ്രാഹീമിന്റെ ഒരു അനുശോചന കുറിപ്പ്

വിശ്വസിക്കാനാവാത്ത വിയോഗം. പ്രിയപ്പെട്ട ആസാദ് ഭായ്....

മരണം സുനിശ്ചിതമാണ്.പക്ഷെ ചില മരണങ്ങൾ നമ്മെ വല്ലാതെ നൊമ്പരപ്പെടുത്തും. ഈറനണിയിക്കും.,ഹൃദയ വേദനയോടെ അത് നമ്മുടെ കൂടെനിൽക്കും ഓർമകളിൽ നിന്ന് അടർന്നു പോകില്ല.നമ്മുടെ നിത്യ ജീവിതത്തിൽ വിശേഷങ്ങൾ പരസ്പരം പങ്ക് വെച്ച് സജീവമായി ഇടപെട്ടിരുന്ന ഒരാൾ എവിടെയോ എന്തൊക്കെയോ പറയാൻ ബാക്കിവെച്ച്‌ പെട്ടെന്ന് ഒരു ദിവസം യാത്രയാകുന്നു!!

ഒരു അർധവിരാമത്തിന്റ  മൗനത്തിനിടയിലെവിടയോ വെച്ച് നമുക്കാരെയും നഷ്ടപ്പെടാമെന്ന മരണമെന്ന യാഥാർഥ്യത്തെ അതിന്റെ എല്ലാവേദനയെയും നഷ്ടങ്ങളെയും  അംഗീകരിച്ചു സ്വീകരിക്കുക.

ഓരോ മരണവും ജീവിച്ചിരിക്കുന്ന നമുക്ക് പാഠമാണ് മരണം നമ്മുടെ പിന്നിലും പതുങ്ങി നിൽക്കുന്നുണ്ട്.ജീവിത രംഗത്തെ തിരക്കുകൾക്കും ആകുലതകൾക്കുമിടയിലും നാട്ടിലെയും, കുടുംബത്തിലെയും വിശേഷങ്ങൾ അറിയാൻ  സമയം കണ്ടെത്തുകയും നിറഞ്ഞ പുഞ്ചിരിയോടെ എല്ലാകാര്യങ്ങളിലും സൗഹൃദങ്ങളിലും തന്റേതായ വേറിട്ടൊരിടം കണ്ടെത്തുകയും ചെയ്ത പ്രിയപ്പെട്ട സഹോദരൻ ആസാദ് ഭായിയുടെ ആകസ്മിക വിയോഗം ഒരു നൊമ്പരമായി നമ്മുടെയൊക്കെ ഹൃദയങ്ങളിൽ പ്രാർത്ഥനയോടെ എന്നും നിലനിൽകട്ടെ.....

സൗഹൃദങ്ങളിഷ്ടപ്പെടുകയും സ്‌നേഹത്തിൽ ചാലിച്ച വാക്കുകളുമായി ഹൃദയന്തരാളങ്ങളിൽ ഇടം നേടുകയും ചെയ്ത  സഹോദരൻ നാഥനിലേക്ക് യാത്രയായിരിക്കുന്നു...

അല്ലാഹു മർഹമത്തും മഗ്‌ഫിറത്തും നൽകി സ്വർഗത്തിന്റെ അവകാശികളിൽ ഉൾപ്പെടുത്തുമാറാകട്ടെ...

ജീവിച്ചിരിക്കുന്ന മാതാവിനും ഭാര്യ, മകൻ, സഹോദരി സഹോദരന്മാർക്കും കുടുംബാംഗങ്ങൾക്കും ക്ഷമയും സമാദാനവും അനുഗ്രഹിച്ചരുളുമാറാകട്ടെ...

ഷിഹാബ്‌ ഇബ്രാഹീം ...

==========

Wednesday, 11 June 2025

ദുരന്തമായി വിനോദയാത്ര

ദോഹ ഖത്തര്‍: കെനിയയിൽ അഞ്ചു മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ബസ്സിലുണ്ടായിരുന്നത് 32 പേരാണെന്നാണ് അറിയുന്നത്. ജൂൺ ആറിന് ബലിപെരുന്നാൾ ദിനത്തിൽ ഖത്തറില്‍ നിന്ന്  മൂന്ന് ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവവറും ഉള്‍പ്പെടെയാണിത്. 14 മലയാളികളും കർണാടക, ഗോവ സ്വദേശികളും സംഘത്തിലുണ്ടായിരുന്നു. പ്രാദേശികസമയം  തിങ്കളാഴ്ച വൈകീട്ട് നാലുമണിക്കായിരുന്നു അപകടം.

അപകടത്തില്‍ മരണപ്പെട്ട രണ്ട്‌പേര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് സ്വദേശികളായ ഉമ്മയും മകളുമാണ്‌.കുറ്റിക്കാട്ട് ചാലില്‍ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്‌ന (29),മകള്‍ റൂഹി മെഹ്‌റിന്‍ (18 മാസം).

പാലക്കാട് കോങ്ങാട്‌ മണ്ണൂര്‍ പുത്തന്‍ പുര രാധാകൃഷ്‌ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (8),തിരുവല്ല സ്വദേശിനിയായ ഗീത ജോഷി ഐസക് (58),എന്നിവരാണ്‌ മരിച്ച മറ്റു മലയാളികള്‍. 

മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെയും പ്രവാസി കാര്യവകുപ്പിന്റെയും  ഒക്കെ ഇടപെടലുകളിലൂടെ പുരോഗമിക്കുന്നുണ്ട്.

വെങ്കിടങ്ങ് തൊയക്കാവ് സ്വദേശിയായ മുഹമ്മദ് ഹനീഫ് ഉള്‍‌പ്പെടെ പരിക്കേറ്റ 27 പേരെ ന്യാഹരുരു കൗണ്ടി റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതനായ മുഐമിന്‍ മാഷുടെ സഹോദരന്‍ ഹനീഫ് ഹാജിയുടെ മകനാണ്‌ മുഹമ്മദ് ഹനീഫ്.നകുരു കൗണ്ടിയില്‍ നിന്ന്‌ ലൈക്കിപിയ കൗണ്ടിയിലേക്ക് ന്യാഹുരു തോം‌സണ്‍ വെള്ളച്ചാട്ടം കാണാന്‍ പോകുന്നതിന്നിടെയാണ്‌ അപകടത്തില്‍ പെട്ടത്.

ശക്തമായ മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി മരത്തില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നുവെന്ന് കെനിയൻ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബസ് ഏകദേശം പത്ത് മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. ബസിന്‍റെ മേൽകൂരകൾ തകർന്ന നിലയിലാണ്​ താഴെ പതിച്ചത്​.

വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വെച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിയുകയായിരുന്നു.മസായിമാരാ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ന്യാഹുരൂരുവിലേക്കും അവിടെ നിന്ന് നാകുരുവിലേക്കുമുള്ള യാത്രയിലായിരുന്നു വിനോദസഞ്ചാരികള്‍.

സേവന പ്രവര്‍‌ത്തകരും ഔദ്യോഗിക അനൗദ്യോഗിക സന്നദ്ധസേവകരും രം‌ഗത്തുണ്ട്.അപകട വിവരം അറിഞ്ഞതു മുതല്‍ ചാവക്കാട് തിരുനെല്ലൂര്‍ സ്വദേശി ഷരീഫ് അഹമ്മദ് വിശദാം‌ശങ്ങള്‍ പങ്കുവെക്കുന്നതിലും സേവന പ്രവര്‍‌ത്തനത്തിലും സജീവ സാന്നിധ്യമാണ്‌.



Saturday, 31 May 2025

ഹാദി അഫ്‌സല്‍

ഗ്രീൻ വാലി അക്കാദമിയുടെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ  ഹാദി അഫ്‌സല്‍, ഒന്നാംസ്ഥാനം നേടിയിരിക്കുന്നു.ഹാദി യുടെ ഭാവി പഠനത്തിലും ജീവിതത്തിലും എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ.

ഉദയം പഠനവേദി,നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി തുടങ്ങിയ പ്രാദേശിക കൂട്ടായ്‌മകള്‍ ആശംസകൾ നേര്‍‌ന്നു.

Saturday, 24 May 2025

കോവിഡ് ജാഗ്രതാ നിര്‍‌ദേശം

കോവിഡ് ബാധിതരുടെ എണ്ണം വര്‍‌ദ്ദിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പ്രാദേശിക ആരോഗ്യവകുപ്പുകള്‍ ജാഗ്രതാ നിര്‍‌ദേശം നല്‍‌കിയിരിക്കുന്നു.

സംസ്ഥാനത്ത് കോവിഡ് ബാധിരുടെ എണ്ണമുയരുന്നു. ഏപ്രില്‍ വരെ നൂറില്‍ താഴെ നിന്ന കോവിഡ് ബാധിതരുടെ എണ്ണം മേയ് മാസത്തില്‍ 273 ആയി ഉയര്‍ന്നു. രോഗലക്ഷണമുളളവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍‌കി. ചെറിയ തോതിലാണെങ്കിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. 

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത് കോട്ടയത്താണ്. 82 പേര്‍ക്കാണ് രോഗബാധ. തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപനം ഉണ്ടായതിനു പിന്നാലെയാണ് കേരളത്തിലും രോഗബാധിതരുടെ എണ്ണമുയരുന്നത്. 

ഗര്‍ഭിണികള്‍, ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ തുടങ്ങി അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ രോഗപരിശോധന നടത്തുന്നത്. ഇനി മുതല്‍ ജലദോഷം, തൊണ്ട വേദന , ചുമ , ശ്വാസതടസം തുടങ്ങിയ ലക്ഷങ്ങളുമായി ചികില്‍സ തേടുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍‌കി. ആശുപത്രികളില്‍ മാസ്‌ക്‌ നിര്‍ബന്ധമാക്കി. ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശമുണ്ട്.

തൃശൂര്‍ - മുല്ലശ്ശേരി ആരോഗ്യ കേന്ദ്രത്തില്‍ നിന്നും  പ്രാദേശിക തലത്തില്‍ പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ് നല്‍‌കിയിട്ടുണ്ട്.


Friday, 23 May 2025

ഉയര്‍‌ന്ന വിജയത്തില്‍ ഉമര്‍ ഫാരിസ്

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി, ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക - പ്രവാസി  കൂട്ടായ്‌മകള്‍ ആശം‌സകള്‍ നേര്‍‌ന്നു.രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍‌ക്കുന്ന വിജയ പരമ്പരകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.

ഉമർ ഫാരിസ് ഫൈസല്‍ കരീം  +𝟐 പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു.നന്മതിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി പ്രവര്‍‌ത്തക സമിതി അം‌ഗം ഫൈസല്‍ കരീമിന്റെ മകനാണ്‌.

പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമർ ഫാരിസിന്‌ ഭാവി ജീവിതത്തില്‍ ഉന്നതികളിലെത്താനാകട്ടെ എന്ന്‌ ആശം‌സാ സന്ദേശത്തില്‍ അറിയിച്ചു.

Thursday, 22 May 2025

തമീം ത്വാലിബിന്‌ വിജയത്തിളക്കം

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി, ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക - പ്രവാസി  കൂട്ടായ്‌മകള്‍ ആശം‌സകള്‍ നേര്‍‌ന്നു.രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍‌ക്കുന്ന വിജയ പരമ്പരകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.

 പരേതനായ വടക്കന്റെകായില്‍ ത്വാലിബിന്റെ മകന്‍ തമീം ത്വാലിബ് +𝟐 പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു.

പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച തമീം ത്വാലിബിന്‌ ഭാവി കലാലയ ജീവിതത്തിലെ വിജ്ഞാന വിഥികളില്‍ കൂടുതല്‍ പ്രശോഭിക്കാനാകട്ടെ എന്ന് ആശിക്കുന്നു.ആശം‌സാ സന്ദേശത്തില്‍ അറിയിച്ചു.

തിളക്കത്തോടെ റിസ്‌വാന

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി, ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക - പ്രവാസി  കൂട്ടായ്‌മകള്‍ ആശം‌സകള്‍ നേര്‍‌ന്നു.രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍‌ക്കുന്ന വിജയ പരമ്പരകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.

ഷിഹാബ് ഇബ്രാഹീമിന്റെ മകൾ ഫാത്വിമ റിസ്‌വാന  +𝟐 പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു.കഴിഞ്ഞ വര്‍‌ഷങ്ങളില്‍ പത്താം തരത്തിലും മദ്രസ്സാ പൊതു പരീക്ഷയിലും ഒക്കെ പത്തരമാറ്റ് വിജയം നേടിയ റിസ്‌വാന വീണ്ടും തന്റെ പഠന മികവ് തെളിയിച്ചിരിക്കുന്നു.

പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച ഫാത്വിമ റിസ്‌വാനയുടെ ഭാവി ജീവിതത്തിലെ പാഠ പഠന വിജ്ഞാന വിഥികള്‍ പ്രശോഭിക്കട്ടെ എന്ന് ആശിക്കുന്നു.ആശം‌സാ സന്ദേശത്തില്‍ അറിയിച്ചു.

പരീത് ചിറക്കല്‍ വിടപറഞ്ഞു

തിരുനെല്ലൂർ പരേതനായ ചിറക്കൽ മുഹമ്മദാജിയുടെ മകൻ പരീത് സാഹിബ്‌ മരണപ്പെട്ട വിവരം  അറിയിക്കുന്നു. ഖബറടക്കം 23.05.25 (വെള്ളിയാഴ്‌ച) രാവിലെ 10 മണിക്ക് തിരുനെല്ലൂർ ജുമാ മസ്‌ജിദ് ഖബര്‍സ്ഥാനിൽ നടക്കും.പരേതന്റെ പാരത്രിക ജീവിതം അല്ലാഹു പ്രകാശപുരിതമാക്കി അനുഗ്രഹിക്കട്ടെ.

Tuesday, 13 May 2025

നിഹാലിന്‌ അഭിനന്ദനങ്ങള്‍

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി ആശം‌സകള്‍ നേര്‍‌ന്നു.

നന്മ തിരുനെല്ലൂർ സാം‌സ്‌ക്കാരിക സമിതിയുടെ പ്രവര്‍‌ത്തക സമിതി അംഗം ഷിയാസ് അബൂബക്കറിന്റെ  മകൻ മുഹമ്മദ് നിഹാൽ CBSE Plus 2 സയൻസ് സ്ട്രീം എക്സാം 95.8% Full A1 ൽ വിജയം നേടാനായതിന്റെ സന്തോഷം പങ്കുവെക്കപ്പെട്ടു.

പാഠ്യ പാഠ്യേതര രം‌ഗത്ത് മികവ്‌ തെളിയിച്ച മുഹമ്മദ്‌ നിഹാലിന്  ഉന്നതങ്ങളില്‍ എത്തിച്ചേരാന്‍ കഴിയട്ടെ എന്ന് നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ അഭിനന്ദന സന്ദേശത്തില്‍ അറിയിച്ചു.