നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 29 July 2017

യാത്ര പറച്ചിലിന്റെ മധുര നൊമ്പരം

ഒരു സാധാരണക്കാരനില്‍ സാധാരണക്കാരന്റെ സം‌ഭവ ബഹുലമായ പ്രവാസം മതിയാക്കലിന്റെ സകല മരുന്നും മേമ്പൊടിയും കൊണ്ട്‌ ധന്യമായ യാത്രയയപ്പ്‌ ആശം‌സകള്‍‌ക്ക്‌ അധ്യക്ഷന്‍ തന്നെ ആദ്യം തിരികൊളുത്തി.നിഷ്‌കളങ്കനും നര്‍‌മ്മ പ്രിയനുമായ  പ്രിയങ്കരനായ താജുക്ക എന്ന വിശേഷണം വളരെ നന്നായി ചേരുന്ന കുറിയ വലിയ മനുഷ്യന്‍.എന്ന സം‌ക്ഷിപ്‌ത വര്‍‌ത്തമാനത്തില്‍ അധ്യക്ഷന്‍ ഷറഫു ഹ്‌മീദ്‌ വാചാലമായി.

ഞാനറിയുന്ന താജുക്കയെ കുറെയൊക്കെ എഴുതി ഫലിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌.എഴുതാപ്പുറങ്ങള്‍ ഇനിയും ഉണ്ട്‌ എന്ന ആമുഖത്തോടെയാണ്‌ അസീസ്‌ മഞ്ഞിയില്‍ പറഞ്ഞു തുടങ്ങിയത്.കണിശമായ വര്‍‌ത്തമാനങ്ങള്‍ ദീര്‍ഘ വിക്ഷണമുള്ള പക്വമായ ചിന്തകള്‍ പാലിക്കാന്‍ കഴിയുന്നവയിലെ ആലോജനകള്‍ ഇതൊക്കെ താജുക്കയെ വ്യതിരിക്തനാക്കുന്നതായി മഞ്ഞിയില്‍ പറഞ്ഞു.നാട്ടില്‍ അവധിയില്‍ കഴിയുന്ന ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം,സലീം നാലകത്ത്‌,ഷൈദാജ്‌ മൂക്കലെ തുടങ്ങിയവര്‍ പങ്കുവെച്ച നര്‍‌മ്മങ്ങളും മര്‍മ്മങ്ങളും സാന്ദര്‍‌ഭികമായി വിശദീകരിക്കപ്പെട്ടു.

സഹപാഠിയെക്കുറിച്ചുള്ള നര്‍‌മ്മം നിറഞ്ഞ ഓര്‍‌മ്മകളുടെ സുഗന്ധച്ചെപ്പ്‌ തുറന്നു കൊണ്ടായിരുന്നു യൂസഫ്‌ ഹമീദ്‌ തുടങ്ങിയത്.ആത്മവിശ്വാസത്തോടെയുള്ള പ്രവര്‍‌ത്തനങ്ങള്‍ ഏതു കാര്യത്തിന്റേയും സകല വശങ്ങളും സൂക്ഷ്‌മമായി പരിശോധിക്കുന്ന ജിജ്ഞാസു അതിലുപരി ലക്ഷ്യം മുന്നില്‍ കണ്ട്‌ കൊണ്ടുള്ള പ്രവര്‍‌ത്തനം. ഇങ്ങനെയൊക്കെ താജുക്ക നമുക്കൊക്കെ മാതൃകയാണ്‌ യൂസഫ്‌ ഹമീദ്‌ പറഞ്ഞു നിര്‍‌ത്തി.

ഏത് ചര്‍‌ച്ചയിലും ഒരു പ്രതിപക്ഷ രീതിയിലൂടെ കാര്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു നിരീക്ഷകനെയാണ്‌ ഈ പ്രവാസി കൂട്ടായ്‌മയ്‌ക്ക്‌ ഇല്ലാതാകാന്‍ പോകുന്നതെന്ന മുഖവുരയോടെയായിരുന്നു അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ പറഞ്ഞു തുടങ്ങിയത്.അവസാനിപ്പിച്ച ചര്‍‌ച്ചകളുടെ കെട്ട്‌ വീണ്ടും പൊട്ടിക്കേണ്ട ഘട്ടങ്ങളില്‍ പോലും ആര്‍‌ക്കും ഒരു അലോസരവും ഉണ്ടാകാറില്ല.അതു തന്നെയാണ്‌ ഒരു ആത്മാര്‍ഥ നിറഞ്ഞ പ്രവര്‍‌ത്തകന്‌ ലഭിക്കുന്ന വലിയ അംഗീകാരം.പുതിയ വീട്ടില്‍ പൂരിപ്പിച്ചു.

കളിയും കളിത്തട്ടും കളവും എല്ലാം ഒരു ഹരമായി മനസ്സില്‍ സൂക്ഷിക്കുന്ന താജുക്ക. നാട്ടുകാരുമായി പ്രായ ഭേദമില്ലാതെ കൂട്ടു കൂടുന്ന വ്യക്തിത്വം.ആശം‌സകളും ആശീര്‍വാദങ്ങളും നേര്‍ന്നു വൈസ്‌ പ്രസിഡണ്ട്‌ കെ.ജി റഷീദ്‌ വിശദീകരിച്ചു. 

ഒരു കാരണവരുടെ തല്ലും തലോടലും പോലെ ഹൃദ്യമാണ്‌ താജുക്കയുടെ ഇടപെടലുകള്‍.നല്ല മനസ്സിന്റെ ഉടമ.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ എന്ന പ്രാര്‍‌ഥനയോടെ ആരിഫ്‌ ഖാസ്സിം ആശം‌സകള്‍ നേര്‍ന്നു.

നന്മയുടെ നാമ്പുകള്‍ മുളപ്പിക്കുന്നതിലും പുഷ്‌പിക്കുന്നതിലും ജാഗ്രത പുലര്‍‌ത്തിയ താജുക്കാക്കുള്ള ഹൃദയം തുറന്ന പ്രാര്‍‌ഥനയോടെ അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീം ആശംസിച്ചു.

വേദിയിലും സദസ്സിലും ഉള്ളവരുടെ ആശം‌സകള്‍‌ക്ക്‌ ശേഷം ഉപഹാരങ്ങള്‍ സമര്‍‌പ്പിക്കപ്പെട്ടു.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെയും,മുഹമ്മദന്‍‌സ്‌ ഖത്തറിന്റെയും,ഇസ്‌ലാമിക് എക്‌ചേഞ്ചിന്റെയും ഉപഹാരങ്ങള്‍ ഹര്‍‌ഷാരവങ്ങള്‍‌ക്കിടയില്‍ സമര്‍‌പ്പിച്ചു.

ഒടുവില്‍ താജുദ്ധീന്‍ എന്‍.വി മറുപടി പ്രസം‌ഗത്തിനു തുടക്കമിട്ടു.ഒരു പച്ച മനുഷ്യന്റെ ജീവിത യാത്രയിലെ അവിസ്‌മരണീയമായ മുഹൂര്‍‌ത്തങ്ങളെ അതി മനോഹരമായി താജുക്ക അവതരിപ്പിച്ചു.നാട്യങ്ങളില്ലാത്ത നാടന്‍ മനുഷ്യന്റെ ഹൃദയ നടുത്തളങ്ങളിലെ പച്ചയായ യാഥാര്‍ഥ്യങ്ങള്‍.ഒരോ വാക്കും അര്‍‌ഥ സമ്പുഷ്‌ടമയിരുന്നു.ഒരു നൂറ്‌ ഉദ്‌ബോധനത്തെക്കാള്‍ വിലപിടിച്ച അനുഭവ സാക്ഷ്യങ്ങള്‍.വേദിയും സദസ്സും കാത്‌ കൂര്‍‌പ്പിച്ചിരുന്ന നിമിഷങ്ങള്‍.ഒരു പെരിങ്ങാട്ടുകാരന്‍ ഇത്ര മനോഹരമായി ജിവിതം പറയുന്നത്‌ കേട്ടപ്പോള്‍ അത്ഭുതം.അതിലേറെ അഭിമാനം.ഒരു പക്ഷെ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ ചരിത്രത്തില്‍ ഇത്ര ഭാവാത്മകമായ നിമിഷങ്ങള്‍ ജനിച്ചിട്ടുണ്ടാവില്ല.

ഇളം പ്രായത്തില്‍ നാടുവിടാന്‍ നിര്‍‌ബന്ധിതമായ  സാഹചര്യങ്ങളില്‍ നിന്നുമുള്ള ജീവിതം പറഞ്ഞു തുടങ്ങി.പ്രയാസങ്ങള്‍‌ക്ക്‌ മേല്‍ പ്രയാസം സഹിച്ച ബോം‌ബെ ജിവിതം.പിന്നെ മണലാരണ്യത്തില്‍.പരുപരുത്ത ജിവിത ബാല പാഠങ്ങള്‍‌ക്കപ്പുറം ഒന്നും കയ്യിലില്ലാത്ത തനി ഗ്രാമീണന്‍.ഓരോ പ്രതിസന്ധിയും അതില്‍ നിന്നുള്ള മോചനവും മറ്റൊരു പാഠമാക്കി മനസ്സില്‍ സൂക്ഷിച്ചു പോന്ന നാളുകള്‍.ഉണങ്ങി വരണ്ട ജീവിത യാഥാര്‍‌ഥ്യങ്ങളില്‍ നിന്നും പച്ചയായ മേച്ചില്‍ പുറങ്ങള്‍ കിനാവു കണ്ട പ്രവാസി.അനുഭവത്തിന്റെ നേര്‍‌ സാക്ഷ്യങ്ങളെ മുന്നില്‍ വെച്ച്‌ ഇന്നിനേയും നാളെയേയും സമന്വയിപ്പിച്ചു കൂട്ടിക്കൊണ്ടു പോകാന്‍ മാത്രം സ്ഥൈര്യവും ധീരതയും പറയുകയും പാലിക്കുകയും ചെയ്‌ത നിഷ്‌കളങ്കന്‍.

കുടും‌ബന്ധങ്ങളെ ഇണക്കിയും വിളക്കിയും ഇണയും തുണയും ഒരു സമ വാക്യം പോലെ നെഞ്ചില്‍ സൂക്ഷിച്ച്‌ അവസരോചിതം ഇടപെട്ട മനുഷ്യന്‍.ഞാനും പെണ്ണും കുട്ടികളും പിന്നെ തട്ടാനും എന്ന കലികാല ലോകത്തിന്‌ അനന്യമായ മാതൃകയായി ജീവിതം വരച്ച വ്യക്തിത്വം.കേവല വാചോടാപങ്ങളല്ല.ശരിക്കും ഒരു നെടും കയറ്റം അനായാസേന്യ കയറിക്കാണിച്ചു തരുന്നു താജുക്ക.
ഹൃദയാവര്‍ജ്ജകമായ മറു മൊഴിയില്‍ എല്ലാവരും നനഞ്ഞ കണ്ണുകളോടെ നിശബ്‌ദം കേട്ടിരുന്നു.

കരുതി വെക്കലിന്റെ കരുപ്പിടിപ്പിച്ച കാര്യ വിചാരത്തിന്റെ പൂവണിഞ്ഞ നാളില്‍ മകളുടെ മം‌ഗല്യ സ്വപ്നത്തിനുള്ള ആഭരണങ്ങള്‍ അലാവുദ്ധീന്റെ അത്ഭുത വിളക്കിനെ വെല്ലും വിധം പുര്‍‌ത്തീകരിക്കപ്പെടുന്നു. ഈ മനോഹരമായ നിമിഷം താജുക്ക പറഞ്ഞു തീര്‍ത്തപ്പോള്‍ ഒരു ദീര്‍‌ഘ നിശ്വാസം ഉയരുന്നുണ്ടായിരുന്നു.ഈ ജീവിത കഥാവിഷ്‌കാരമാകട്ടെ പുതു തലമുറയ്‌ക്ക്‌ കിട്ടിയ അമൂല്യമായ പാഠ ഭേദവും.

സെക്രട്ടറി തൗഫീഖ്‌ താജുദ്ധീന്റെ സ്വാഗതത്തോടെ തുടങ്ങിയ സം‌ഗമം അധ്യക്ഷന്റെ ഉപസം‌ഹാരവും അസീസ്‌ മഞ്ഞിയിലിന്റെ പ്രാര്‍ഥനയും കഴിഞ്ഞപ്പോള്‍ സെക്രട്ടറി ഹാരിസ് അബ്ബാസ്‌ നന്ദി പ്രകാശിപ്പിച്ചു.

ജുമുഅ നമസ്‌കാരാനന്തരം എല്ലാവരും ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിച്ചതിനു ശേഷം തുടങ്ങിയ യോഗം വൈകീട്ട്‌ 03.30 സമാപിച്ചു.
ദിമീഡിയ