ചുണ്ടില്‍ ദിക്കറും ഉള്ളില്‍ ശുക്കറും ഉള്ളിന്റെ ഉള്ളില്‍ ഫിക്കറും വിശ്വാസിയുടെ മുഖമുദ്രയായിരിക്കും.എല്ലാ അടക്ക അനക്കങ്ങളിലും അവന്‍ ചുറ്റുമുള്ളവര്‍ക്ക് അനുഭവേദ്യമായിരിക്കും.സര്‍വലോക പരിപാലകനില്‍ സകലതും ഭരമേല്‍പിച്ച് കൊണ്ട് സുഖ ദുഖ സമിശ്രമായ ജീവിതത്തെ സുസ്മേര വദനനായി അവന്‍ അഭിമുഖീകരിക്കും.വിശ്വാസിയുടെ കാര്യം മഹാത്ഭുതമെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചതിന്റെ പൊരുളും ഇതു തന്നെ.അവന്‍ ഒരിക്കലും നിരാശനായിരിക്കില്ല.
പരിശുദ്ധ റമദാന്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന വലിയ അനുഗ്രഹമാണ്.ഓരോ കര്‍മ്മവും ഇരട്ടി ഇരട്ടി പ്രതിഫലം നല്‍കുമെന്ന വാഗ്ദാനങ്ങളാല്‍ നന്മയിലേയ്‌ക്ക് പ്രചോദിപ്പിക്കപ്പെടുന്ന സുവര്‍ണ്ണാവസരം.ഇതിനെ ബുദ്ധിപൂര്‍വം ഉപയോഗപ്പെടുത്തുന്നവരാണ് ഭാഗ്യവാന്മാര്‍.വ്രത വിശുദ്ധിയിലൂടെ തന്റെ നാഥന്റെ പൊരുത്തം ഇതരമാസങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിച്ച അളവില്‍ അനുഗ്രഹിക്കപ്പെടുന്ന യാമങ്ങളില്‍ ഭക്തി നിര്‍ഭരമായി കേണു കൊണ്ടേയിരിക്കും.അല്ലാഹുവിന്റെ അനുഗ്രഹത്തിനും പാപമോചനത്തിനും സ്വര്‍ഗ പ്രാപ്‌തിക്കും ഇഹപരമോക്ഷത്തിനും കണ്ണീരണിഞ്ഞ് പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കും.കുറ്റങ്ങളും കുറവുകളും ഏറ്റുപറഞ്ഞു കൊണ്ട് പശ്ചാത്തപിച്ച് കൊണ്ടേയിരിക്കും.
നഷ്‌ടപ്പെട്ട വളര്‍ത്തു മൃഗം തിരികെ ലഭിക്കുമ്പോള്‍ യജമാനന് ഉണ്ടാകുന്ന സന്തോഷാധിക്യത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് പശ്ചാത്തപിച്ച് മടങ്ങിയെത്തുന്ന ദൈവ ദാസന്റെ പേരില്‍ സാക്ഷാല്‍ യജമാനനായ അല്ലാഹുവിന് എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നുണ്ട്.ശുഭാപ്‌തി വിശ്വാസത്തോടെ യജമാനനിലേയ്‌ക്ക് മടങ്ങാം.ചോദിക്കുന്നവരോട് ഏറെ കനിവുള്ള രാജാധിരാജനിലേയ്‌ക്ക് മടാങ്ങാം.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
ക്യുമാറ്റ് മീഡിയ സെല്‍
ക്യുമാറ്റ് മീഡിയ സെല്‍