നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 15 August 2017

തിരുനെല്ലൂര്‍ സ്‌കൂള്‍ സ്വാതന്ത്ര്യ ദിനം

തിരുനെല്ലൂര്‍:ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച്‌ എ.എം.എല്‍.പി സ്‌കൂളിലെ കുരുന്നുകള്‍ വര്‍‌ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു.         

പ്രധാനാധ്യാപിക ശ്രീമതി ആനി പോള്‍,മറ്റ്‌ അധ്യാപകര്‍,രക്ഷിതാക്കള്‍,സാമൂഹിക സാം‌സ്‌കാരിക രാഷ്ട്രീയ രം‌ഗത്തെ ഒറ്റപ്പെട്ട ചിലരും സം‌ബന്ധിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.

തിരുനെല്ലൂരിന്റെ അനുഗ്രഹീത എഴുത്തുകാരന്‍ സൈനുദ്ധീന്‍ ഖുറൈഷി പ്രസ്‌തുത ആഘോഷത്തില്‍ സം‌ബന്ധിച്ചതിനു ശേഷം പങ്കു വെച്ച തുറന്ന കത്ത്‌ ഇതോടൊപ്പം പോസ്റ്റു ചെയ്യുന്നു.സ്വാതന്ത്ര്യ ലബ്ധിയുടെ എഴുപത്തിയൊന്നാം വാർഷികം ആഘോഷിക്കുന്ന  തിരുനല്ലൂർ എ.എം.എൽ.പി സ്‌കൂളിൽ കുഞ്ഞുങ്ങളോടൊപ്പം ഒന്നു ചേർന്ന് തിരിച്ചു വന്നതിന്റെ ശേഷമുള്ള കുറിപ്പ്‌ ഇവിടെ സമര്‍പ്പിക്കുന്നു.

എന്തിനൊക്കെയോ വേണ്ടിയുളള പാച്ചിലിൽ തിരക്കിൽ സ്വയം നഷ്ടപെട്ട കുറെ ആളുകളെ ഇന്നു കാണാൻ കഴിഞ്ഞു.കല്‍‌പിക്കപ്പെട്ട നിര്‍‌ബന്ധാനുഷ്‌ഠാനം സൂക്ഷ്മമായി നിര്‍‌വഹിക്കാന്‍ സമയമില്ലാതെ ഐഛികമായതിന്‌ വേണ്ടി പരക്കം പായുന്ന ഒരു സമൂഹം.നന്മകളെ കുറിച്ച്‌ വാചാലരാകുന്നവർ ഒരു പൊതു നന്മക്ക് വേണ്ടി വ്യക്തി വിദ്വേഷങ്ങളെ മാറ്റി നിർത്തുവാൻ തയ്യാറാകുന്നില്ല എന്നത് എക്കാലവും എല്ലാ രംഗത്തും പരാജയങ്ങൾ ഉണ്ടാക്കുന്നു.

തിരുനെല്ലൂർ ദേശത്തെ വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ നിഷ്കളങ്കരും ഭാവിയുടെ സമാധാന ദൂതരും ആയ കുട്ടികളെ അണി ചേർത്ത് മാതൃകാ പരമായി നടക്കേണ്ടിയിരുന്ന ഇന്നത്തെ ഏതൊരു ഇന്ത്യക്കാരന്റെയും അഭിമാനമായ സ്വാതന്ത്ര്യ ദിനം അർഹിക്കുന്ന പ്രാധാന്യത്തോടെയും വിപുലമായും നടത്താൻ സാധിച്ചില്ല.അതിന്റെ പൂർണ്ണമായ ഉത്തരവാദിത്വം വമ്പന്മാരെന്ന് ഏറെ അഹങ്കരിക്കുന്ന തിരുനല്ലൂർ ദേശക്കാരുടേത് തന്നെയാണ്‌.അധ്യാപികമാരും കുട്ടികളും കഷ്ടപ്പെട്ട് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത കുറച്ചു കലാപരിപാടികൾ ഉണ്ടായിരുന്നു.

സാങ്കേതിക സൗകര്യങ്ങൾ ഒന്നുമില്ലാതെ എന്നാൽ വളരെ നിഷ്കപടമായി ആ കുരുന്നുകൾ അവതരിപ്പിച്ച പരിപാടികൾ അവഗണിക്കപ്പെടേണ്ടതല്ലായിരുന്നു.ഭാരതാംബയെ ഭിന്നമാക്കുന്ന വൈവിധ്യ സംസ്കാരങ്ങളുടെ കടന്നാക്രമണത്തെ അഹിംസാത്മകമായ ധീര സമരത്തിലൂടെയും ഐക്യത്തിലൂടെയും ചെറുത്ത് തോൽപ്പിക്കുകയും സ്വാതന്ത്ര്യം ഒത്തൊരുമയിലൂടെ നേടിയെടുക്കുകയും ചെയ്യുന്ന മനോഹരമായ ഒരു സ്കിറ്റ് കുട്ടികൾ അവതരിപ്പിച്ചു. വളർന്നപ്പോൾ നമുക്ക് നഷ്ടപ്പെട്ട ഈ നിഷ്കളങ്കതയുടെ  അടയാളപ്പെടുത്തലായിരുന്നു നാട്ടിൽ സജീവമായി ഇപ്പൊൾ ഉള്ള ചെരുപ്പക്കാരുടെ അഭാവം.

നാട്ടിലെ ഒരു പൊതു വിദ്യാലയത്തിലെ ആർക്കും എതിരഭിപ്രായമില്ലാത്ത ഒരു പൊതു പരിപാടിയിൽ ഭാഗഭാക്കാവാതെ മാറി നിന്നത്‌ ധാർമ്മികവും വൈയക്തികവുമായ അപചയമായി കാണാനേ കഴിയു.ഇമാമുമായി വ്യക്തി വൈരാഗ്യമുണ്ടെന്നതിനാൽ വെള്ളിയാഴ്ച ജുമുഅക്ക് പങ്കെടുക്കാത്തതിലെ ഔചിത്യം പോലെ.നാടിന്റെ പൊതുവായ പുരോഗമനങ്ങൾക്കായി ഒരുമിച്ച് നിൽക്കണമെന്ന് മാത്രമെ എനിക്ക്‌ പറയാനുള്ളൂ. അതിനു വ്യക്തിപരവും ഗ്രൂപ്പ് പരവുമായ ഇടപെടലുകൾ തടസ്സമാകരുത്.സ്‌കൂളിലെ സ്മാർട്ട് റൂം പദ്ധതിയുടെ സംസ്ഥാപനത്തിനായി ഒരു മീറ്റിങ് സംഘടിപ്പിക്കുന്നുണ്ട്. എല്ലാ സഹൃദയരും അതിൽ പങ്കെടുക്കുകയും അതിനെ ലക്ഷ്യ പ്രാപ്തിയിലേക്ക് എത്തിക്കുകയും ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു. 

ദിതിരുനെല്ലൂര്‍