നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 20 May 2019

ദോഹ മെട്രോ തിരിക്ക്‌ കൂടുന്നു

ദോഹ മെട്രോയുടെ ഗോൾഡ്​ ക്ലബ്​ ട്രാവൽ പാസിന്​ ആവശ്യക്കാർ ഏറുന്നു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്ക്​ വർധിക്കുന്ന സന്ദർഭങ്ങളിലാണ്​ പ്രത്യേകിച്ചും ഈ പാസിന്​ ആവശ്യക്കാർ കൂടുന്നതെന്ന്​ ഇം‌ഗ്ലീഷ്‌ പത്രം റിപ്പോർട്ട്​ ചെയ്​തു.

സ്​റ്റാൻഡേർഡ്​ കാർഡ്​ നിലവിൽ ഉള്ള യാത്രക്കാർ പോലും ഗോൾഡ് ​ക്ലബ്​ ട്രാവൽ പാസ്​ എടുക്കുന്നുണ്ട്​. ആദ്യഘട്ട ഓട്ടം തുടങ്ങിയ റെഡ്​ലൈനുകളിൽ 13 സ്​റ്റേഷനുകളിലൂടെയാണ്​ ദോഹ മെട്രാ കടന്നുപോകുന്നത്​. അൽ ഖസർ, ഡി.ഇ.സി.സി, ക്യു.ഐ.സി വെസ്​റ്റ്​ ബേ, കോർണിഷ്​, അൽബിദ (ഇൻറർചേഞ്ച്​ സ്​റ്റേഷൻ), മുശൈരിബ്​ (ഇൻറർചേഞ്ച്​ സ്​റ്റേഷൻ), അൽ ദോഹ അൽ ജദീദ, ഉമ്മു ഗ്വാളിന, അൽ മതാർ അൽ ഖദീം, ഉഖ്​ബ ഇബ്​ൻ നഫീ, ഫ്രീ സോൺ, റാസ്ബു ഫന്റാസ്‌​, അൽ വഖ്​റ എന്നിവയാണ്​ ഈ സ്​റ്റേഷനുകൾ.ലുസൈൽ, ഖത്തർ യൂനിവേഴ്​സിറ്റി, ലെഗ്​തൈഫിയ, കതാറ എന്നീ സ്​റ്റേഷനുകളും ഉടൻ തുറക്കും.

മെട്രോ സ്​റ്റാൻഡേർഡ്​ കാർഡ്​, ഗോൾഡ്​ ക്ലബ്​, ലിമിറ്റഡ്​ യൂസ്​ എന്നീ മൂന്നുതരം യാത്രാ കാർഡുകൾ ആണ്​ ഖത്തർ റെയിൽ പുറത്തിറക്കിയിരിക്കുന്നത്​.സ്‌റ്റാന്റേര്‍‌ഡ്‌ കാര്‍‌ഡ്‌ ഒരു യാത്രക്ക്​ രണ്ട്‌​ രിയാലും ഒരു ദിവസത്തെ മൊത്തം യാത്രക്ക്‌ 6 രിയാലും ആണ്​ നിരക്ക്‌. മെട്രോ സ്റ്റേഷനുകളിലെ ഗോൾഡ്​ ക്ലബ്​ ഓഫിസുകളിൽ ഗോൾഡ്​ ക്ലബ്​ പാസുകൾ ലഭ്യമാണ്​. ഒരു യാത്രക്ക്​ പത്ത്​ രിയാൽ ആണ്​ ചെലവ്​. ഒരു ദിവസത്തെ മൊത്തം യാത്രക്കാകട്ടെ 30 രിയാൽ ആണ്​ ആവുക. സ്​റ്റാൻഡേർഡ്​ പാസുകാർക്കുള്ളതിനേക്കാൾ മെച്ചപ്പെട്ട സീറ്റുകളും സൗകര്യങ്ങളുമാണ്​ ഗോൾഡ്​ ക്ലബ്​ പാസുകാർക്ക്​ മെ​ട്രോയിൽ ഉള്ളത്​. 100 രിയാൽ ആണ്​ ഗോൾഡ്​ക്ലബ്​​ പാസ്​ സ്വന്തമാക്കാൻ വേണ്ടത്​. വാങ്ങുന്ന അന്നുമുതൽ അഞ്ച്​ വർഷമാണ്​ ഇതി​ന്റെ കാലാവധി. ഓരോ യാത്രയിലും ചെലവാകുന്ന തുക കാർഡിൽ രേഖപ്പെടുത്തപ്പെടും. അഞ്ചുവയസിന്​ താഴെ പ്രായമുള്ള കുട്ടികൾക്ക്​ യാത്ര സൗജന്യമാണ്​. അഞ്ചിനും അതിനും മുകളിലും പ്രായമുള്ളവർക്ക്​ സ്വന്തം ട്രാവൽ കാർഡ്​ നിർബന്ധമാണ്​.

സ്​ഥിരമായി മെട്രോ യാത്ര ചെയ്യുന്നവർക്ക്​ ഏറെ ഉപകാരപ്രദമാണ്​ ഗോൾഡ്​ക്ലബ്​ പാസ്​ എന്ന്​ യാത്രക്കാർ സാക്ഷ്യപ്പെടുത്തുന്നു.മേയ്​ എട്ടിനാണ്​ ദോഹ മെട്രോയുടെ ആദ്യഘട്ട യാത്ര തുടങ്ങിയത്​. അന്ന്​ മുതൽ ഗോൾഡ്​ക്ലബ്​ പാസ്​ വാങ്ങാനെത്തുന്നവർ കൂടിവരികയാണെന്ന്​ മെട്രോ ജീവനക്കാരും പറയുന്നു. 

കുടുംബങ്ങൾ, ഗ്രൂപ്പായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർ ആണ്​ ഇക്കൂട്ടത്തിൽ കൂടുതലും ഉള്ളത്​. ഏറെ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ്​ ഖത്തർ റെയിൽ ടിക്കറ്റ്​ നിരക്കുകൾ തീരുമാനിച്ചിട്ടുള്ളത്​. ഏത്​ തരം ആളുകൾക്കും പ്രാപ്യമായ രൂപത്തിൽ ഉള്ള കാർഡുകൾ ആണ്​ അവതരിപ്പിച്ചിട്ടുള്ളത്​. നിരവധി കൗണ്ടറുകളിൽ യാത്രാകാർഡുകൾ ലഭ്യമാണ്​. എന്നാൽ സാധാരണ കാർഡു​കളേക്കാൾ ഗോൾഡ്​ക്ലബ്​ കാർഡുകൾക്ക്​ പണം കൂടുതൽ വേണം. ഇതിനാൽ ഹമദ്​ വിമാനത്താവളത്തിലേക്ക്​ കൂടി ദോഹ മെട്രോ നീട്ടുന്ന ഘട്ടത്തിൽ കാർഡ്​ കൂടുതൽ ഉപകാരമാകുമെന്നാണ്​ വിലയിരുത്തൽ. മെട്രോയുടെ റെഡ്​ലൈൻ അടുത്തുതന്നെ ഹമദ്​ വിമനത്താവളവുമായി ബന്ധിപ്പിക്കുന്നുണ്ട്​.

ഒരു യാത്രക്കാരന്​ രണ്ട്​ വലിയ ലെഗേജുകൾ.രണ്ട്​ ​ലെഗേജുകൾ മാത്രമേ ഒരു യാത്രക്കാരന്​ മെട്രോ ട്രെയിനിൽ അനുവദിക്കൂ. ചെറിയ ബാഗുകൾക്ക്​ പുറമേയാണിത്​.ഓരോ ലഗേജും 85സെ.മീ x 60സെ.മീ x 30 സെ.മീ വലുപ്പത്തിൽ കൂടരുത്​. പുഷ്​ചെയറുകൾ, വീൽചെയറുകൾ തുടങ്ങിയ വലിയ സാധനങ്ങളുമായി യാത്ര ചെയ്യുന്നവർ നിർബന്ധമായും എലിവേറ്ററുകളോ ലിഫ്​റ്റുകളോ ഉപയോഗിക്കണം. നിർദേശങ്ങളിൽ പറഞ്ഞതിനപ്പുറം വലുപ്പമുള്ളതോ സുരക്ഷിതമല്ലെന്ന്​ തോന്നുന്നതോ ആയ ബാഗേജുകൾ ആണ്​ യാത്രക്കാരന്റെ കൈവശം ഉള്ളതെന്ന്​ തോന്നിയാൽ അത്തരക്കാർക്ക്​ മെട്രോ യാത്ര നിരസിക്കപ്പെടാൻ
സാധ്യതയു​ണ്ടെന്നും ഖത്തർ റെയിൽ തങ്ങളുടെ വെബ്​സൈറ്റിൽ മുന്നറിയിപ്പ്​ നൽകുന്നുണ്ട്​.

അവലം‌ബം മാധ്യമം.