നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 22 October 2021

റഹ്‌മാൻ തിരുനെല്ലൂരിന്റെ പുസ്‌തകം

പ്രിയങ്കരനായ എഴുത്തുകാരന്‍ റഹ്‌‌മാന്‍ പി തിരുനെല്ലൂരിന്റെ ആൻമരിയ എന്ന പെൺകുട്ടിയും സേവിയോ മാഞ്ഞൂരാനും എന്ന പുതിയ  പുസ്‌‌തകം ഷാര്‍‌ജയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടും.

റഹ്‌മാന്‍ തിരുനെല്ലുരിന്റെ ആൻമരിയ എന്ന പെൺകുട്ടിയും സേവിയോ മാഞ്ഞൂരാനും എന്ന പുസ്‌തകവുമായി ബന്ധപ്പെട്ട്‌ സുഹൃത്ത്‌ ഗിന്റോ എ.പുത്തൂർ കുറിച്ചത് ഇവിടെ പങ്കുവെക്കുന്നു.

-----------

എന്റെ നാട്ടുകാരനും പ്രിയ എഴുത്തുകാരനുമായ  റഹ്‌മാൻ പി. തിരുനെല്ലൂരിന്റെ  പുതിയ പുസ്‌തകം ഷാർജ അന്താരാഷ്ട്ര പുസ്‌‌തക മേളയിൽ നവംബർ 6 ന്  പ്രകാശനം നടക്കുന്നു. കൈരളി ബുക്‌‌സ്‌ ആണ് വായനക്കാരിൽ ഈ പുസ്‌‌തകം എത്തിക്കുന്നത്.മലയാളി സമൂഹത്തിന്റെ പരിണാമങ്ങളെ, മനുഷ്യ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കാനാണ് ഈ നീണ്ട കഥകൾ മുതിരുന്നത്.സ്നേഹിച്ചും പ്രണയിച്ചും കാമിച്ചും  ഇതിലെ കഥാപാത്രങ്ങൾ ജീവിതമെന്ന ദുരൂഹ സമസ്യയ്ക്ക് മുന്നിൽ അടിയറവുപറയുന്നു. അല്ലെങ്കിൽ അതിജീവിക്കുന്നു. 

സ്നേഹബന്ധങ്ങളുടെ താങ്ങും തണലും പരസ്പരാശ്രയത്വത്തിന്റെ നിഴലും നിലാവും പ്രതിസന്ധികളെ മറികടക്കുന്നതിന്റെ കുതിപ്പും കിതപ്പും അവരുടെ ജനിതകത്തിൽ എന്നേ കുറിക്കപ്പെട്ടതാണ് . മനോഹരമായ ഭാഷയിലും ആഖ്യാനത്തിലും എഴുതപ്പെട്ട ഈ നോവലെറ്റുകൾ മലയാളിയുടെ മാത്രമല്ല ലോകത്തെവിടെയുമുള്ള മനുഷ്യന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ ബാക്കി വെക്കുന്നു   എന്നതും ശ്രദ്ധേയമെന്ന്  മലയാള സർവകലാശാലയിലെ സി. ഗണേഷ് തന്റെ ആമുഖത്തിൽ പറഞ്ഞ് വയ്ക്കുന്നു. 

നിരവധി കഥകളും , നോവലുകളും, നോവലെറ്റുകളും ഈ കാലയളവിൽ പ്രവാസി ആയിരുന്ന അദ്ദേഹം പുറത്തിറക്കി. പി. പത്മരാജൻ സ്മാരക കഥാ പുരസ്ക്കാരം, ഷാർജ അക്ഷരം സാഹിത്യ പുരസ്ക്കാരം, നവോത്ഥാന ശ്രേഷ്‌‌ഠ  സാഹിത്യ പുരസ്‌‌കാരം എന്നിവ ലഭിച്ചു. ആകാശവും തീരങ്ങളും,ആ ചക്രവാളം അകലെയാണ്,ദൃശ്യ ബിംബങ്ങൾ,രേഖയിൽ വരച്ചത്, കഥയ്ക്കും പരേതർക്കുമിടയിൽ, രണ്ടു കാലത്തിൽ ഒരു ഗബ്രിയേൽ, ജീവിതപ്പുരയിലെ നാലാം ഘട്ടം,മുയൽ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ആവലാതികൾ എന്നിവയാണ് കഥകൾ. അസ്‌‌തമയത്തിന് മുമ്പ് , വീണ്ടും തളിർക്കുന്ന  പൂക്കാലം, ഖബറുകൾ, വഴിയമ്പലങ്ങൾ തേടി,ചതുരങ്ങൾക്കപ്പുറം, മൂന്നാം കരയിലെ ശലഭങ്ങൾ, ചില നേരങ്ങളിൽ പറക്കാനുള്ള ആകാശങ്ങൾ  തുടങ്ങിയ നോവലുകളിലും തന്റെ  എഴുത്തിന്റെ സാന്നിദ്ധ്യം അദ്ദേഹം അറിയിച്ചു.പരിധിക്കുപുറത്തുള്ള ചില കാര്യങ്ങൾ , ഇപ്പോൾ ഇറങ്ങുന്ന ആൻമരിയ എന്ന പെൺകുട്ടിയും സേവിയോ മാഞ്ഞുരാനും നോവലെറ്റുകളാണ് . വരയിൽ നീന്തുന്ന വർണ്ണങ്ങൾ, ഉപ്പുതറയുടെ പുരാവൃത്തം,മാനത്തോളം ശൂന്യതയിൽ ഈശ്വരൻ, നോവലെറ്റുകളായി  ഉള്ളടക്കത്തിൽ നിറഞ്ഞ് നിൽക്കുന്നു. നല്ല പാതി സഫിയയും,മക്കളായ റിജാസ്,റിഹാസ്,റഫ്‌‌സി എന്നിവരും പൂർണ്ണ പിന്തുണയുമായി ഗുരുവായൂരിൽ വ്യാപാരിയായി ജീവിതം മുന്നോട്ട് നയിക്കുന്ന ഉപ്പയ്ക്ക് ഒപ്പമുണ്ട്. 

പ്രവാസികളുടെ പ്രിയ മലയാളഭാഷാ അദ്ധ്യാപകൻ  മുരളി മംഗലത്ത് മാഷിലൂടെയാണ് ഒക്ടോബർ  22 (വെള്ളി) 2 മണിക്ക് ഈ  പുസ്തകത്തിന്റെ കവർ റിലീസിംഗ് നടക്കുന്നത് എന്നത്  ചാരിതാർത്ഥ്യം വർധിപ്പിക്കുന്നു.മഹേഷ് പൗലോസിനോടുള്ള നന്ദിയും ഈ അവസരത്തിൽ രേഖപ്പെടുത്തട്ടെ.

എല്ലാ പ്രോത്സാഹനങ്ങളുമായി  നിങ്ങളെല്ലാവരും പ്രിയ സുഹൃത്തിനൊപ്പം ഉണ്ടാവുമെന്ന പ്രതീക്ഷയോടെ....

സ്നേഹപൂർവ്വം,

ഗിന്റോ എ.പുത്തൂർ