നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 5 May 2019

ഹദിയ റമദാന്‍ സമാരം‌ഭം കുറിച്ചു

തിരുനെല്ലൂര്‍:പുണ്യങ്ങളുടെ വസന്ത കാലത്തെ ഇഹ പര സൗഭാഗ്യങ്ങള്‍‌ക്ക്‌ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ആഹ്വാനത്തോടെ ഹദിയ റമദാന്‍ ഉദ്‌ഘാടന കര്‍‌മ്മം ധന്യമായി.റമദാന്‍ സന്ദേശവും നിസ്‌കാര സമയ വിവര പട്ടികയും ഒപ്പം ഈത്തപ്പഴവും അടങ്ങുന്നതാണ്‌ ഹദിയ റമദാന്‍.പവിത്രമായ ഈ മാസത്തിലേയ്‌ക്ക്‌ പ്രവേശിക്കുന്ന വേളയില്‍ വിശാല മഹല്ല്‌ തിരുനെല്ലൂര്‍ പരിതിയിലുള്ള എല്ലാ വീടുകളിലും ഹദിയ റമദാന്‍ വിതരണം ചെയ്യും.

അനുഗ്രഹങ്ങളുടെ വിവരണാതീതമായ ദിന രാത്രങ്ങളെ പാഴാക്കാതെ വിജയികളാകാനുള്ള അത്യുത്സാഹങ്ങള്‍‌ക്ക്‌ ഊര്‍ജ്ജം പകരാനുള്ള നന്മ തിരുനെല്ലൂരിന്റെ പ്രവര്‍‌ത്തനങ്ങള്‍ ശ്‌ളാഘിക്കപ്പെട്ടു.ഒരു നാടിനെ മുഴുവന്‍ അവസരോചിതമായി തൊട്ടുണര്‍‌ത്തുന്ന സര്‍‌ഗാത്മകമായ ഈ പദ്ധതിയുടെ വിജയത്തിനായി ഭാഗഭാക്കുകളായ സുമനസ്സുകളുടെ സന്നദ്ധത പ്രകീര്‍‌ത്തിക്കപ്പെടുകയും അവര്‍‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കുകയും ചെയ്‌തു.

നന്മ തിരുനെല്ലൂര്‍ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍‌ന്ന ലളിതമായ സദസ്സില്‍ കണ്‍‌വീനര്‍ ഷം‌സുദ്ദീന്‍ പി.എം സ്വാഗതം പറഞ്ഞു.പ്രദേശത്തെ വിവിധ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുക്കുകയും ആശം‌സകള്‍ അറിയിക്കുകയും ചെയ്‌തു.നന്മ ഭാരവാഹികളും പ്രവര്‍‌ത്തകരും കൂടാതെ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ ഹുസൈന്‍,വാര്‍‌ഡ്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍,എം.ബി സെയ്‌തു മുഹമ്മദ്‌, മഹല്ല്‌ ഭാരവാഹികള്‍,ആദരണീയരായ അബൂബക്കര്‍ മാസ്റ്റര്‍,ഹാജി കുഞ്ഞുമോന്‍ വടക്കന്റെ കായില്‍,വി.കെ ഖാസ്സിം തുടങ്ങിയവരും  നന്മയുടെ സഹചാരികളും സഹകാരികളും സഹോദരങ്ങളും പങ്കെടുത്തു.