നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 25 August 2019

ദൗത്യ സം‌ഘം തിരിച്ചെത്തി

തിരുനെല്ലൂര്‍:നന്മ തിരുനെല്ലൂര്‍ എന്ന പദഘടനയെ അക്ഷരാര്‍‌ഥത്തില്‍ മിന്നുന്ന ചരിത്രാക്ഷരമാക്കി സം‌ഘം തിരിച്ചെത്തി.രാത്രി 8.15 നായിരുന്നു മാനന്തവാടിയില്‍ നിന്നും പുറപ്പെട്ടത്‌ പുലര്‍‌ച്ചയ്‌ക്ക്‌ 4.30 ന്‌ നാട്ടില്‍ തിരിച്ചെത്തിയയതായി കണ്‍‌വീനര്‍ ഷം‌സുദ്ദീന്‍ പി.എം  അറിയിച്ചു.

നന്മ തിരുനെല്ലൂര്‍ 28 അം‌ഗ ദൗത്യ സം‌ഘം കഴിഞ്ഞ ദിവസമായിരുന്നു പ്രളയ ബാധിത പ്രദേശത്തേയ്‌ക്ക്‌ ഭക്ഷ്യ വിഭവങ്ങളും മറ്റുമായി യാത്ര തിരിച്ചത്.സം‌ഘാം‌ഗങ്ങളില്‍ ഓരോരുത്തര്‍‌ക്കും ഈ യാത്ര മറക്കാനാകാത്ത ജീവിതാനുഭവമായിരുന്നു.ദൗത്യ നിര്‍‌വഹണത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ എല്ലാവരും പൂ‌ര്‍‌ണ്ണ സം‌തൃപ്‌തരാണ്‌.

ദുരന്തത്തില്‍ ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളില്‍ നന്മയുടെ സാന്ത്വന സേവന ദൗത്യം അതി സാഹസികമായി നിറവേറ്റാന്‍ കഴിഞ്ഞതില്‍ യൂത്ത് വിങ് വൈസ്‌ പ്രസിഡണ്ട്‌ അബ്‌ദുല്‍ വഹാബ്‌ ഏറെ വാചാലനായി.

യാത്രാ സം‌ഘത്തോടൊപ്പം ഉണ്ടായിരുന്ന ഉസ്‌മാന്‍ പി.ബി,മുഹമ്മദ്‌ വി.പി,അബ്‌ദുല്‍ റഹ്‌മാന്‍ വി.കെ തുടങ്ങിയവര്‍ നന്മ യത്രാ ദൗത്യത്തിന്റെ വിവിധ വശങ്ങള്‍ പരാമര്‍‌ശിച്ചു കൊണ്ട്‌ തങ്ങളുടെ അനുഭവങ്ങളും ആത്മ സം‌തൃപ്‌തിയും രേഖപ്പെടുത്തി.

ദൗത്യ സം‌ഘത്തിനു വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്‌ത മുഹമ്മദ്‌ വയനാട്‌ നന്മ തിരുനെല്ലുരിന്റെ സമയോചിതമായ ഇടപെടലുകളെ മുക്തകണ്ഠം പ്രശംസിച്ചു.

നന്മ തിരുനെല്ലൂര്‍ പ്രായം കൊണ്ട് ചെറുപ്പമാണങ്കിലും പക്വത കൊണ്ടും കർമ്മം കൊണ്ടും ഒരു കാതം മുന്നിലാണെന്നു തെളിയിക്കുന്നതായി വിലയിരുത്തപ്പെട്ടു.നന്മയുടെ പ്രായം ചെന്നവരും മധ്യവയസ്ക്കരും ചെറുപ്പക്കാരും ചേര്‍ന്നു മഹത്തായ സന്ദേശവും ചരിത്രവുമാണ്‌ അതിരുകള്‍ ഭേദിച്ച സാന്ത്വന സേവന സന്നദ്ധ സം‌രം‌ഭത്തിലൂടെ രചിച്ചത്.

തിരുനെല്ലൂരിന്റെ ചരിത്രത്തില്‍ തന്നെ ഇത്തരത്തിലൊരു സേവന പ്രക്രിയ ആദ്യമായിട്ടായിരിക്കണം.ഏറ്റെടുത്ത ദൗത്യം ആത്മാര്‍‌ഥതയോടെ നിര്‍‌വഹിച്ച്‌ തിരിച്ചെത്തിയ സം‌ഘത്തെയും പ്രചോദനം നല്‍‌കിയ സുമനസ്സുകളെയും നന്മതിരുനെല്ലൂര്‍ ഔദ്യോഗിക ഭാരവാഹികള്‍ അനുമോദിച്ചു.
-------------
യാത്രയുമായി ബന്ധപ്പെട്ട്‌ കണ്‍വീനര്‍ ഷം‌സുദ്ദീന്‍ പി.എം ഹ്രസ്വമായി വിവരിച്ച കാര്യങ്ങള്‍...
 -------------

23.08.2019 വെള്ളിയാഴ്ച വൈകുന്നേരം പ്രളയ ദുരിതമനുഭവിക്കുന്ന വയനാട് ജില്ലയിലേക്ക് പുറപ്പെട്ടു.400 റിൽ പരം കിറ്റുകളിലായി 5500 കിലൊ ഭക്ഷ്യധാനങ്ങളുമായി 28 പേർ അടങ്ങിയ നന്മ തിരുനെല്ലൂരിന്റെ കർമ ഭടന്മാർ  സം‌ഘത്തിലുണ്ടായിരുന്നു.തിരുനെല്ലൂർ മസ്ജിദ് അങ്കണത്തിൽ നിന്നും മഹല്ല് ഖത്വീബിന്റെ പ്രാർത്ഥനയോടെയായിരുന്നു യാത്രയുടെ തുടക്കം.

മഹല്ലിലെ പ്രമുഖരും,അഭ്യുദയ കാം‌ക്ഷികളും,നന്മ രക്ഷാധികാരിയും മഹല്ല്‌ വൈസ്‌ പ്രസിഡണ്ടുമായ ആര്‍.കെ ഹമീദ്‌ ഹാജി തുടങ്ങിയ വ്യക്തിത്വങ്ങളും സം‌ബന്ധിച്ചിരുന്നു.

തിരുനെല്ലൂർ സെന്ററിൽ വെച്ച് നന്മ പ്രോഗ്രാം ചെയർമാൻ റഹ്മാൻ തിരുനെല്ലൂർ ഔദ്യോഗികമായി യാത്രാ വാഹന വ്യുഹത്തെ ഫ്ലാഗ് ഓഫ് ചെയ്‌തു.

കാലവര്‍‌ഷവും മാര്‍‌ഗതടസ്സങ്ങളും കാരണം അല്‍‌പം വൈകി പുലർച്ചെ 4 മണിയ്‌ക്കായിരുന്നു വയനാട്‌ എത്തിച്ചേര്‍‌ന്നത്‌.കാലത്ത്‌ 8 മണിക്ക് പ്രളയ ബാധിത പ്രദേശം ലക്ഷ്യം വെച്ച് സംഘം പുറപ്പെട്ടു.

മൂന്ന് ഘട്ടങ്ങളായി മൂന്ന് പ്രദേശങ്ങളിലേക്ക് നേരിട്ട് അർഹരായ കുടുംബങ്ങൾക്ക് എത്തിച്ചു കൊടുക്കുക എന്നതായിരുന്നു മുന്‍‌കൂട്ടിയുള്ള അജണ്ട.

ആദ്യമായി, തിരുനെല്ലി പഞ്ചായത്ത്‌ 10-ആം വാർഡ് ബാവലി  പ്രദേശത്ത് പുതിയ പണിയ കോളനിയിലെ 29 കുടുംബങ്ങൾക്കും, കക്കേരി & കൊട്ടിവര, തോണിക്കടവ് പ്രദേശത്തുള്ള - പണിയ, കുറിച്യ, അടിയ കാട്ടുനായ്ക്ക, തേൻകുടുമ എന്നീ വിഭാഗത്തിൽ പെട്ട കോളനി നിവാസികളിലെ ജനൽ വിഭാഗത്തിലെ 71 കുടുംബങ്ങള്‍‌ക്കും വിതരണം നടത്തി.

മീൻകൊല്ലി,ബാവലി  പ്രദേശം ജനറൽ, പണിയ, അടിയ വിഭാഗം 155 കുടുംബം. എന്നിവിടങ്ങളിലായിരുന്നു രണ്ടാം ഘട്ട വിതരണം.പെയിൻ പാലിയേറ്റിവ് ഹെൽത്ത് ഉദ്യോഗസ്ഥരും,പ്രദേശത്തെ ഉസ്‌താദുരും ദൗത്യ സം‌ഘത്തെ സഹായിക്കുകയും സേവന ദൗത്യത്തെ പ്രകീര്‍‌ത്തിക്കുകയും ചെയ്‌തു

വാളാട്, പനമരം ഭാഗത്തുള്ള ജനറൽ വിഭാഗം 162  കുടുംബങ്ങളിലും മൂന്നാം ഘട്ടവും വിജയകരമായി വിതരണം നടത്തി.

പ്രദേശത്തിന്റെ ഭൂമി ശാസ്‌ത്രവും പ്രളയ ദുരിതമേഖലയും കൃത്ര്യമായി അറിയുന്നവയനാട്‌ മുഹമ്മദ്‌ എന്ന നന്മ മനസ്സുള്ള വ്യക്തിയും, ബാവലി പ്രദേശത്തെ പള്ളി കമ്മറ്റി സെക്രട്ടറി ഹമീദ് സാഹിബിന്റെയും  സേവനവും സഹകരണവും ദൗത്യ സം‌ഘത്തിന്റെ തൃപ്‌തികരമായ പ്രവര്‍‌ത്തിനു മുതല്‍ കൂട്ടായി.

യുവജന വിഭാഗത്തിന്റെ നേതൃനിരയിലെ അബ്‌ദുല്‍ വഹാബ്‌,സനൂബ്,നിസാർ, സഹദ്, മുഹ്സിൻ,മുഹമ്മദ് സ്വാലിഹ്,അജ്മൽ  എന്നിവരുടെ സേവനങ്ങള്‍ ശ്‌ളാഘനീയമായിരുന്നു.

നന്മ തിരുനെല്ലുരിന്റെ നേതൃനിരയിലുള്ള ഇസ്‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌,റഷീദ്‌ മതിലകത്ത്‌,നൗഷാദ്‌,നസീര്‍ എം.എം, ഉസ്‌മാന്‍ പി.ബി,ഉസ്മാൻ കടയിൽ,നജ്മൽ നാസർ  തുടങ്ങിയവരോടൊപ്പം മുഹമ്മദ്‌ വി.പി, അബ്‌ദുല്‍ റഹിമാന്‍ വി.കെ, ഹുസൈന്‍ പരീത്‌, നൗഷാദ് കാദർ,അബ്‌ദുല്‍ ലത്വീഫ്‌  മതിലകത്ത്‌,  തുടങ്ങിയവരുടെ സേവനവും കര്‍‌മ്മ നിരതയും പരാമര്‍‌ശിക്കാതിരിക്കാന്‍ കഴിയില്ല.

ഇത്തരത്തിലൊരു ദൗത്യം നിര്‍‌വഹിക്കുന്നതില്‍ പങ്കാളികളാകാന്‍ കഴിഞ്ഞതില്‍ സം‌ഘത്തിലുള്ള എല്ലാവരും അഭിമാനം കൊള്ളുകയാണ്.എല്ലാം  അജണ്ട പ്രകാരം ക്രമാനുസൃതം  ഭംഗിയായി നിർവഹിച്ചതിനു ശേഷം രാത്രി 8 മണിക്ക്  വയനാട്ടിൽ നിന്നും തിരിച്ചു പുലർച്ചെ 4.30 ന് തിരുനെല്ലൂരിൽ തിരിച്ചെത്തുകയും ചെയ്‌തു.ലോക രക്ഷിതാവിനു സ്‌തുതി.