ഖത്തര്‍ മഹല്ലു അസോസിയേഷന്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ പലപ്പോഴായി നല്‍കിയിരുന്ന നിര്‍ദേശങ്ങളുടേയും സന്ദേശങ്ങളുടേയും പൂര്‍ണ്ണരൂപം.
പരമ്പരാഗത രീതിയും ശൈലിയും കൈമുതലായുള്ള അഹ്‌ലു സുന്ന വല്‍ജമാഅയുടെ ആദര്‍ശാടിസ്ഥാനത്തെ അംഗീകരിക്കുകയും ആദരിക്കുകയും അനുവര്‍ത്തിക്കുകയും ചെയ്യുന്ന സമീപനമാണ് മഹല്ലു തിരുനെല്ലൂരിന്റേത്.
ഈ ആദര്‍ശ പ്രതിബദ്ധതയെ എല്ലാ അര്‍ഥത്തിലും പിന്തുണക്കുമെന്ന അടിസ്ഥാന ശിലയില്‍ തന്നെയാണ് പ്രവാസികള്‍ക്കിടയില്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ രൂപീകരിക്കപ്പെട്ടതും.ആശയാദര്‍ശവൈജാത്യങ്ങളും വൈവിധ്യങ്ങളും സഹിഷ്‌ണുതയോടെ ഉള്‍കൊള്ളുന്ന മഹല്ലിന്റേയും അനുബന്ധ സംവിധാനങ്ങളുടേയും നിലപാടിനെ പ്രശംസിച്ചില്ലെങ്കിലും പ്രകോപിപ്പിക്കാതിരിക്കാനെങ്കിലുമുള്ള വിശാലത ബഹുമാന്യരായ സഹോദരങ്ങള്‍ കാണിക്കണം.
പരിശുദ്ധ റമദാന്‍ സമാഗതമാകുകയാണ്.അഥവാ നന്മയുടെ കൊയ്‌തുകാലം.വരും നാളുകളില്‍ നിര്‍ബന്ധമുള്ളതും ഐഛികവുമായ കര്‍മ്മങ്ങള്‍ അധികരിപ്പിച്ചുകൊണ്ട് പരലോക മോക്ഷം സിദ്ധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.ഇക്കാലയളവില്‍ ആരും ആരേയും പഠിപ്പിക്കാന്‍ ഈ ഗ്രൂപ്പുകളില്‍ ശ്രമിക്കാതിരുന്നാല്‍ നന്നായിരുന്നു.കാരണം വിജ്ഞാനം എല്ലാവരുടേയും വിരല്‍ തുമ്പുകളില്‍ ഉണ്ട്.ആവശ്യമുള്ളത് തെരഞ്ഞെടുക്കാനുള്ള പ്രാപ്‌തിയും നമ്മുടെ എല്ലാ സഹോദരങ്ങള്‍ക്കും ഉണ്ട്.എക്‌സിക്യൂട്ടീവ് പേജ് അതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്കും, ക്യുമാറ്റും ജിസിസി പേജും മഹല്ലുമായും പ്രവാസി കൂട്ടായ്‌മയായും ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും മാത്രം ഉപയോഗപ്പെടുത്തിയാല്‍ ഏറെ ആശ്വാസം.ഐഛികമായ കര്‍മ്മങ്ങള്‍ എല്ലാ കാലത്തിനും ബാധകമാണ് റമദാനില്‍ കൂടുതല്‍ ശുഷ്കാന്തിയോടെ അനുഷ്‌ഠിക്കുന്നുവെന്നേയുള്ളൂ.ഓരോ വിശ്വാസിയും അവനവന്‍ മനസ്സിലാക്കിയപോലെ അനുഷ്‌ഠിക്കട്ടെ.ഈ റമദാനിനെ ശാശ്വതമായ ജീവിതത്തിനു ഉപകരിക്കും വിധം ഉപയോഗപ്പെടുത്തുന്നവരില്‍ ഉള്‍പെടുത്തി അനുഗ്രഹികുമാറാകട്ടെ. അത്യാധുനിക സൌകര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാന്യത നിര്‍ബന്ധമായും പാലിക്കണം.
ഗ്രൂപ്പില്‍ ആശാസ്യകരമല്ലാത്ത ഒന്നും പോസ്റ്റ് ചെയ്യാതിരിക്കലാണ് അഭികാമ്യം.കണ്ടതും കേട്ടതും പങ്കുവെയ്‌ക്കുന്ന രീതി ഒഴിവാക്കി കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തുന്നതായിരിക്കും ഉചിതം.അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ ഇടവരുന്ന സാഹചര്യം ഒഴിവാക്കപ്പെടുക തന്നെ വേണം.വ്യക്തിപരമായ ചാറ്റിങിനു ഗ്രൂപ്പിനെ ദുരുപയോഗം ചെയ്യാതിരിക്കുന്നതാണ് ഭംഗി.നമുക്ക് നന്മയുടെ പ്രസാരകരും പ്രചാരകരും ആവാം .ഇന്നത് വേണ്ട എന്നതിനു പകരം ഇന്നതുവേണം എന്നു പറയുന്ന രീതിയിലേയ്‌ക്ക് മാറാന്‍ നമുക്ക് കഴിയണം. ഗ്രൂപ്പുകളില്‍ അതതു ഗ്രൂപ്പുമായി ബന്ധപ്പെട്ട ക്രിയാത്മകമായ അറിയിപ്പുകളൊ നിര്‍ദേശങ്ങളൊ പ്രസരിപ്പിക്കുന്നതായിരിക്കും അഭികാമ്യം. ആകാശത്തിന്റെ ചോട്ടില്‍ ഭൂമിക്ക് മേലെ പലതും നടക്കുന്നുണ്ട്.അതെല്ലാം എല്ലാവരും അറിയുന്നുമുണ്ട്.അതൊന്നും നമുക്ക് പങ്കുവെയ്‌ക്കാതിരിക്കാം.ക്യുമാറ്റ് ഗ്രൂപ്പ് മതപരമായ വീക്ഷണ വ്യത്യാസങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള വേദിയല്ല.ഒരു കാരണവശാലും ഇത്തരം സംവാദങ്ങള്‍ ഈ ഗ്രൂപ്പില്‍ അനുവദിക്കുകയുമില്ല.
ചിന്തിക്കുന്ന ജനങ്ങള്‍ക്ക് എത്രയെത്ര തെളിഞ്ഞ തെളിവുകളാണ് പ്രപഞ്ചം മുഴുവന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.കാലാന്തരങ്ങളായി കുയിലുകള്‍ മുട്ടയിടുന്നതും കുഞ്ഞുങ്ങളെ വിരിയിക്കുന്നതും കാക്കക്കൂടുകളിലാണ്.കുയിലുകള്‍ ഇതൊരു അവകാശമായി കാണുന്നു.കാക്കകള്‍ ഇതൊരു നിയോഗമായും.കാക്കയും കുയിലും എന്തു മനസ്സിലാക്കിയാലും കലപില കശപിശയില്ലാതെ വിവേകവും വിശേഷബുദ്ധിയും നല്‍കപ്പെടാത്ത ഈ പക്ഷികളുടെ ലോകം എത്രമനോഹരമാണ്.ചുരുങ്ങിയത് കാക്കയും കുയിലുമെന്നോണമെങ്കിലും നമുക്ക് സഹവസിച്ചുകൂടെ കൂട്ടരേ ?