നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 13 October 2018

ജല സം‌രക്ഷണ സെമിനാര്‍ ധന്യം

തിരുനെല്ലൂര്‍:തിരുനെല്ലൂരിന്റെ കാര്‍‌ഷിക സ്വപ്‌നങ്ങളും ശുദ്ധജല ലഭ്യതക്ക്‌ വേണ്ടിയുള്ള ദാഹവും ക്രിയാത്മകമായ ഇതര പദ്ധതികളോടുള്ള ആത്മാര്‍‌പ്പണവും സസൂക്ഷ്‌മം പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്‌.മണലൂര്‍ മണ്ഡലം എം.എല്‍.എ ശ്രീ മുരളി പെരുനെല്ലി പറഞ്ഞു.പ്രദേശത്തിന്റെ ജന ഹിതങ്ങള്‍‌ക്കനുസരിച്ചുള്ള ക്രമപ്രവൃദ്ധമായ പദ്ധതികള്‍ വിവിധ തലങ്ങളിലെ ആസൂത്രണങ്ങളില്‍ നിന്നു കൊണ്ട്‌ സാധ്യമാകുന്നത്ര നിര്‍‌വഹിച്ചു പോരുന്നുമുണ്ട്‌.ഇനിയും ഇത്തരം വികസന പ്രവര്‍‌ത്തനങ്ങള്‍ അവിരാമം തുടര്‍‌ന്നു കൊണ്ടിരിക്കുകയും ചെയ്യും.നന്മ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച ജല  ക്രമീകരണവും സം‌രക്ഷണവും എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പെരുനെല്ലി.

വായുവും ജലവും സകല ജീവജാലങ്ങളുടേയും അടിസ്ഥാനപരമായ ആവശ്യമത്രെ.അതു കൊണ്ട്‌ തന്നെ പ്രകൃതി സൗഹൃദമായ ശുദ്ധമായ സാഹചര്യങ്ങള്‍‌ക്കു വേണ്ടിയുള്ള പദ്ധതികളും വിഭാവനകളും അത്യന്തം പ്രാധാന്യമര്‍‌ഹിക്കുന്ന വിഷയവുമാണ്‌.സകലതും മാറ്റങ്ങള്‍‌ക്ക്‌ വിധേയമാണ്‌.ഇത്‌ പ്രകൃതി നിയമവുമാണ്‌.രാപകലുകള്‍ മാറിക്കൊണ്ടിരിക്കുന്നു.നദികളും തണ്ണീര്‍ ചാലുകളും ഒഴുകിക്കൊണ്ടിരിക്കുന്നു.കാറ്റ്‌ വീശിക്കൊണ്ടിരിക്കുന്നു.കണക്കനുസരിച്ച് എല്ലാം അതതിന്റെ സഞ്ചാര പാതയില്‍ മാറ്റങ്ങള്‍‌ക്ക്‌ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നു.എന്നാല്‍ മനുഷ്യന്‍ മാറ്റങ്ങള്‍‌ക്ക്‌ വിധേയനാകാന്‍ സന്നദ്ധമല്ല എന്നത് ദൗര്‍ഭാഗ്യകരവുമാണ്‌.നന്മയുടെ ആത്മാര്‍‌ഥമായ പ്രവര്‍‌ത്തനങ്ങളെ കീര്‍‌ത്തിച്ചു കൊണ്ടാണ്‌ എം.എല്‍.എ തന്റെ പ്രഭാഷണത്തിന്‌ വിരാമമിട്ടത്.

തണ്ണീര്‍ കായലിലെ വെള്ളത്തെ പാടശേക്ഷരങ്ങളില്‍ തന്നെ സം‌ഭരിച്ച്‌ നിര്‍ത്തുന്നതിനെ കുറിച്ചും.വടക്കന്‍ ഭാഗങ്ങളിലെ വെള്ളത്തിന്റെ ഒഴുക്കിനെ തിരിച്ചൊഴുക്കി വിടാനുള്ള പദ്ധതികളെ കുറിച്ചും സെമിനാറില്‍ ചര്‍‌ച്ച ചെയ്യപ്പെട്ടു.തിരുനെല്ലൂരിന്റെ കായലിന്റെ ശോച്യാവസ്ഥ പരിഹരിക്കുകയും കായലില്‍ തന്നെ ഇട ബണ്ട്‌ കെട്ടിയുള്ള അതിനൂതനമായ ആശയവും സെമിനാറില്‍ ഗൗരവമുള്ള ചര്‍‌ച്ചകളായിരുന്നു.
ഇടിയഞ്ചിറ റഗുലേറ്ററിന്റെ കാലാനുസൃതമായ പരിചരണവും പരിഷ്‌കരണവും താമസം വിനാ നടപ്പിലാക്കേണ്ടതാണെന്നും വിശദീകരിക്കപ്പെട്ടു.

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെ അനിവാര്യത.കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യം.നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും തുടങ്ങി പശ്ചിമ ഘട്ടം മുതല്‍ അറബിക്കടല്‍ വരെ ഒഴുകി ഒലിച്ചിറങ്ങിയ ആശയങ്ങളുടെ പങ്കുവെക്കലുകള്‍ കൊണ്ട്‌ സെമിനാര്‍ സജീവമായി.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ച സം‌ഗമത്തില്‍ സി.സി ശ്രീകുമാര്‍ (ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്‌) വേദിയിലെ വിശിഷ്‌ട സാന്നിധ്യമായിരുന്നു. എ.എന്‍ ശ്രീധരന്‍ (അസിസ്‌റ്റന്റ്‌ എഞ്ചിനിയര്‍ ഇറിഗേഷന്‍ ഡിപ്പാര്‍‌ട്ട്‌മന്റ്‌) ജല സം‌രക്ഷണവും ക്രമികരണവും എന്ന വിഷയം അവതരിപ്പിച്ചു സം‌സാരിച്ചു.തുടര്‍‌ന്ന്‌ സെമിനാറില്‍ പങ്കെടുത്തു കൊണ്ട്‌ ടി.വി ഹരിദാസന്‍ (സി.പി.ഐ.എം ജില്ലാ കമിറ്റി അം‌ഗം) നിഖില്‍ ജോണ്‍ (കെ.എസ്‌.യു മുന്‍ ജില്ലാ പ്രസിഡന്റ്‌)ആര്‍.വി ഷെഫിര്‍  (എസ്‌.ഡി.പി ഐ മണലൂര്‍ മണ്ഡലം കമിറ്റി)മോഹനന്‍ കളപ്പുരയ്‌ക്കല്‍ (ബി.ജെ.പി സം‌സ്‌ഥാന കമിറ്റി),ഡോക്‌ടര്‍ കബീര്‍ മൗലവി (പി.ഡി.പി ജില്ലാ കമ്മിറ്റി അം‌ഗം)ആര്‍.വി റിയാസ്‌ (വെല്‍‌ഫെയര്‍ പാര്‍‌ട്ടി ഓഫ്‌ ഇന്ത്യ മണലൂര്‍ സെക്രട്ടറി)  കെ.എ ഷഫീഖ്‌ (ജസ്‌റ്റിസ് ഫോറം- യൂത്ത്‌ ലീഗ്‌ മണ്ഡലം സെക്രട്ടറി),എം.പി സഗീര്‍ (സെക്രട്ടറി തിരുനെല്ലൂര്‍ കോള്‍ പാട ശേഖര സമിതി)റഹ്‌മാന്‍ തിരുനെല്ലൂര്‍ (സാഹിത്യകാരന്‍)ഉസ്‌മാന്‍ പി.ബി,അബുബക്കര്‍ മാസ്‌റ്റര്‍ എന്നിവര്‍ സം‌സാരിച്ചു.

അസീസ്‌ മഞ്ഞിയില്‍ മോഡറേറ്ററായിരുന്ന സെമിനാറില്‍ നന്മ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ സ്വാഗതവും ഹാരിസ്‌ ആര്‍.കെ നന്ദിയും പ്രകാശിപ്പിച്ചു.

ഷിഹാബ്‌ എം.ഐ,ഇസ്‌മാഈല്‍ ബാവ,ജലീല്‍ വി.എസ് ,.ഷം‌സുദ്ദീന്‍ പുതിയപുര,ഹമീദ്‌ ആര്‍.കെ,നൗഷാദ്‌ അഹമ്മദ്‌,ഹനീഫ കെ.എം, കബീര്‍ എന്‍.വി , ഹുസൈന്‍ ഹാജി കെ.വി,റഷീദ്‌ മതിലകത്ത്,താജുദ്ദീന്‍ ഖാദര്‍,നസീര്‍ മുഹമ്മദ്‌,ഉസ്‌മാന്‍ കടയില്‍,ഫൈസല്‍ വി.എ,  താജുദ്ദീന്‍ എന്‍.വി, തുടങ്ങിയവര്‍ നേതൃത്വം നല്‍‌കി.