ദോഹ: ഖത്തറിലെ കഫാല സമ്പ്രദായം ഈ വര്‍ഷാവസാനത്തോടെ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ. അബ്ദുല്ല ബിന്‍ സാലിഹ് അല്‍ ഖുലൈഫി. വിദേശ റിപ്പോര്‍ട്ടര്‍മാരോട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
മനുഷ്യാവകാശ സംഘടനകള്‍ ഏറെ കാലമായി വിമര്‍ശിക്കുന്ന കഫാല സമ്പ്രദായം, 2022-ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാന്‍ ഖത്തറിന് നറുക്ക് വീണതോടെ വീണ്ടും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഖത്തര്‍ തൊഴില്‍ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനമെടുത്തത്.
അടുത്ത ഏഴ് മാസത്തിനുള്ളില്‍ തന്നെ ഇതില്‍ മാറ്റം വരും. രാജ്യത്തിന്‍െറ സാമ്പത്തിക രംഗത്തും മറ്റും ഇത് ഏറെ ഗുണകരമാകുമെന്നാണ് വിശ്വസിക്കുന്നത്. നിലവിലെ സ്പോണ്‍സര്‍ഷിപ്പ് നിയമത്തിന് പകരമായി പുതിയ നിയമം രൂപവല്‍കരിക്കുമെന്ന് ഖത്തര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. തൊഴില്‍ദാതാവുമായുള്ള കരാര്‍ പരമാവധി അഞ്ച് വര്‍ഷവും എക്സിറ്റ് പെര്‍മിറ്റ് സംവിധാനം നേരിട്ട് മന്ത്രാലയം നല്‍കുകയും ചെയ്യുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. നിര്‍ദേശിക്കപ്പെട്ട പുതിയ കരട് നിയമം കാബിനറ്റ് ചര്‍ച്ച ചെയ്യുകയും ശൂറാ കൗണ്‍സിലിന്‍െറ പരിഗണനയിലുമാണ്.
ആഗസ്റ്റ് മധ്യത്തോടെ തൊഴിലാളികള്‍ക്കുള്ള ഇലക്ട്രോണിക് പേയ്മന്‍റ് സംവിധാനം പൂര്‍ണമായും നടപ്പാക്കുമെന്നും തൊഴില്‍ രംഗത്തെ വലിയ പരിഷ്കാരങ്ങളിലൊന്നാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാതെ അതിനെ നേരിടുന്നതാണ് ഖത്തറിന്‍െറ പാരമ്പര്യമെന്നും ഖുലൈഫി പറഞ്ഞു.