നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 29 August 2011

ഹൃദ്യമായ ഈദാശംസകള്‍

എല്ലാവര്‍ക്കും ഹൃദ്യമായ ഈദാശംസകള്‍ ..............

സത്യവിശ്വാസികളുടെ ജീവിതത്തിലെ വസന്തകാലമായ പരിശുദ്ധ റമദാന്‍ വിട പറഞ്ഞിരിക്കുന്നു.. അവധി നിര്‍ണയിക്കപ്പെട്ട നമ്മുടെ ആയുസ്സില്‍ ഒരിക്കല്‍കൂടി റമദാന്റെ ദിനരാത്രങ്ങള്‍ ആസ്വദിക്കാനുള്ള സൌഭാഗ്യം നമുക്കുണ്ടാവുമോ? നിശ്ചയമില്ല. അത് മനസ്സാ സമ്മതിച്ചുകൊണ്ടുള്ള അത്യധ്വാനമാണല്ലോ ഈ പുണ്യമാസത്തില്‍ നാം നടത്തിയത്. പകല്‍സമയത്ത് വിശപ്പും ദാഹവും സഹിച്ചു. പാതിരാവില്‍ നിന്നു നമസ്കരിച്ചു. വിധിനിര്‍ണയരാത്രിയുടെ വെളിച്ചം ആത്മാവില്‍ അനുഭവിച്ചു. അല്ലാഹുവിന്റെ കാരുണ്യത്താല്‍ ജീവിതത്തെ സ്ഫടിക സമാനമാക്കി. പാപങ്ങളുടെ ഭാരം പശ്ചാത്താപത്താല്‍ ലഘൂകരിച്ചു. സ്വര്‍ഗത്തിന്റെ സുഗന്ധം ആസ്വദിക്കുന്നേടത്തോളം 'സ്വിയാമും ഖിയാമും' നമ്മെക്കൊണ്ടെത്തിച്ചു. ഇനി നാഥന്റെ ഉതവിയാല്‍ 'റയ്യാന്‍' എന്ന കവാടത്തിലൂടെയുള്ള സ്വര്‍ഗ പ്രവേശമാണ്. അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാവട്ടെ, ആമീന്‍.ഗൌരവമുള്ള ഓര്‍മപ്പെടുത്തലുകള്‍ നമ്മുടെ ഹൃദയങ്ങളുമായി പങ്കുവെച്ചുകൊണ്ടാണ് റമദാന്‍ വിടവാങ്ങിയത്. പ്രപഞ്ച നാഥന്റെ ശക്തിയും പ്രതാപവും നമ്മുടെ ഹൃദയത്തില്‍ മുദ്രണം ചെയ്യുന്നു റമദാന്‍. ജീവിതം ഒരു യാത്രയാണെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ നഫ്സിന്റെ പരിധികളെയും പരിമിതികളെയും അടയാളപ്പെടുത്തുന്നു എന്നതാണ് അതില്‍ പ്രധാനം. അല്ലാഹുവിലേക്കുള്ള യാത്രയിലെ ഇടത്താവളം മാത്രമായ ഇഹലോക ജീവിതത്തെ സല്‍പ്രവൃത്തികള്‍കൊണ്ട് സമ്പന്നമാക്കണമെന്ന വസ്വിയ്യത്താണ് റമദാന്‍ പ്രദാനം ചെയ്‌തത്. ശിഷ്ടകാലത്തേക്കുള്ള നമ്മുടെ ജീവിതയാത്രയിലെ ഇന്ധനമാണ് റമദാന്റെ സദ്ഫലങ്ങള്‍. ശവ്വാലിന്റെ പൊന്നൊളി മാനത്ത് പ്രത്യക്ഷപ്പെടുന്നതോടെ മാസപ്പിറവി കണക്കേ മിന്നി മറയുന്നതാവാതിരിക്കട്ടെ ഒരുമാസക്കാലത്തെ ആത്മീയാഭ്യാസങ്ങള്‍ .എല്ലാവര്‍ക്കും ഹൃദ്യമായ ഈദാശംസകള്‍ ...

മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ (ഖത്തര്‍ )