നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 24 August 2019

ദൗത്യ സം‌ഘം ലക്ഷ്യ സ്ഥാനത്ത്

തിരുനെല്ലൂര്‍:24.08.2019:-നന്മ തിരുനെല്ലൂര്‍ ദൗത്യ സം‌ഘം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍‌ന്നു.

കേരളം പ്രളയ കെടുതിയിലേയ്‌ക്ക്‌ നീങ്ങുന്നു എന്ന്‌ മനസ്സിലാക്കിയ ഉടനെ തിരുനെല്ലുരിന്റെ ഗ്രാമ നന്മ ഉണര്‍‌ന്നെണിറ്റിരുന്നു.


ഒരു ഗ്രാമത്തിന്റെ നന്മയെ നിത്യ നൂതനമെന്നപോലെ ഹരിതാഭമാക്കി നില നിര്‍‌ത്തുന്നതില്‍ നന്മ തിരുനെല്ലൂരിനൊപ്പം സഹകരിക്കുന്ന എല്ലാ സുമനസ്സുകള്‍‌ക്കും ഒറ്റവാക്കില്‍ നന്ദി. സഹോദരങ്ങളുടെ സുഖ ദുഃഖങ്ങള്‍ പങ്കിട്ടെടുക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ചുറ്റുവട്ടത്തായാലും അതിര്‍‌ഥികള്‍‌ക്കും അതിരുകള്‍‌ക്കും അപ്പുറത്താണെങ്കിലും സാധ്യമാകുന്നത്ര പരിശ്രമിക്കുക എന്നതത്രെ നന്മ തിരുനെല്ലൂരിന്റെ നയം.ഈ നയ നിലപാടുകളുടെ അടിസ്ഥാനത്തില്‍ കൂട്ടായ സഹകരണത്തോടെ രം‌ഗത്തിറങ്ങുമ്പോഴൊക്കെ തല്‍ ക്ഷണം കൈ മെയ്‌ മറന്ന്‌ ഭാഗഭാക്കുകളാകുന്ന സഹൃദയരോടുള്ള കടപ്പാട്‌ പറഞ്ഞറിയിക്കാനാകുകയില്ല.

അപരന്റെ വേദനകളും വേവലാധികളും കണ്ടില്ലെന്നു നടിക്കാന്‍ നന്മയുള്ളവര്‍‌ക്ക്‌ കഴിയില്ല.ഈ സദ്‌ വിചാരത്തെ നട്ടു നനച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു സം‌ഘം ജാഗ്രതയോടെയിരിക്കുമ്പോള്‍ വിശേഷിച്ചും.കൊടുത്തതൊക്കെ ബാക്കിയായി മിച്ചം വന്നതാണ്‌ നഷ്‌ടമായതെന്ന തിരു ദൂതരുടെ ശിക്ഷണം ശിരസ്സാ വഹിക്കുന്ന അനുയായികള്‍‌ക്ക്‌ സന്തോഷിക്കാം.സന്നദ്ധ സേവന സാന്ത്വന മേഖലയില്‍ നിര്‍‌ലോഭം ചെലവഴിച്ചതെല്ലാം നാമ്പിട്ട്‌ കൂമ്പിട്ട്‌ പുഷ്‌പിച്ച്‌ നൂറുമേനിയും കവിഞ്ഞ്‌ വിളയുന്നുണ്ടാകണം.


................
23.08.2019:- തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ മഹല്ല്‌ ജുമാ മസ്‌ജിദ്‌ പരിസരത്ത്‌ നിന്നും മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫിയുടെ പ്രാര്‍‌ഥനയോടെ അതിജീവനത്തിന്റെ പാതയില്‍ നന്മ തിരുനെല്ലുരിന്റെ സന്നദ്ധസേവന യാത്ര പ്രാരം‌ഭം കുറിച്ചു.

സുമനസ്സുകളും പ്രമുഖരും നന്മ ഭാരവാഹികളും സഹചാരികളും സന്നിഹിതരായിരുന്നു.യാത്രാ സം‌ഘത്തിന്റെ ഔദ്യോഗിക ഫ്ലാഗ്‌ ഓഫ്‌ തിരുനെല്ലൂര്‍ സെന്ററില്‍ വെച്ച്‌ പ്രോഗ്രാം കണ്‍‌വീനര്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍ നിര്‍‌വഹിച്ചു.

നന്മ തിരുനെല്ലൂര്‍ സമാഹരിച്ച 400 ൽ പരം കുടുംബങ്ങൾക്കുള്ള 5500 കിലൊ ഗ്രാം നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകളും വീടുകളില്‍ നിന്നും സമാഹരിച്ച വസ്‌ത്രങ്ങളും മറ്റും
അടങ്ങുന്ന വാഹന വ്യുഹം പുറപ്പെട്ടു.

സമാഹരണ പ്രക്രിയയില്‍ സുമനസ്സുകളുടെ പിന്തുണയും സഹകരണവും ആവേശകരം.തിരുനെല്ലൂര്‍ യുവ ജന കായിക വിഭാഗങ്ങളായ തിരുനെല്ലൂര്‍ റാബ്സ് ടീമും,ഫാമോസ് ടീമും നന്മ തിരുനെല്ലൂരുമായി സഹകരിക്കുകയും ആദ്യാന്തം പ്രവര്‍‌ത്തന നിരതരായി രം‌ഗത്തുണ്ടായിരുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ നന്ദിയോടെ സ്‌മരിച്ചു.

സം‌ഘത്തില്‍ സേവന സന്നദ്ധരായ ഇരുപത്തിയെട്ട്‌ പേര്‍ ഉണ്ടെന്ന്‌ കണ്‍വീനര്‍ പി.എം ഷംസുദ്ദീന്‍ അറിയിച്ചു.