ദോഹ:ഖത്തറിലെ വിദേശതാമസക്കാര്‍ക്ക് പുതിയ റസിഡന്‍സ് കാര്‍ഡ് .ഖത്തറിലെ വിദേശതാമസക്കാരുടെ പാസ്പോര്‍ട്ടില്‍ താമാസാനുമതി പതിക്കുന്നത് ഒഴിവാക്കാനും തദ്സ്ഥാനത്ത് പുതിയ റസിഡന്‍സ് കാര്‍ഡ് നല്‍കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ജൂണ്‍ 15 തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്ന പുതിയ സിസ്റ്റം പ്രകാരം നിലവിലുള്ള താമസാനുമതി ( ആര്‍പി)ക്കും ഐഡി കാര്‍ഡിനും പകരം പുതിയ റസിഡന്‍സ് കാര്‍ഡ് ആയിരിക്കും നല്‍കുക. ഖത്തറിലെ താമസക്കാരന്റെ ഐഡന്റിറ്റി വ്യക്തമാക്കാനും താമസാനുമതി കാണിക്കാനുള്ള ഏക രേഖ ഇനിമുതല്‍ ഇനി ഈ റസിഡന്‍സ് കാര്‍ഡ് ആയിരിക്കും. ഇന്ന് രാവിലെ നടന്ന പത്ര സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് നാഷ്‌ണാലിറ്റി, പാസ്പോര്‍ട്ട്സ് ആന്റ് എക്‌സ്‌പാട്രിയേറ്റ് അഫേഴ്‌സ് അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
കാര്‍ഡ് സംബന്ധിച്ച മറ്റു പ്രധാന വിവരങ്ങള്‍.
•പുതിയ കാര്‍ഡിന് അപേക്ഷിക്കാനുള്ള ഫീസ് നിലവിലുള്ളത് തന്നെയായിരിക്കും. അപേക്ഷകന്റെ ഇഷ്‌ടാനുസരണം സാധാരണ റസിഡന്‍സ് കാര്‍ഡോ സ്‌മാര്‍ട് റസിഡന്‍സ് കാര്‍ഡോ തെരഞ്ഞെടുക്കാവുന്നതാണ്.
•പുതിയ അപേക്ഷകര്‍ക്കും നിലവിലുള്ള താമസക്കാര്‍ക്ക് അവരുടെ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കുമ്പോഴും നല്‍കുക വഴി ക്രമേണയായി ഈ സിസ്റ്റം നടപ്പിലാക്കും.
•അപേക്ഷകന്റെ ഇഷ്‌ടപ്രകാരം ഒന്നോ രണ്ടോ മൂന്നോ വര്‍ഷത്തേക്കോ ചില വിഭാഗക്കാര്‍ക്ക് അഞ്ചു വര്‍ഷത്തെക്കോ കാര്‍ഡ് പുതുക്കാവുന്നതാണ്.
•ഗവണ്‍മെന്റ്, പബ്ലിക് -പ്രൈവറ്റ് കമ്പനി സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ളവരുടെ താമാസാനുമതി പുതുക്കാനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ (മെട്രാഷ്,ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ഇ-ഗവണ്‍മെന്റ് വെബ്സൈറ്റ്) വഴി മാത്രമേ സ്വീകരിക്കൂ. കുടുംബ – വ്യക്തി സ്പോണ്‍സര്‍ഷിപ്പിലുള്ളവരുടെ താമാസാനുമതി ഓണ്‍ലൈനിലും ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങള്‍ വഴിയും പുതുക്കാവുന്നതാണ്.
•ഓണ്‍ലൈന്‍ താമാസാനുമതി പുതുക്കുമ്പോള്‍ പുതിയ റസിഡന്‍സ് കാര്‍ഡ് പോസ്റ്റ് വഴി ലഭ്യമാകുന്നതാണ്.
•ആദ്യമായി കുട്ടികള്‍ക്കും റസിഡന്‍സ് കാര്‍ഡ് നല്‍കുന്നതാണ്. ഇത് അവരുടെ ഐഡന്റിറ്റി കാര്‍ഡ് കൂടിയായിരിക്കും. മാതാപിതാക്കളുടെ പാസ്‌പോര്‍ട്ടില്‍ പേര് ചേര്‍ക്കപ്പെട്ട കുട്ടികള്‍ പ്രത്യേക പാസ്‌പോര്‍ട്ട് വേണ്ടിവരും.
•പുതുതായി റസിഡന്‍സ് കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ മാത്രമേ പാസ്പോര്‍ട്ട് ഹാജാരക്കേണ്ടതുള്ളു. പുതുക്കുന്നതിന് പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല.
•രാജ്യത്തേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്ത് നിന്ന് പുറത്തുപോകുമ്പോഴും ഈ കാര്‍ഡ് കാണിക്കണം.
•വിവിധ ലോക രാജ്യങ്ങള്‍ക്ക് അവയുടെ എംബസിവഴിയും മറ്റും അതുപോലെ വിവിധ എയര്‍ലൈനുകള്‍ക്കും പുതിയ സിസ്റ്റം സംബന്ധിച്ച വിവരം കൈമാറുകയും ഈ കാര്‍ഡ് ഖത്തറിലെ താമാസാനുമതിക്കുള്ള ഔദ്യോഗിക രേഖയായി പരിഗണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.