സൂം ഓണ്‍ ലൈന്‍:നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി സോഷ്യല്‍ ഹെല്‍പ് ഡസ്‌ക് സംവിധാനിക്കുന്നു.നന്മ അടിയന്തിര ഓണ്‍ ലൈന്‍ കാബിനറ്റ് യോഗാനന്തരം വിളിച്ചു ചേര്‍ക്കപ്പെട്ട നന്മ പ്രവര്‍ത്തക സമിതിയിലാണ് തീരുമാനം.പ്രസ്‌തുത ദൗത്യ നിര്‍വഹണത്തെ സുഖമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാന്ത്വന സമിതിയെ ഉത്തരവാദപ്പെടുത്തി.മീഡിയാ വിഭാഗവും,നന്മ തിരുനെല്ലൂര്‍ ഭാരവാഹികളും സീനിയര്‍ അംഗങ്ങളും അടങ്ങിയ പ്രത്യേക സാന്ത്വന സമിതിയെ തെരഞ്ഞെടുത്തു. സാങ്കേതിക സൗകര്യങ്ങളുടെ ഉത്തരവാദിത്തവും പ്രത്യേക സാഹചര്യത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള സാന്ത്വന സ്‌പര്‍ശവും ആയിരിയ്‌ക്കും പ്രധാന ഉത്തരവാദിത്തങ്ങള്‍.ഇവ യഥാക്രമം മീഡിയ സെക്രട്ടറിയും സെക്രട്ടറിയും നേതൃത്വം കൊടുക്കും.
ദീര്‍ഘ വീക്ഷണത്തില്‍ ഒരു കരുതല്‍ സമാഹരണത്തിന്റെ ആവശ്യകത തെളിഞ്ഞു വന്ന സാഹചര്യത്തെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക സാന്ത്വന സമിതിക്ക് കഴിയും എന്ന് അധ്യക്ഷന്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.നീക്കിയിരിപ്പ് സമാഹരണങ്ങളെ പുതിയ സാഹചര്യത്തില്‍ ഉചിതമായ വിധം പ്രയോജനപ്പെടുത്തേണ്ടി വരുന്ന സാഹചര്യവും സാന്ത്വന സമിതിയുടെ പരിഗണനക്ക് നല്‍കാമെന്ന ആവശ്യവും അംഗങ്ങള്‍ സ്വാഗതം ചെയ്‌തു.
നാട്ടില്‍ നിന്നും പങ്കെടുത്തവര്‍ക്കു പുറമെ യു.എ.ഇ,ഒമാന്‍ ഖത്തര്‍ എന്നീ പ്രവാസ ഭൂമികകളിലെ നന്മയുടെ പ്രതിനിധികളും ഓണ്‍ ലൈന്‍ ഗ്‌ളോബല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ സംബന്ധിച്ചിരുന്നു.സുബൈര്‍ അബൂബക്കര്‍,ഷറഫുദ്ദീന്‍ പണിക്കവീട്ടില്‍,ഹനീഫ തട്ടു പറമ്പില്‍ തുടങ്ങിയവര്‍ യോഗ സമയത്തിനു മുമ്പ് തന്നെ സൂം റൂമില്‍ സംഗമിച്ചിരുന്നു. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയ മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയിലിന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച യോഗ നടപടികള്‍ ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പുതിയ പുരയുടെ പ്രാരംഭത്തോടെ ഔദ്യോഗികമായി തുടങ്ങി.തുടര്‍ന്ന് അധ്യക്ഷന്റെ ആത്മ നിര്‍വൃതിയോടെയുള്ള ആമുഖത്തോടെ ചര്‍ച്ചകള്‍ പുരോഗമിച്ചു.
നന്മ തിരുനെല്ലുരിന്റെ രക്ഷാധികാരികളായ ആര്‍.കെ ഹമീദ്,ഹനീഫ തട്ടു പറമ്പില്‍ തുടങ്ങിയവരുടെ പ്രാര്‍ഥനാ നിര്‍ഭര്‍മായ വാക്കുകളോടെയുള്ള സാന്നിധ്യവും സംസാരവും ഓണ്‍ ലൈന്‍ സദസ്സിനെ ധന്യമാക്കി. സുബൈര്‍ അബൂബക്കറും,ഷറഫുദ്ദീന്‍ പണിക്കവീട്ടിലും യു.എ.ഇ വര്‍ത്തമാനങ്ങള്‍ സവിസ്‌തരം പങ്കു വെച്ചു.
രാജ്യത്തിന്റെ വര്‍ത്തമാന സാഹചര്യത്തിന്റെ മുറിവുകള്‍ ഏറെ നൊമ്പരപ്പെടുത്തുന്നതാണെന്നു അധ്യക്ഷന്‍ റഹ്‌മാന്‍ തിരുനെല്ലുര്‍ അഭിപ്രായപ്പെട്ടു.സാധ്യമാകുന്ന വിധം നന്മയുടെ ഇടപെടല്‍ അനിവാര്യമാണെന്നു വൈസ് പ്രസിഡന്റുമാരായ അബ്‌ദുല്‍ ജലീലും ആര്‍.കെ മുസ്‌തഫയും പറഞ്ഞു.സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുമിക്കാനായതിലെ സന്തോഷം ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ പുതിയപുരയും ട്രഷറര്‍ ഇസ്‌മാഈല്‍ ബാവയും പങ്കുവെച്ചു.ധനികനും ദരിദ്രനും എന്ന വ്യത്യാസമില്ലാത്തവിധം എല്ലാവരും ഇന്നത്തെ സാഹചര്യത്തില്‍ ഇരകളും മറ്റൊരര്‍ഥത്തില്‍ ഗുണഭോക്താക്കളുമാണെന്നു നൗഷാദ് ഇബ്രാഹീം അഭിപ്രായപ്പെട്ടു.നാടിന്റെ നാടി മിടിപ്പുകളോടൊപ്പം നന്മ തിരുനെല്ലൂരിന് സഞ്ചരിക്കാനാവട്ടെ എന്ന് അബ്‌ദുന്നാസര്‍ അബ്‌ദുല്‍ കരീം പ്രത്യാശ പ്രകടിപ്പിച്ചു.നാടിന്റെ നൊമ്പരത്തോടൊപ്പം എന്ന നന്മയുടെ മുദ്രാവാക്യം ആയിരിക്കണം ഇങ്ങനെ ഒരുമിക്കാന്‍ പ്രേരിപ്പിച്ചതെന്നു ഹനീഫ കെ.എം അഭിപ്രായപ്പെട്ടു. സാഹചര്യത്തിന്റെ തേട്ടമാണ് നന്മ തിരുനെല്ലുര്‍ എന്നായിരുന്നു ആര്‍.കെ ഷിഹാബിന്റെ പ്രതികരണം.ഈ പ്രതിസന്ധി ഘട്ടത്തില്‍ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രിയ സുഹൃത്തുക്കളെ ഒരേ വേദിയില്‍ കാണാനായതില്‍ അബ്‌ദുല്‍ അസീസ് മതിലകത്ത് സന്തോഷം പ്രകടിപ്പിച്ചു.
ദിതിരുനെല്ലൂര്‍ എന്ന പേജില്‍ അന്വേഷണങ്ങള്‍ക്കായി പ്രത്യേക കോളമുണ്ടാകും.ഒപ്പം ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പും സംവിധാനിക്കുമെന്നു മീഡിയ സെക്രട്ടറി വിശദീകരിച്ചു.പ്രദേശത്തെ ആര്‍ക്കും പുതിയ സാഹചര്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നന്മ ഹെല്‍പ് ഡസ്‌ക് വഴി അവതരിപ്പിക്കാനും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുവദിക്കപ്പെടാനും സാധ്യമായ ക്രിയാത്മകമായ വേദിയാകുമെന്ന് അധ്യക്ഷന്‍ സദസ്സിനെ ധരിപ്പിച്ചു.
ഒരു പൊതു വേദിയിലെന്ന ഭാവത്തില്‍ അംഗങ്ങള്‍ ഓണ്‍ ലൈന്‍ യോഗത്തില്‍ പങ്കെടുക്കണമെന്നു മീഡിയാ വിഭാഗം ഓര്‍മ്മപ്പെടുത്തി.
ഖത്തര്‍ സമയം 01.15 ന് തന്നെ സൂം ഓണ്‍ ലൈന്‍ റൂം തുറക്കപ്പെട്ടിരുന്നു.സുരക്ഷിതത്വത്തിന്റെ ഭാഗമായി പ്രത്യേക പാസ്‌വേഡ് ഉപയോഗിച്ച് പ്രവേശനം നിയന്ത്രിച്ചു.40 മിനിറ്റുകളുടെ മൂന്നു സെഷനുകളിലായി 2 മണിക്കൂര്‍ സമയം യോഗം നീണ്ടു.
അധ്യക്ഷന്‍ റഹ്‌മാന്‍ തിരുനെല്ലൂരിന്റെ ഉപ സംഹാരത്തോടെ,മീഡിയ സെക്രട്ടറിയുടെ ഓര്‍മ്മപ്പെടുത്തലോടു കൂടെ യോഗം സമാപിച്ചു. സെക്രട്ടറി ഷിഹാബ് നന്ദി പ്രകാശിപ്പിച്ചു.