നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label പ്രവര്‍‌ത്തക സമിതി. Show all posts
Showing posts with label പ്രവര്‍‌ത്തക സമിതി. Show all posts

Friday, 11 July 2025

നാടിന്റെ നാടിമിടിപ്പ്

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി സൂം ഓണ്‍ ലൈവില്‍ പ്രസിഡന്റ് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.കൃത്യമായ അജണ്ടകളുമായി കൂടിയ യോഗം അം‌ഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് ധന്യമായി.

മഹല്ലിന്റെ - നാടിന്റെ കാര്യത്തില്‍ സാധ്യമാകുന്നത്ര സഹകരിക്കുക എന്നതാണ്‌ ഖ്യുമാറ്റിന്റെ പ്രഖ്യാപിത നയം.ഒന്നിന്റെയും പിതൃത്വം ചേര്‍‌ക്കപ്പെടണം എന്നതല്ല അസോസിയേഷന്റെ രീതി.നാടിനും നാട്ടുകാര്‍‌ക്കും ഉപകാരപ്പെടുക എന്നതാണ്‌ നമ്മുടെ ആത്മാര്‍‌ഥമായ തേട്ടം.അധ്യക്ഷന്‍ ആമുഖത്തില്‍ വ്യക്തമാക്കി.

ഇവിടെ ആരും സമിതിയുടെ ഉത്തരവാദിത്തങ്ങളില്‍ മാത്രം മുഴുകിയിരിക്കുന്നവരല്ല.പരമാവധി സമയമുണ്ടാക്കി സാധ്യമാകുന്നത്ര പ്രവര്‍‌ത്തിക്കുകയാണ്‌.അതിനാല്‍ ഇതിലെ പ്രവര്‍‌ത്തന നൈരന്തര്യത്തിലെ നിംനോനതകളെ ആരോഗ്യകരമായി വായിച്ചെടുക്കണമെന്നും അധ്യക്ഷന്‍ ഓര്‍‌മിപ്പിച്ചു. 

മഹല്ലിന്‌ വേണ്ടി മാസാന്തം നിശ്ചിത വിഹിതം അയച്ചു കൊടുക്കാനുള്ള മുന്‍ തീരുമാനം കഴിഞ്ഞ മാസം മുതല്‍ സെക്രട്ടറി ഷാഹുല്‍ ഹുസ്സൈനിന്റെ നേതൃത്വത്തില്‍ തുടക്കം കുറിക്കാനയതായി സദസ്സില്‍ വിശദീകരിക്കപ്പെട്ടു.

മാസാന്തമുള്ള സാന്ത്വന സേവന പരിപാടികള്‍ യഥാവിധി നടക്കുന്ന കാര്യവും പങ്കുവെക്കപ്പെട്ടു

അസോസിയേഷന്റെ പ്രവര്‍‌ത്തക സമിതിയിലേക്ക് അനിവാര്യമായും ചേര്‍‌ക്കപ്പെടേണ്ട രണ്ട് പേരെ കുറിച്ച് (അബുബിലാല്‍,ഫിറോസ് അഹമ്മദ്) ജനറല്‍ സെക്രട്ടറി അം‌ഗങ്ങളെ ധരിപ്പിച്ചു.എല്ലാവരുടേയും അഭിപ്രായ സമവായത്തോടെ ആകാമെന്ന് ധാരണയായി.

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന പ്രമേയത്തെ ആസ്‌പദമാക്കിയ ലഹരിക്കെതിരെയുള്ള ക്യാമ്പയിന്‍ രണ്ടാം ഘട്ടം മഹല്ലുമായി സഹകരിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‌ ലഭിക്കുന്ന മറുപടിയനുസരിച്ച് തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാമെന്ന് ധാരണയിലെത്തി.

വരും ദിവസങ്ങളില്‍ നേതൃനിരയിലുള്ളവര്‍ അധികവും നാട്ടിലെത്തിയാല്‍ മുഖാമുഖം തന്നെ സം‌സാരിച്ച് ഒരു തീരുമാനത്തിലെത്താന്‍ സാധിക്കും എന്ന് അധ്യക്ഷന്‍ പ്രത്യാശ പ്രകടിപ്പിച്ചു.(യോഗവസാനത്തില്‍ മഹല്ലില്‍ നിന്നും അനുകൂലമായ പ്രതികരണം ലഭിച്ചിരുന്നു)

ഏതൊരു പദ്ധതിയും അവതരിപ്പിക്കുക എന്നതിലുപരി ഓരോ ഘട്ടത്തിലെയും പ്രവര്‍‌ത്തനങ്ങള്‍ എത്രത്തോളം സമൂഹത്തിന്‌ ഉപകാരപ്പെടുന്നു എന്ന അന്വേഷണം അനിവാര്യമാണെന്നും കേവലമായ പരിപാടികള്‍ എന്നതിനെക്കാള്‍ എത്രത്തോളം പ്രയോജനപ്രദമാണ്‌ എന്നതില്‍  ശുഷ്‌കാന്തി ഉണ്ടാകണം എന്നും നിരീക്ഷിക്കപ്പെട്ടു.

മഹല്ലിന്റെ സുഭദ്രമായ ഭാവി ലക്ഷ്യം വെച്ചുള്ള വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍‌ച്ച അധ്യക്ഷന്‍ തുടക്കമിട്ടു.പ്രവാസികള്‍ പുതിയ ആശയങ്ങളും ആസൂത്രണങ്ങളും വിഭാവനകളും തയാറാക്കുന്നതിന്റെ ആദ്യപടിയായി തുടക്കം മുതല്‍ തന്നെ മഹല്ലുമായി കാര്യങ്ങള്‍ കൂടിയാലോചിക്കുന്നത് നന്നായിരിയ്‌ക്കും എന്ന് അം‌ഗങ്ങള്‍ അഭിപ്രായപ്പെട്ടു.ഒപ്പം ഇതര ഗള്‍‌ഫ് പ്രവാസി കൂട്ടായ്‌മകളുമായും ഇത്തരം വിഷയങ്ങള്‍ പങ്കുവെക്കുന്നതും കൂടെ കൂട്ടുന്നതിന്റെ ആവശ്യകതയും സൂചിപ്പിക്കപ്പെട്ടു. 

ലാഭകരമായ കൃഷി രീതികള്‍‌ക്ക് പുറപ്പെടും മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാതലത്തിലുമുള്ള സാധുതയും സാധ്യതയും പഠിക്കണമെന്നും നിരീക്ഷിക്കപ്പെട്ടു.

നാട്ടില്‍ നിന്നും പുതുതായി വരുന്നവര്‍‌ക്കും,ഒരുപക്ഷെ ജോലി സം‌ബന്ധമായി പ്രയാസം അനുഭവിക്കുന്നവര്‍‌ക്കും ഒക്കെ സഹായകരമാകുന്ന വിധം സേവനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ഉയര്‍‌ന്ന സാഹചര്യത്തില്‍ കൃത്യമായി പഠിച്ച ശേഷം നമുക്കാവുന്നവിധം നടപ്പിലാക്കാന്‍ സാധിച്ചേക്കും എന്ന് അധ്യക്ഷന്‍ പ്രതികരിച്ചു. 

ഇത്തവണ ഹജ്ജ് കര്‍‌മം നിര്‍‌വഹിച്ച് തിരിച്ചെത്തിയ സാന്ത്വനം കണ്‍‌വീനര്‍ സമീര്‍ കുഞ്ഞുമോന്റെ സാന്നിധ്യം പ്രസിഡന്റ്‌ പ്രത്യേകം പരാമര്‍‌ശിക്കുകയും സ്‌നേഹാഭിവാദ്യങ്ങള്‍ നേരുകയും ചെയ്‌തു .

ജനറല്‍ സെക്രട്ടറി കെജി റഷീദിന്റെ പ്രാര്‍‌ഥനയോടെ തുടങ്ങിയ യോഗം രണ്ട് സെഷനുകളിലായി രണ്ട് മണിക്കൂറോളം നീണ്ടു നിന്നു.

==========



Sunday, 4 May 2025

സമൂഹം ഉണരണം

ഖത്തര്‍ മഹല്ല്‌ അസ്സോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ സിറ്റി ഓഫീസില്‍ ചേര്‍‌ന്നു.ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്‌ പ്രാരം‌ഭം കുറിച്ചു.അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ ആമുഖ ഭാഷണത്തിത്തിന്‌ ശേഷം അജണ്ടകള്‍ ഓരോന്നും ചര്‍‌ച്ചക്ക് വിധേയമാക്കി.

വലിയ ഒരുക്കങ്ങളോടെയും പ്രചരണങ്ങളോടെയും സാമൂഹ്യ ക്ഷേമ സം‌സ്‌ക്കരണ പ്രവര്‍‌ത്തനങ്ങള്‍‌ക്ക് സജ്ജമായാലും സമൂഹത്തിന്‌ ഉപകാരം ലഭിക്കുന്ന തരത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ ഓരോ അജണ്ടയും അവധാനതയോടെ കൈകാര്യം ചെയ്യുമ്പോഴാണ്‌ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ എന്ന് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. 

പൊതുവെയുള്ള സാമൂഹ്യ ഘടനയും നാടിന്റെ പൊതു കാര്യങ്ങളും മഹല്ലിന്റെ ഭാവിയും വര്‍‌ത്തമാനവും വര്‍‌ത്തമാന  കാലത്തെ സാം‌സ്‌കാരിക അപജയങ്ങളും പുതിയ തലമുറയെ കുറിച്ചുള്ള ആശയും ആശങ്കളും പങ്കുവെക്കപ്പെട്ടു.ധര്‍‌മവും അധര്‍‌മവും എല്ലാകാലത്തും ഉണ്ട്.സ്വീകരിക്കലും തിരസ്‌കരിക്കലും പുതുമയുള്ള കാര്യവുമല്ല.കൃത്യമായ രണ്ട് വഴികളുണ്ട്. ഏതു വേണമെങ്കിലും മനുഷ്യന്‌ സ്വീകരിക്കാം.ഇതില്‍ തിന്മയുടെ വഴി മുമ്പെന്നെത്തെക്കാള്‍ അത്യാകര്‍‌ഷകമായി മോഹിപ്പിക്കും വിധം മലര്‍‌ന്നു കിടക്കുകയാണ്‌.

ഇങ്ങനെ ഒരു പശ്ചാത്തലത്തില്‍  കേവലമായ നിസ്വാര്‍‌ഥതയും അതിനൊത്ത ആഗ്രഹങ്ങളും അതിലുപരിയുള്ള അഭിനിവേശവും കൊണ്ട് മാത്രം പുതിയകാല പ്രവണതകളും വൈകൃതങ്ങളും സ്വഭാവ ദൂഷ്യങ്ങളും ജീര്‍‌ണ്ണതകളും  നിര്‍‌മാര്‍‌ജനം ചെയ്യാന്‍ സാധിക്കുകയില്ല.

രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെ തന്നെ സമീപനങ്ങളില്‍ കാര്യമായ മാറ്റം കാലഘട്ടത്തിന്റെ തേട്ടമാണ്‌.ഇവിടെ പാടിപ്പതിഞ്ഞ പേടിപ്പെടുത്തലുകളും ഇതര ശാസനാ ശിക്ഷണ രീതികള്‍‌ക്കും മേലെ,ധാര്‍‌മികമായ ചട്ടക്കൂടുകളുടെ ശക്തമായ പിന്‍ബലത്തോടെ ബാല്യ കൗമാരങ്ങളെ ചേര്‍‌ത്ത് പിടിക്കാനുള്ള നൂതനവും തന്ത്രപരവുമായ മാര്‍‌ഗങ്ങള്‍ അവലം‌ബിക്കുകയാണ്‌ അഭിലഷണീയം. വഴികേടുകളിലേക്കുള്ള വഴിയടക്കുന്നതിന്റെ ഭാഗമായി സുഭദ്രമായ പുതിയ സങ്കേതങ്ങളിലേക്ക് മക്കളെ തിരിച്ചുവിടാനുള്ള മാര്‍‌ഗങ്ങളാണ്‌ ഒരുങ്ങേണ്ടതും ഒരുക്കേണ്ടതും. 

നിഷ്‌കളങ്കമായ മനസ്സിന്റെ ഉടമകളില്‍ നിഷ്‌പ്രയാസം സാധിച്ചെടുത്തിരുന്ന കാര്യങ്ങള്‍,ഏറെ ആയാസപ്പെട്ടാലും കഴിയാത്തത്ര ദൂരത്താണ്‌ പുതിയ കാലത്തിന്റെ ഭൂമിക.വിശ്വാസികളെ സം‌ബന്ധിച്ച് മതപരമായ അഥവാ ആത്മീയമായ മാനം വലിയ സാധ്യത തന്നെയാണ്‌.എന്നാല്‍ പുതു പുത്തന്‍ പ്രവണതകളെയും അനുഭവലോകത്തെയും നോക്കിക്കാണുന്ന ലോകരോട് കാലത്തിനനുസരിച്ച് സം‌വേദനം സാധ്യമാക്കാനുള്ള സാധ്യതകളെയും സാധുതകളെയും പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ നൈരന്തര്യം അനിവാര്യണ്‌ എന്ന് ചര്‍‌ച്ചയില്‍ സം‌ഗ്രഹിക്കപ്പെട്ടു.

ഇഫ്‌ത്വാര്‍ സം‌ഗമത്തോടൊപ്പം നടന്ന ക്യാമ്പയിന്‍ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, അവധിയില്‍ നാട്ടിലുണ്ടായിരുന്ന പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.സം‌ഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന സലീം നാലകത്തും അസി.ജനറല്‍ സെക്രട്ടറി അനസ് ഉമറും ഏറെ അഭിമാനകരമായ ഒരു സംഗമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സം‌തൃ‌പ്‌തി രേഖപ്പെടുത്തി. 

ക്യാമ്പയിന്റെ ഭാഗമായി വിവിധതലങ്ങളില്‍ പ്രവര്‍‌ത്തിച്ച പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന അകത്തും പുറത്തുമുള്ള വ്യക്തിത്വങ്ങളുടെ മാതൃകാപരമായ സഹകരണം ഒരിക്കല്‍ കൂടെ പരാമര്‍‌ശിക്കുകയും നന്ദിരേഖപ്പെടുത്തുകയും ചെയ്‌തു.

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന പ്രമേയത്തെ ആസ്‌പദമാക്കി ക്രിയാത്മകവും സര്‍‌ഗാത്മകവുമായ പരിപാടികള്‍ ഉണ്ടാകണമെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സ്‌ത്രീകള്‍‌ക്ക് വിശിഷ്യാ കുടൂംബ നാഥകള്‍‌ക്ക് പഠിക്കാനും പകര്‍‌ത്താനും കഴിയുന്ന വിധത്തിലുള്ള ബോധവത്കരണ പരിപാടികളുടെ ആവശ്യം അടിവരയിടപ്പെട്ടു.മക്കളുടെ കാര്യങ്ങള്‍ എന്തായാലും കൂടുതല്‍ അറിയുക ഉമ്മമാരാണ്‌.അതുകൊണ്ടു തന്നെ കുടുംബത്തിലെ സ്‌ത്രീകള്‍ ഇക്കാര്യങ്ങളില്‍ ജാഗരൂകരാകുകയും ബോധവതികളാകുകയും വേണ്ടതുണ്ട്. ഇവ്വിഷയത്തില്‍ മഹല്ല് സം‌വിധാനവുമായി കൂടിയാലോജിച്ച് ഒരു ജാഗ്രതാ ക്ലാസ്സ് സം‌ഘടിപ്പിക്കാന്‍ ധാരണയായി.

അസി.ജനറല്‍ സെക്രട്ടറി അനസ് ഉമറിന്റെ നേതൃത്വത്തില്‍ ഷാഹുല്‍ ഹുസ്സൈന്‍,ഫൈസല്‍ ഫാറൂഖ്,ജാസ്സിം,റ‌ഈസ് സഗീര്‍ എന്നിവരടങ്ങിയ  ഒരു ഉപസമിതിയെ സം‌ഘാടനത്തിനായി ഉത്തരവാദപ്പെടുത്തി.പ്രോഗ്രാമുകളും അജണ്ടകളും ഖ്യുമാറ്റ് സീനിയേഴ്‌‌സ് നിര്‍‌വഹിക്കും.പ്രചരണങ്ങള്‍ മീഡിയാ വിഭാഗം കൈകാര്യം ചെയ്യും.

മഹല്ലിന്‌ വേണ്ടി മാസാന്തം നിശ്ചിത വിഹിതം എന്ന വാഗ്‌ദത്തത്തിന്റെ പൂര്‍‌ത്തീകരണത്തിനായി സമാഹരണവും അതിന്റെ യഥാവിധിയുള്ള വിനിയോഗവും ഊര്‍‌ജ്ജസ്വലമാകണമെന്ന് അധ്യക്ഷന്‍ നിര്‍‌ദേശിച്ചു.

ഷാഹുല്‍ ഹുസ്സൈന്‍,തൗഫീഖ്,ഹാരിസ് അബ്ബാസ്,അനസ് ഉമര്‍, ജാസ്സിം എന്നിവരാണ്‌ നിയുക്തരായ സമിതി അം‌ഗങ്ങള്‍.

പള്ളി പരിപാലനത്തിലും അതിന്റെ ദൈനം‌ദിന കാര്യങ്ങള്‍‌ക്കും അനുഗുണമായ വിധത്തില്‍ ദീര്‍‌ഘവീക്ഷണത്തോടെയുള്ള പദ്ധതികളും ആസൂത്രണങ്ങളും ഇനിയും കാര്യക്ഷമമാകണം.മഹല്ല്‌ കാര്യങ്ങള്‍ സ്വയം പര്യാപ്‌തത കൈവരിക്കാനെന്ന വിധത്തില്‍ നടത്തപ്പെട്ട പദ്ധതികളിലൂടെ പൂര്‍‌ണ്ണമായി പരിഹാരമാകുന്നില്ല എന്ന നിരീക്ഷണവും പങ്കുവെക്കപ്പെട്ടു. മഹല്ല് സം‌വിധാനത്തില്‍ യുവതലമുറയുടെ പ്രാതിനിധ്യവും പങ്കളിത്തവും ഉറപ്പ് വരുത്താനുള്ള ബോധപൂര്‍‌വമായ ശ്രമങ്ങള്‍ വേണ്ടതുണ്ടെന്നും ചര്‍‌ച്ചകളില്‍ വിശദീകരിക്കപ്പെട്ടു. 

സാന്ത്വനം ഫണ്ടില്‍ നിന്നും മുന്‍ ഖ്യുമാറ്റ് അം‌ഗത്തിന്റെ ചികിത്സയിലേക്ക് ഇരുപത്തി അയ്യായിരം രൂപ അനുവദിക്കാന്‍ സാമൂഹ്യ ക്ഷേമ വകുപ്പിന്‌ നിര്‍‌ദേശം നല്‍‌കി. 

ഖ്യുമാറ്റ് വാര്‍‌ഷിക വരിസം‌ഖ്യയായി 120 രിയാല്‍ നിജപ്പെടുത്താനുള്ള തീരുമാനം സമിതി അം‌ഗീകരിച്ചു,വൈസ് പ്രസിഡണ്ട് അസീസ് മഞ്ഞിയില്‍ സമാഹരണത്തിനും അനുബന്ധമായ കാര്യങ്ങള്‍‌ക്കും നേതൃത്വം നല്‍‌കും. വരിസം‌ഖ്യ ഒറ്റത്തവണയായൊ സൗകര്യപ്പെടുന്ന തവണകളായൊ അടച്ചാല്‍ മതിയാകും.സാമൂഹ്യക്ഷേമ വകുപ്പ് ഉപസമിതിയുടെ സമാഹരണ പ്രക്രിയയിലൂടെ വരിസം‌ഖ്യ പിരിച്ചെടുക്കലും ആകാമെന്ന നിര്‍‌ദേശവും പ്രവര്‍‌ത്തക സമിതി അം‌ഗീകരിച്ചു.

തിരുനെല്ലൂര്‍ ജുമാ മസ്‌ജിദില്‍ ആഴ്‌ച തോറും നടന്നു വരുന്ന ദിക്‌റ്‌ ഹല്‍‌ഖയുടെ അറുപതാം വാര്‍ഷികം മെയ്‌ 9 വെള്ളിയാഴ്‌ച വൈകീട്ട്‌ എട്ടിന്‌  സംഘടിപ്പിക്കുമെന്ന്‌ മഹല്ല്‌ കമ്മിറ്റി ഔദ്യോഗിക കത്തിലൂടെ അറിയിച്ചു. മഹല്ലിലെ വാര്‍‌ഷിക സമാഹരണത്തിന്റെ വലിയ സാധ്യതയായ ഈ വാര്‍‌ഷിക ഹല്‍‌ഖാ മജ്‌ലിസിലേക്ക് - സം‌രം‌ഭത്തിലേക്ക് കഴിയും വിധമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന്‌ അധ്യക്ഷന്‍ ഓര്‍‌മപ്പെടുത്തി.

രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന യോഗം സീനിയര്‍ അം‌ഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ സാമപനവും പ്രാര്‍‌ഥനയും നടത്തി.

18/25 പേര്‍ ഹാജര്‍ രേഖപ്പെടുത്തി.

===========

പങ്കെടുത്തവര്‍

-------------

ഷറഫു ഹമീദ്

റഷീദ് കെജി

ആരിഫ് ഖാസ്സിം

അസീസ് മഞ്ഞിയില്‍

അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍

സമീര്‍ കുഞ്ഞിമോന്‍

ഷഹീര്‍ അഹമ്മദ്

അനസ് ഉമര്‍

ഹം‌ദാന്‍ ഹം‌സ

അബൂബക്കര്‍ സിദ്ദീഖ്

ഫൈസല്‍ ഫാറൂഖ്

ഷൈദാജ്

റഷാദ് ഖുറൈഷി

സലീം എന്‍.കെ

ഷാഹുല്‍ ഹുസ്സൈന്‍

മുഹമ്മദ് റ‌ഈസ്

ഷാഹിദ് ഹുസ്സൈന്‍

ജാസ്സിം

---------









Wednesday, 29 January 2025

പ്രവര്‍‌ത്തക സമിതി

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി റിപ്പോര്‍‌ട്ട്...

ദോഹ:പരസ്‌പരം സം‌വദിച്ചും സ്‌നേഹിച്ചും സൗഹൃദം പുതുക്കിയും കര്‍‌മവീഥിയില്‍ മുന്നോട്ടു പോകാനുള്ള സൗമനസ്സ്യം സഹൃദയര്‍‌ക്ക് ഉണ്ടാകണം.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ അധ്യക്ഷന്‍ ഷറഫു ഹമീദ് പറഞ്ഞു.അസോസിയേഷന്റെ കഴിഞ്ഞ പ്രവര്‍‌ത്തക വര്‍‌ഷത്തെ ഒടുവിലത്തെ പ്രവര്‍‌ത്തക സമിതിയില്‍ സം‌സാരിക്കുകയായിരുന്നു പ്രസിഡണ്ട്.തിരുനെല്ലൂര്‍ മഹല്ലിന്റെ ഖത്തറിലെ കൂട്ടായ്‌മയുടെ കരുത്തും പകിട്ടും ഓരോ പ്രവര്‍‌ത്തകന്റെയും തിളക്കമാര്‍‌ന്ന പ്രതിജ്ഞാബദ്ധതയാണെന്നും അദ്ദേഹം വിശദീകരിച്ചു.

അസീസ് മഞ്ഞിയിലിന്റെ ഖുര്‍‌ആന്‍ ദര്‍സ്സോടെയായിരുന്നു യോഗം തുടങ്ങിയത്.യഥാര്‍‌ഥ വിശ്വാസി ഭൂമിയിലെ സകല മനുഷ്യര്‍ക്കും ജന്തുജാലങ്ങള്‍ക്കും ആശാകേന്ദ്രമായിരിക്കും. അവന്‍ ഒരു തണല്‍ മരം പോലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കും .അതുവഴി കടന്നു പോകുന്ന മനുഷ്യര്‍ക്കും കാലികള്‍ക്കും തണലേകിക്കൊണ്ട്‌ ഇടത്താവളം പോലെ അഭയകേന്ദ്രം പോലെ.അതുവഴി പാറി പറന്നെത്തുന്ന സകല പറവകള്‍ അതിലെ കായ്‌കനികള്‍ ഭക്ഷിക്കാം.അതിന്റെ ചില്ലകളില്‍ കൂടുകൂട്ടും.പരിശുദ്ധ വചനത്തെ ആലങ്കാരികമായി ഉപമിച്ച വിശുദ്ധ വാക്യത്തിന്റെ പൊരുളുകള്‍ ഖുര്‍‌ആന്‍ പാഠത്തില്‍ വിശദീകരിച്ചു.

ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് തന്റെ ദീര്‍‌ഘകാല അസോസിയേഷന്‍ നേതൃത്തത്തിലെ കൈപ്പും മധുരവും പങ്കുവെച്ചു.ജനറല്‍ സെക്രട്ടറി ദ്വിവര്‍‌ഷ റിപ്പോര്‍‌ട്ടും വിവിധ വകുപ്പുകളുടെ ചുമതലയുള്ളവരായ അനസ്‌ ഉമര്‍ അനീസ് അബ്ബാസ് ഹാരിസ് അബ്ബാസ് തുടങ്ങിയവര്‍ തങ്ങളുടെ റിപ്പോര്‍‌ട്ടുകളുടെ സം‌ക്ഷിപ്‌ത വിവരങ്ങളും സദസ്സില്‍ അവതരിപ്പിച്ചു.

കഴിഞ്ഞ പ്രവര്‍‌ത്തന കാലയളവില്‍ അനഭലഷീണീയ പ്രവണതയായി തോന്നിയ കാര്യങ്ങള്‍ സദസ്സില്‍ വിശദീകരിക്കുകയും വിലയിരുത്തുകയും പരസ്‌പരം ബോധ്യപ്പെടുത്തുകയും ചെയ്‌തു.

പ്രസിഡണ്ടിന്റെ സ്‌നേഹ വിരുന്നിനു ശേഷം വീണ്ടും കൂടിയിരുന്ന്‌ വരാനിരിക്കുന്ന ജനറല്‍ബോഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കാലോചിതമായ ചില മാറ്റങ്ങള്‍ സമിതി അം‌ഗീകരിച്ചു.തെരഞ്ഞെടുപ്പ് ചുമതലയുള്ള ആരിഫ് ഖാസ്സിം വളരെ ഹ്രസ്വമായി പ്രസ്‌തുത വിഷയങ്ങള്‍ വിശദീകരിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സഹായികളായി മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ടവരൂടെ അഭാവത്തില്‍ അവസരത്തിനൊത്ത് പ്രവര്‍‌ത്തിക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കാമെന്നും തീരുമാനിച്ചു.

അല്ലാഹുവിന്റെ പ്രതീ മാത്രം കാം‌ക്ഷിച്ച് നാടിനും നാട്ടുകാര്‍‌ക്കും വേണ്ടിയുള്ള പ്രവര്‍‌ത്തനത്തില്‍ ഉത്തരവദിത്ത ബോധത്തോടെ അതീവ ജാഗ്രതയോടെ മുന്നേറാന്‍ ആഹ്വാനം ചെയ്‌തു കൊണ്ട് അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ ഉദ്‌ബോധനവും പ്രാര്‍‌ഥനയും നടത്തി.

സെക്രട്ടറി ഫൈസല്‍ അബ്‌ദുല്‍ കരീമിന്റെ നന്ദി പ്രകാശനത്തോടെ,പ്രസിഡണ്ടിന്റെ വസതിയില്‍ ചേര്‍‌ന്ന യോഗം അവസാനിച്ചു.

=============

28.01.2025

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍...

-----------

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍


പ്രസിഡന്റ്‌ ജനറല്‍ സെക്രട്ടറി എന്നീ രണ്ട് പദവികളിലേക്ക് രഹസ്യ ബാലറ്റ് വഴി തെരഞ്ഞെടുപ്പ് നടക്കും.ഇതിന്ന്‌ ഉചിതമായ സം‌വിധാനങ്ങള്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ കണ്ടെത്തും.

21 പേരടങ്ങിയ പ്രവര്‍‌ത്തക സമിതിക്ക്‌ വേണ്ടി മൊത്തം അംഗങ്ങളില്‍ നിന്ന്‌  സന്നദ്ധതയുള്ളവരേയും മഹല്ലിലെ അംഗങ്ങള്‍ നിര്‍ദേശിക്കുന്നവരേയും പരിഗണിച്ചു കൊണ്ടായിരിക്കും പ്രവര്‍‌ത്തക സമിതിയെ തെരഞ്ഞെടുക്കുന്നത്.(പ്രസിഡണ്ട് സിക്രട്ടറി എന്നിവരടക്കം)

പ്രവര്‍‌ത്തിക്കാന്‍ സുമനസ്സുള്ള നല്ല വ്യക്തിത്വങ്ങളെ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.

യോഗ്യരല്ലാത്തവര്‍ തെരഞ്ഞെടുക്കപ്പെടുക വഴി വന്നു ചേരുന്ന ദൗര്‍‌ഭാഗ്യകരമായ അവസ്ഥയെ കുറിച്ച് എല്ലാവരും ജാഗ്രതയുള്ളവരായിരിക്കണം.

ഓരോ അം‌ഗത്തിനും ഒന്നില്‍ കൂടുതല്‍ പേരെ നോമിനേറ്റ് ചെയ്യാന്‍ സാധിക്കുകയില്ല.

തെരഞ്ഞെടുക്കപ്പെടുന്ന പദവിയിലേക്ക് ജനറല്‍ ബോഡിയില്‍ ഹാജറായവരില്‍ നിന്നും 50 ശതമാനമെങ്കിലും വോട്ട് ലഭിച്ച്രിക്കണം.

തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍‌ത്തക സമിതിയുടെ പ്രഥമ കൂടിയിരുത്തത്തില്‍ വെച്ച് ഉപാധ്യക്ഷനേയും ഫിനാന്‍‌സ് സെക്രട്ടറിയേയും അസി. സെക്രട്ടറിമാരെയും ഇതര വകുപ്പുകള്‍‌ക്ക് യോഗ്യരായവരെയും  നിയോഗിയ്‌ക്കും.

സമിതിയുടെ പ്രവര്‍‌ത്തന കാലാവധി 2 വര്‍ഷമായിരിക്കും.

ഏറ്റവും നല്ലരീതിയില്‍ പരസ്പരം സലാം പറഞ്ഞ്‌ പ്രാര്‍ഥനയോടെ പിരിയണം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ നിക്ഷിപ്‌തമായിരിയ്‌ക്കും. 

============

===========