നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 23 April 2018

മുപ്പതിന്റെ വൈഭവത്തോടെ

ദോഹ  മുഹമ്മദൻസ് അക്ഷരാർത്ഥത്തിൽ  തന്നെ ദോഹയായിരിക്കുന്നു. ( ദോഹ എന്നാല്‍ പന്തലിച്ചു നിൽക്കുന്ന വടവൃക്ഷം.വാരാന്ത്യത്തില്‍ ദോഹയിലെ ഹിലാലിൽ  സ്കൈ മീഡിയ ഓഡിറ്റോറിയത്തിൽ  വെച്ച് നടന്ന മുഹമ്മദൻസിൻറെ മൂന്നാം വാർഷിക സംഗമത്തിൽ പങ്കെടുത്തപ്പോഴുണ്ടായ  അനുഭവം അതായിരുന്നു.

ഈ ചെറിയ കാലഘട്ടത്തിനുള്ളിൽ  അത് നിർവഹിച്ച  ദൗത്യങ്ങൾ വിവരണാതീതമാണ്. മാനുഷിക മൂല്യങ്ങളിൽ ഊന്നിനിന്നുകൊണ്ടുള്ള  അതിൻറെ പ്രവർത്തനങ്ങൾ അനുകരണീയമാണ്.നാട്ടിലെ ഒട്ടേറെ സേവന പ്രവർത്തനങ്ങളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചികിത്സാ സഹായങ്ങൾ,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ,പള്ളി-മദ്രസാ പുനരുദ്ധാന പ്രവർത്തനങ്ങൾ അങ്ങനെ അങ്ങനെ..

വാർഷിക  സമ്മേളനത്തിൻറെ കെട്ടും മട്ടും സംഘാടനവും വീക്ഷിച്ചാൽ  ശക്തമായ  ഒരു നേതൃത്വത്തിൻറെ കീഴിൽ പരിശീലനം  നേടിയവരാണ് ഇതിൻറെ സംഘാടകരെന്ന് മനസ്സിലാക്കാം.മനോഹരമായ ഖുർആൻ പാരായണത്തോടെ തുടങ്ങി,നമസ്കാരത്തിന്റെ 10 മിനിറ്റു മുമ്പ്‌ പരിപാടി നിറുത്തിവെച്ചു.കുടുംബിനികൾക്ക് നമസ്ക്കരിക്കാനുള്ള  ഹാൾ സജ്ജമാക്കി,ചായയും പലഹാരവും ഒരുക്കിവെച്ചു തികച്ചും മാതൃകാപരമായ കീഴ്‌വഴക്കമാണ് കാഴ്ചവെച്ചത്.ശാസ്ത്രീയമായ രീതിയിൽ സമ്മേളനത്തെ  മൂന്ന് സെഷനുകളായി തിരിച്ചുകൊണ്ടു,ഒഫീഷ്യൽ സെഷൻ,പുസ്തക പ്രകാശന സെഷൻ, കൾച്ചറൽ സെഷൻ-പ്രത്യേകം ബോർഡുകൾ വെച്ചുകൊണ്ടുള്ള സ്റ്റേജ് ക്രമീകരണം എല്ലാം നൊടിയിടയിൽ.  വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഏതാനും പേരെ സദസ്സിൽ ആദരിക്കുകയുണ്ടായി.തികച്ചും അർഹിക്കുന്ന അംഗീകാരം തന്നെ. അതേറ്റു വാങ്ങുമ്പോഴുള്ള അവരുടെ ഭാവത്തിൽ നിന്നും മനസ്സിലാക്കാം ,സന്തോഷത്തിൻറെ കൊടുമുടിയിൽ നിന്നുകൊണ്ടാണ് അവരത് സ്വീകരിക്കുന്നതെന്ന്.മറുപടി പ്രസംഗത്തിൽ ,സ്വന്തം നാട്ടിൽ നിന്നുള്ള ഒരു യുവജനസംഘടനയിൽ നിന്നും തങ്ങൾക്ക്‌ അംഗീകാരമായി നൽകിയ പുരസ്ക്കാരം ഏറ്റുവാങ്ങിയതിലുള്ള സന്തോഷം അവർ പങ്ക് വെച്ചു. കേരളത്തിനകത്തും  പുറത്തും നിന്ന് അനേകം അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയിട്ടുള്ളവരാണവർ. പക്ഷെ,ജന്മനാട്ടിൽ നിന്നും ഇന്നേവരെ ഒരു സംഘടനയോ,സം‌വിധാനമൊ തങ്ങളുടെ കഴിവുകളെ കണ്ടറിയാനോ,പ്രോത്സാഹനം നൽകാനോ തയാറായിട്ടില്ല ,അതുകൊണ്ട് തന്നെ ഈ നിമിഷങ്ങൾ ഇരട്ടിമധുരം സമ്മാനിക്കുന്നതായി യുവപ്രതിഭ വികാരാധീനനായി പറഞ്ഞു. വളർന്നു വരുന്ന പ്രതിഭകൾക്ക് നാട്ടിൽനിന്നും വേണ്ടത്ര പ്രോത്സാഹനം ലഭിക്കുന്നില്ല എന്ന പരാതിയിൽ പരിഹാരവുമായി ഖത്തര്‍ മഹല്ല്‌ അസോസിയേഷന്റെ അമരക്കാരൻ തന്നെ രംഗത്ത്‌ വന്നു. സമീപ ഭാവിയിൽ തന്നെ വിപുലമായ രീതിയിൽ ഒരു സമ്മേളനം നാട്ടിൽ സംഘടിപ്പിക്കുമെന്നും,അതിൽ അർഹരായവരെ അർഹിക്കുന്ന പരിഗണന നൽകി ആദരിക്കുമെന്നും മുഹമ്മദൻസിൻറെ കൂടി രക്ഷാധികാരി പ്രഖ്യാപിച്ചപ്പോൾ ഹർഷാരവത്തോടെയാണ് സദസ്സ് അതേറ്റെടുത്തത്.

കുരുന്നുമക്കളുടെ കലാപ്രകടനങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു. പെൺകുട്ടികളുടെ ഒപ്പനയാണ് പ്രചാരത്തിലുള്ളതെങ്കിലും യുവാക്കളുടെ ചുവടൊപ്പിച്ചുള്ള ഒപ്പന പുതിയൊരനുഭവമായി.ഇടയ്ക്കിടെയുള്ള ചെറിയ മത്സരങ്ങളും തല്‍‌ക്ഷണമുള്ള സമ്മാനങ്ങളും സദസ്സിനെ ആവേശഭരിതമാക്കുന്നുണ്ട് ഭക്ഷണ വിതരണത്തിൽ പോലും പുതുമ ദർശിക്കാനായി. ഇമ്പമാർന്ന പരിപാടികൾ നടന്നുകൊണ്ടിരിക്കുമ്പോൾ അതിന് ഭംഗം വരാത്തരീതിയിൽ രഹസ്യമായി ഓരോരുത്തരെ ക്ഷണിച്ചുകൊണ്ടുപോയി ഭക്ഷണഹാളിൽ ഇരുത്തി ഭക്ഷണം വിതരണം ചെയ്യുന്ന രീതി അഭിനന്ദനാര്‍‌ഹം.

ഏറെ നാളത്തെ പ്രവർത്തനത്തിന്റെയും പരിശ്രമത്തിൻറെയും ഫലമായി വളരെ ചിട്ടയോടെയും ഭാവനാവിലാസത്തോടെയും രൂപപ്പെടുത്തിയ പരിപാടി ഖത്തർ മുഹമ്മദൻസിൻറെ കിരീടത്തിൽ ഒരു പൊൻ  തൂവൽ കൂടി തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു എന്നതിൽ സംശയമില്ല.

നാട്ടിൽനിന്നും സന്ദർശനാർത്ഥം ദോഹയിലെത്തിയിട്ടുള്ള ഒട്ടനവധി കുടുംബങ്ങൾക്ക് ആസ്വദിക്കാനും,ആനന്ദിക്കാനും കുശലം പറയാനും വിരുന്നൊരുക്കിയുള്ള മുമ്മദന്‍‌സിന്റെ മൂന്നാം വാർഷികം മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ടാണ് തിരശ്ശീല താഴ്ന്നത്. 
അബ്ദുൽഖാദർ പുതിയവീട്ടിൽ.