നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 13 June 2015

ക്രിയാത്മകമായ സം‌രം‌ഭങ്ങള്‍

ദോഹ: ക്രിയാത്മകമായ സം‌രം‌ഭങ്ങള്‍ ആവേശകരമായി പുരോഗമിക്കുന്നതിന്റെ നേര്‍ തെളിവാണ്‌ വളരെ സമ്പന്നമായ സദസ്സ്‌ എന്ന ആമുഖത്തോടെയായിരുന്നു ഷറഫു ഹമിദ്‌ സം‌ഭാഷണത്തിനു തുടക്കമിട്ടത്.വിഭാവന ചെയ്‌ത കരട്‌ രേഖകള്‍ ഒന്നൊന്നായി യഥാക്രമം നടപ്പിലാക്കാന്‍ ആത്മാര്‍‌ഥമായി സഹകരിക്കുന്ന സമിതി അം‌ഗങ്ങളാണ്‌ ഈ പ്രസ്ഥാനത്തിന്റെ ഊര്‍‌ജ്ജം.ഇത്തരം ശക്തമായ തറയില്‍ എത്ര നിലയും പടുത്തുയര്‍‌ത്താനാകും.ഷറഫു ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തക സമിതിയില്‍ അധ്യക്ഷത വഹിച്ചു സം‌സാരിക്കുകയായിരുന്നു പ്രസിഡണ്ട്‌.

സേവന സന്നദ്ധ സാന്ത്വന പ്രവര്‍‌ത്തനങ്ങള്‍‌ക്കുള്ള സമാഹരണം കൃത്യമായി നടക്കുന്നുണ്ടെന്നും സമിതി അം‌ഗങ്ങള്‍ വിശിഷ്യാ സെക്രട്ടറിമാര്‍ കുറച്ചു കൂടെ ജാഗ്രത കാണിക്കണമെന്നും റിപ്പോര്‍‌ട്ടവതരണ ചര്‍‌ച്ചയില്‍ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം ഐ അഭ്യര്‍‌ഥിച്ചു. 

നിരുത്സാഹപ്പെടുത്തലുകള്‍‌ക്കും നിഷേധാത്മക നിലപാടുകള്‍‌ക്കും ചെവികൊടുക്കാതെ പ്രതീക്ഷാ നിര്‍‌ഭരമായ മനസ്സും വചസ്സുമായി മുന്നിട്ടിറങ്ങിയാല്‍ സകല  പ്രതിസന്ധികളും അത്ഭുതകരമായി മറികടക്കാനാകുമെന്നാണ്‌ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്ന്‌ അം‌ഗങ്ങള്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

മഹല്ല്‌ നേതൃത്വവും സഹകാരികളും അസോസിയേഷന്‍ പ്രവര്‍‌ത്തനങ്ങളില്‍ ഏറെ സന്തുഷ്‌ടരാണെന്നും അവരുടെ സഹകരണം പ്രശം‌സാര്‍‌ഹമാണെന്നും വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ നാസര്‍ അബ്ദുല്‍ കരീം പറഞ്ഞു.സുവനീര്‍ പ്രസിദ്ധീകരണത്തിന്റെ ഭാഗമായി നാട്ടില്‍ നടത്തിയ അന്വേഷണങ്ങളും സം‌ഗമങ്ങളും മറ്റു പ്രവര്‍‌ത്തനങ്ങളും സമിതിയില്‍ വിവരിക്കുകയായിരുന്നു അബ്ദുല്‍ നാസര്‍.

റമദാന്‍ പ്രമാണിച്ച്‌ തിരുനെല്ലൂര്‍ മഹല്ല്‌ മസ്ജിദ്‌ അലങ്കരിക്കാനും അകത്ത്‌ കാര്‍‌പറ്റ്‌ വിരിക്കാനും പള്ളിയെ ശീതീകരിക്കാനും തിരുമാനിച്ചു.സമിതിയുടെ തീരുമാനം മഹല്ല്‌ പ്രസിഡണ്ട് ഹാജി അഹമ്മദ്‌ കെ.പി യെ തത്സമയം ഫോണില്‍ ബന്ധപ്പെട്ട്‌ അറിയിക്കുകയും ചെയ്‌തു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തന നൈരന്തര്യത്തെയും ക്ഷേമ പ്രവര്‍‌ത്തനങ്ങളേയും ഹാജി പ്രകീര്‍‌ത്തിച്ചു.പരസ്‌പര സൗഹൃദത്തിന്റെ ദൃഡമായ ബന്ധം നാള്‍‌ക്കുനാള്‍ വര്‍‌ദ്ധിച്ചുവരുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. 

എ.എം.എല്‍.പി സ്‌ക്കൂള്‍ വിദ്യാര്‍‌ഥികള്‍‌ക്ക്‌ എല്ലാവര്‍‌ഷവും കൊടുത്തുവരാറുള്ള സ്‌ക്കൂള്‍ ബാഗും പഠനോപകരണങ്ങളും പുതിയ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വര്‍‌ഷം (പഠനോപകരണങ്ങള്‍)  അധികം താമസിയാതെ  വിതരണം ചെയ്യാന്‍ കഴിയുമെന്ന്‌ സെക്രട്ടറി അറിയിച്ചു. 

കലാ സാം‌സ്‌കാരിക കായിക രം‌ഗത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി യഥാക്രമം അബ്‌ദുല്‍നാസറിനേയും ഷൈതാജ്‌ കുഞ്ഞു ബാവുവിനേയും ഉത്തരവാദപ്പെടുത്തി.പ്രസിഡണ്ടും സെക്രട്ടറിയും ഉള്‍‌കൊള്ളുന്ന മീഡിയസെല്‍ അസീസ്‌ മഞ്ഞിയില്‍ നയിക്കുമെന്നും അനഭിലഷണീയമായ സംവാദങ്ങള്‍ ദൗര്‍‌ഭാഗ്യകരമായി സം‌ഭവിക്കുമ്പോള്‍ മീഡിയ സെല്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും പ്രവര്‍‌ത്തക സമിതി തീരുമാനിച്ചു.

റമദാനിന്റെ അവസാനത്തില്‍ നാട്ടില്‍ സംഘടിപ്പിക്കുന്ന ഇഫ്‌ത്വാര്‍ സം‌ഗമവും പെരുന്നാള്‍  ദിനങ്ങളിലെ സൗഹൃദയാത്രയും അവിസ്‌മരണീയമാക്കാന്‍ എല്ലാവരുടേയും സഹകരണം യഥാ സമയം ആവശ്യമാണെന്ന്‌ അധ്യക്ഷന്‍ പ്രത്യേകം ഓര്‍‌മ്മിപ്പിച്ചു.

സമിതി അം‌ഗങ്ങളുടെ സജീവ ചര്‍‌ച്ചയ്ക്ക്‌ സാക്ഷ്യം വഹിച്ച പ്രവര്‍‌ത്തക സമിതി രണ്ട് മണിക്കൂര്‍ നീണ്ടു നിന്നു.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ സ്വാഗതവും അസ്‌ലം ഖാദര്‍‌മോന്‍ നന്ദിയും പ്രകാശിപ്പിച്ചു