നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 13 March 2019

നിശ്ചയദാര്‍ഢ്യത്തോടെ

ആത്മവിശ്വാസത്തോടെ നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷാ നാളുകളെ അഭിമുഖീകരിക്കുക.
അധ്യയനവര്‍ഷാവസാനത്തിലേയ്‌ക്ക്‌ പ്രവേശിക്കുകയാണ്‌.ഇനിയുള്ള നാളുകള്‍ പരീക്ഷാ പരീക്ഷണത്തിന്റെ ദിനരാത്രങ്ങളാണ്‌.പഠിതാക്കളില്‍ ആത്മവിശ്വാസവും ഉണര്‍വും ഉന്മേഷവും ഉത്സാഹവും വളര്‍ത്തിയെടുക്കേണ്ട കാലം. അതിജാഗ്രതയിലൂടെ പരീക്ഷാ പേടിയുണ്ടാക്കി ആശങ്കവളര്‍ത്തുന്നതും വേണ്ടത്ര പരിഗണന നല്‍കാതെ നിരാശാജനകമായ അവസ്ഥ  ജനിപ്പിക്കുന്നതും ഒരുപോലെ ദോഷം ചെയ്യും .ഇവ്വിഷയത്തില്‍ രക്ഷിതാക്കളും അധ്യാപകരും ബദ്ധശ്രദ്ധരായിരിക്കണം .

കൃത്യമായ ചിട്ടവട്ടങ്ങള്‍ സകല വിജയങ്ങള്‍ക്കും അനിവാര്യമത്രെ.പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങളില്‍ പ്രഥമ പരിഗണന സമയനിഷ്‌ഠയ്‌ക്കായിരിക്കണം  .ക്രമപ്പെടുത്തിയ അജണ്ട കാര്യങ്ങള്‍ സുഖമമാക്കും.എല്ലാ അര്‍ഥത്തിലും ആരോഗ്യകരമായ ചുറ്റുപാട്‌ പഠനത്തെ അനായാസമാക്കും .സമയക്രമീകരണത്തില്‍ വിശ്രമത്തിനുള്ള പങ്ക്‌ അനിഷേധ്യമത്രെ.ആരോഗ്യകരമായ ഭക്ഷണം പോലെ പ്രധാനമാണ്‌ ശരിയായ രീതിയിലുള്ള വിശ്രമവും ഉറക്കവും .ഉറക്കമിളച്ചിരുന്ന്‌ പഠിക്കുന്ന ശീലം പ്രോത്സാഹിപ്പിക്കപ്പെടരുത്‌.

നേരത്തെ ഉറങ്ങുകയും പുലരും മുമ്പുണരുകയും എന്നതായിരിക്കണം സമയക്രമീകരണത്തില്‍ പാലിക്കപ്പെടേണ്ട രീതി. പഠനത്തിന്‌ വിധേയമാക്കുന്ന ഭാഗങ്ങള്‍ ചെലവഴിക്കുന്ന സമയം പുനര്‍വായനയ്‌ക്കുള്ള സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തകയും പാലിക്കുകയും വേണം .ഇലക്ട്രോണിക് മീഡിയ ഒന്നുകില്‍ തീരെ ഒഴിവാക്കുകയൊ അതുമല്ലങ്കില്‍ നിശ്ചിതസമയം അതിനുവേണ്ടി നീക്കിവെക്കുകയൊ വേണം.വിശ്രമ മുറിയില്‍ വീട്ടുകാര്‍ സ്വൈര്യസല്ലാപം നടത്തുന്നിടത്ത്‌ അവരുമായി ചിരിച്ചും കളിച്ചും പഠിക്കാന്‍ ശ്രമിക്കരുത്.എഴുതിപ്പഠിക്കേണ്ടത്‌ വരച്ച് പഠിക്കേണ്ടത്‌ ഓര്‍മ്മിച്ചിരിക്കേണ്ട സമവാക്യങ്ങള്‍ തുടങ്ങിയവ കൃത്യമായ അഭ്യാസങ്ങളിലൂടെ സ്വായത്തമാക്കണം.ആത്മാര്‍ഥമായ ലക്ഷ്യബോധത്തോടെ സമയബന്ധിതമായി നിശ്ചയദാര്‍ഢ്യത്തോടെ പരീക്ഷയെ അഭിമുഖീകരിക്കുക.വിജയം സുനിശ്ചിതം .