നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 13 November 2017

കൊലക്കേസ്‌ പ്രതി വെട്ടേറ്റ്‌ മരിച്ചു

ഗുരുവായൂർ:സുഹൃത്തുമായി ബൈക്കിൽ സഞ്ചരിച്ച ആർ.എസ്.എസ് പ്രവർത്തകനെ കാറിടിച്ചു വീഴ്ത്തി മൂന്നംഗസംഘം വെട്ടിക്കൊന്നു. കടവള്ളി ലക്ഷം വീട് കോളനി വടക്കേതരകത്ത് ആനന്ദനാണ് (28) മരിച്ചത്. നെൻമിനി ബലരാമക്ഷേത്രത്തിനു സമീപം പോസ്റ്റ് ഓഫിസ് റോഡ് ജംക്​ഷനിൽ പകൽ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേതരകത്ത് അംബികയുടെ മകനാണ്.വീടിന് ഒരു കിലോമീറ്റർ അകലെയാണു സംഭവം. സുഹൃത്ത് ഏങ്ങണ്ടിയൂർ ചെമ്പകശേരി വിഷ്ണു ചന്ദ്‌മോഹനെ (20) പിന്നിലിരുത്തി ബൈക്കിൽ വീട്ടിലേക്കു പോകുമ്പോൾ എതിർദിശയിൽ വന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കഴുത്തിലും ശരീരത്തിലും വാളു കൊണ്ടുള്ള വെട്ടേറ്റു. വിഷ്ണു ഓടി നെൻമിനി ദേവസ്വം ക്വാർട്ടേഴ്‌സിൽ അഭയം തേടി.

തൈക്കാട് ബ്രഹ്മകുളം കിയ്യരമുക്കിൽ കുന്നംകോരത്ത് സലീമിന്റെ മകനായ എസ്.എഫ്‌.ഐ നേതാവ് ഫാസിലിനെ 2013 നവംബർ നാലിനു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് ആനന്ദൻ. ഫാസിലിന്റെ സഹോദരൻ ഫാഹിസിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് അക്രമികൾ എത്തിയതെന്നു പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളിൽ ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു.

ആനന്ദ് കൊല്ലപ്പെട്ടതിനെ തുടര്‍‌ന്ന്‌ മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി ബ്ലോക് സെന്ററില്‍ സംഘര്‍‌ഷമുണ്ടായി.വാഹനങ്ങള്‍ തടഞ്ഞതിന്‌ പൊലീസ്‌ പിടികൂടി ജീപ്പില്‍ കയറ്റിയ യുവാവിനെ ഇരുപതോളം ബി.ജെ.പി പ്രവര്‍‌ത്തകര്‍ ബലമായി മോചിപ്പിക്കുകയും പൊലീസിനു നേരെ കൈയേറ്റത്തിന്‌ ശ്രമിക്കുകയും ചെയ്‌തു.

ഞായറാഴ്‌ച ഉച്ചതിരിഞ്ഞ്‌ ബൈക്കുകളിലെത്തിയ സം‌ഘം മേഖലയിലെ മരുതയൂര്‍,കവല,പാവറട്ടി,പുവ്വത്തൂര്‍,മുല്ലശ്ശേരി,വെങ്കിടങ്ങ് എന്നിവിടങ്ങളില്‍ വ്യാപകമായ അതിക്രമങ്ങള്‍ നടത്തി.ഇതര രാഷ്‌ട്രീയ പാര്‍‌ട്ടികളുടെ കൊടി തോരണങ്ങളും ഫ്ലക്‌സുകളും നശിപ്പിച്ചു.വ്യാപാര സ്ഥാപനങ്ങളും,പെട്രോള്‍ പമ്പുകളും ബലമായി അടപ്പിച്ചു.ബസുകള്‍ തടഞ്ഞ്‌ യാത്രക്കാരെ വഴിയില്‍ ഇറക്കി വിട്ടു.വാഹനങ്ങള്‍ തടഞ്ഞ്‌ യാത്രക്കാരെ ഭീഷണിപ്പെടുത്തി.വൈകുന്നേരം പ്രദേശത്തെ സെന്ററുകളില്‍ ടയറുകള്‍ കൂട്ടിയിട്ട്‌ കത്തിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു.

പ്രദേശത്ത്‌ ജില്ലാ കലക്‌ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുവാനോ പ്രകടനം നടത്തുവാനോ പാടില്ലെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

പ്രശ്‌ന ബാധിത പ്രദേശത്ത്‌ വന്‍ പൊലീസ്‌ സന്നാഹം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. മരുതയൂര്‍,കവല,ചുക്കുബസാര്‍,വെന്മേനാട്‌,മുല്ലശ്ശേരി,വെങ്കിടങ്ങ്‌ എന്നിവിടങ്ങളില്‍ പ്രത്യേക പൊലീസ്‌ പിക്കറ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.