നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 10 April 2025

ആരോഗ്യകരമായ അവലോകനം

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി സിറ്റി ഓഫീസില്‍ പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്നു.വൈസ്‌ പ്രസിഡണ്ട് അസീസ് മഞ്ഞിയിലിന്റെ അര്‍‌ഥ സഹിതമുള്ള ഖുര്‍‌ആന്‍ പാരായണത്തോടെ ആയിരുന്നു യോഗം തുടങ്ങിയത്.

അധര്‍മങ്ങളാചരിച്ചവര്‍ ധരിച്ചു  വെച്ചിരിക്കുകയാണോ അവരെ, വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കുകയും ചെയ്‌തവരെപ്പോലെ ആക്കുമെന്ന്;അവരുടെ ജീവിതവും മരണവും ഒരുപോലെയാകുമെന്ന് ? അല്‍‌ജാഥിയ എന്ന അധ്യായത്തിലെ  ഉദ്യോഗജനകമായ ചോദ്യ ശരമുന്നയിച്ചു കൊണ്ടായിരുന്നു പാഠം.

ജനറല്‍ സെക്രട്ടറി കെജി റഷീദിന്റെ പ്രാരം‌ഭവും അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ ആമുഖവും തുടര്‍‌ന്ന് വിശദമായ ചര്‍‌ച്ചകളും നടന്നു.പരിശുദ്ധ റമദാനിനോടനുബന്ധിച്ച് ഖ്യുമാറ്റ് സം‌ഘടിപ്പിച്ച ഇഫ്‌ത്വാറും,സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന ക്യാമ്പയിന്‍ ഉദ്‌ഘാടനവും അതിന്റെ ഘട്ടം ഘട്ടങ്ങളായുള്ള പ്രവര്‍‌ത്തനങ്ങള്‍‌ക്ക് ഉചിതമായ ഉപസമിതികളും ഏകോപനവും എല്ലാം ഒന്നിനൊന്ന്‌ മികച്ച രീതിയില്‍ പ്രവര്‍‌ത്തനക്ഷമമായപ്പോള്‍ അത്യാകര്‍‌ഷകമായ ഒരു അനുഭവമായി മാറിയെന്ന്‌ അധ്യക്ഷന്‍ വിശദീകരിച്ചു.അതിന്‌ ചുക്കാന്‍ പിടിച്ചവരെയും ദൗത്യ നിര്‍‌വഹണത്തില്‍ അത്യധ്വാനം ചെയ്‌തവരെയും  അനുസ്‌മരിക്കുകയും അവര്‍‌‌ക്ക്‌ വേണ്ടി പ്രാര്‍‌ഥിക്കുകയും ചെയ്‌തു.

സംഗമവുമായി ബന്ധപ്പെട്ട് മഹല്ല് സം‌വിധാനത്തിന്റെ പൂര്‍‌ണ്ണ സഹകരണവും പിന്തുണയും ലഭിച്ചതായി അധ്യക്ഷന്‍ സ്‌മരിച്ചു.ക്യാമ്പയിന്‍ ഉദ്‌ഘാടനത്തിന്‌ പ്രഗത്ഭനായ ഒരു വ്യക്തിത്വത്തെ (അഡ്വ.മുഹമ്മദ് ഫൈസി) ക്ഷണിച്ചു കൊണ്ടുവരുന്നതില്‍ സഹകരിച്ച ഷരീഫ് ചിറക്കല്‍,വേദി ഭം‌ഗിയായി നിയന്ത്രിച്ച സൈനുദ്ദീന്‍ ഖുറൈഷി തുടങ്ങിയവരുടെ സേവനങ്ങളും ശ്ലാഘനീയമായിരുന്നു എന്ന് സദസ്സ് വിലയിരുത്തി.

ഖത്തറില്‍ ജനറല്‍ സെക്രട്ടറിയുടെ നിതാന്ത ജാഗ്രതയും നാട്ടില്‍ എന്തും ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സന്നദ്ധമായ നമ്മുടെ പ്രതിനിധികളായ സലീം നാലകത്ത്,സിറാജ് മൂക്കലെ,ഷിഫാസ് തുടങ്ങിയ നിസ്വാര്‍‌ഥരായ സം‌ഘവും അവധിയില്‍ നാട്ടിലെത്തിയ അസി.ജനറല്‍ സെക്രട്ടറി അനസ് ഉമര്‍ അടക്കമുള്ള ഖ്യുമാറ്റ് പ്രതിനിധികളുടെ സഹകരണവും പ്രവര്‍‌ത്തനവും ഇഫ്‌ത്വാര്‍ സം‌ഗമത്തെ പ്രോജ്ജ്വലമാക്കി.ആത്മ പ്രശം‌സയില്‍ അഭിരമിക്കാതിരിക്കാനുള്ള സൂക്ഷ്‌മതകൊണ്ട് അഭിനന്ദന വാക്കുകള്‍ പരിമിതപ്പെടുത്തുകയാണെന്നും അധ്യക്ഷന്‍ സദസ്സിനെ ധരിപ്പിച്ചു.

പെരുന്നാള്‍ അവധിയില്‍ നാട്ടിലുണ്ടായിരുന്ന പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ കൂടെ പങ്കുവെച്ചപ്പോള്‍ ഏറെ ഹൃദ്യമായ വിരുന്നൊരുക്കാന്‍ സാധിച്ചതിലെ ആത്മസം‌തൃ‌പ്‌‌തി സദസ്സ് ഒന്നടങ്കം ആസ്വദിക്കുകയായിരുന്നു. 

അത്യന്തം ദൗര്‍‌ഭാഗ്യകരമായ നാടിന്റെ അവസ്‌ഥയില്‍ നാട്ടുകാര്‍‌ക്കിടയില്‍ പുതിയ സാഹചര്യങ്ങളുടെ അപായ സൂചനകളെ ഓര്‍‌മിപ്പിക്കാനും ജാഗ്രതയുള്ളവരാക്കാനും സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന ക്യാമ്പയിന്‍ സന്ദേശത്തിലൂടെയും ഉദ്‌ഘാടനത്തിലൂടെയും ഒരു പരിധിവരെ സാധിച്ചിട്ടുണ്ട് എന്ന് വിലയിരുത്തി.

സം‌ഗമത്തിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ച മീഡിയാ വിഭാഗം ശ്രദ്ദേയമായിരുന്നതായി വിലയിരുത്തി.രചനയിലും ഡിസൈനിങിലും ചിത്രീകരണത്തിലും അവതരണത്തിലും അത് പ്രകടമായിരുന്നു.

മീഡിയ സെക്രട്ടറി റഈസ് സഗീർ, അബു ബിലാൽ,ലിതിൻ, ഹംദാൻ ഹംസ, സാജിദ് യൂസുഫ് എന്നിവരുടെ സേവന നൈരന്തര്യം പ്രശം‌സനീയമായിരുന്നു.

ഖ്യുമാറ്റിന്റെ പരിപാടികളുടെ അഭിവാജ്യ ഘടകമായ മീഡിയയുമായി ആത്മാര്‍‌ഥമായി സഹകരിക്കുന്ന അബുബിലാലിനെ മീഡിയാ സെല്ലിന്റെ ഭാഗമായി തുടരാന്‍ അനുവദിക്കാമെന്ന അഭിപ്രായം സഹര്‍‌ഷം സ്വാഗതം ചെയ്യപ്പെട്ടു.

ക്യാമ്പയിന്‍ രണ്ടാം ഘട്ടം തുടങ്ങും മുമ്പ് ഒരു ഉപസമിതി രൂപീകരിക്കാനും നാട്ടില്‍ അതിന്റെ അനുരണനങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും വിധം ഖത്തറില്‍ നിന്നും പ്രാരം‌ഭം കുറിക്കാനും ധാരണയായി.മഹല്ലില്‍ അയല്‍പക്ക കൂട്ടങ്ങളുടെ ചെറിയ സം‌ഘങ്ങളിലൂടെ ബോധവതകരണ സാധ്യത തേടാമെന്നും തീരുമാനിച്ചു. 

പ്രദേശ പരിധിയില്‍ ലഹരിക്കടിമപ്പെട്ടവരെയും പെടുന്നവരെയും സാധ്യമാകുന്ന വിധത്തില്‍ രക്ഷപ്പെടുത്താനുതകുന്ന വ്യക്തിതല അന്വേഷണങ്ങളും ഉചിതമായ പോംവഴികളും തന്ത്രപൂര്‍‌വ്വം നടപ്പില്‍ വരുത്താനുള്ള തീവ്രശ്രമങ്ങള്‍ ഇതര സാമൂഹ്യ സേവന വകുപ്പുകളുടെ സഹായ സഹകരണത്തോടെ കൊട്ടിഘോഷങ്ങളില്ലാതെ നപ്പിലാക്കുമെന്ന് നേതൃത്വം സദസ്സിനെ ധരിപ്പിച്ചു.

പുതിയ തലമുറയെ കര്‍‌മനിരതരാക്കാനുള്ള ലക്ഷ്യത്തോടെ സ്‌പോര്‍‌ട്ട്‌സിനെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ മുഹമ്മദന്‍‌സ് ഖത്തറിനും,നാട്ടില്‍ ഖ്യുമാറ്റ് ആഭിമുഖ്യത്തിലുള്ള സ്‌പോര്‍‌ട്ട്‌സിനും സാധിച്ചേക്കുമെന്നും വിലയിരുത്തി.ഇതിന്റെ സാധുതയും സാധ്യതയും പഠിക്കാനും പ്രാഫല്യത്തില്‍ കൊണ്ടുവരാനും സ്‌പോര്‍‌ട്ട്‌സിന്റെ ഉത്തരവാദിത്തമുള്ള ഷൈദാജിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍‌ക്ക് പ്രവര്‍‌ത്തക സമിതി അം‌ഗീകാരം നല്‍‌കി.

സാമൂഹ്യ സേവനത്തിന്റെ ഭാഗമായ പുതിയ പദ്ധതി ആവീഷ്‌കരിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും താമസിയാതെ സമിതിയില്‍ വെക്കുമെന്നും സാമൂഹ്യ ക്ഷേമ വകുപ്പ്  സദസ്സിനെ അറിയിച്ചു.

വിമര്‍‌ശനങ്ങള്‍ ക്രിയാത്മകവും തുറന്ന മനസ്സോടെയുമായാല്‍ വ്യക്തിതലത്തിലും സം‌ഘടനാ തലത്തിലും ഉപകരിക്കും എന്ന് ഓര്‍‌മിപ്പിക്കപ്പെട്ടു.

സം‌ഘാടനത്തിന്റെ സൗകര്യാര്‍‌ഥം സമിതിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അതിന്റെ ആത്മാവ് നഷ്‌ടപ്പെടാതെ നിര്‍‌ബന്ധിതാവസ്ഥയില്‍ അടിയന്തിരമായ മാറ്റങ്ങള്‍‌ക്ക് വിധേയമാകേണ്ടി വരുന്ന സാഹചര്യങ്ങളെ സം‌ശയലേശ്യമില്ലാതെ ഉള്‍‌കൊള്ളാന്‍; കൂടെ നില്‍‌ക്കുന്നവര്‍‌ക്ക് സാധിക്കുമ്പോളാണ്‌ ഈ കൊച്ചു സം‌ഘത്തിന്റെ കെട്ടും മട്ടും ഘടനയും ആരോഗ്യപൂര്‍‌ണ്ണമാകുകയുള്ളൂ എന്ന് വിശദീകരിക്കപ്പെട്ടു.

സം‌ഘടനയുടെ ആരോഗ്യകരമായ പരിപോഷണത്തിന്‌ ഉപകരിക്കുന്ന നിര്‍‌ദേശങ്ങള്‍ അധ്യക്ഷന്‍ വളരെ സ്‌നേഹത്തിന്റെ ഭാഷയില്‍ സദസ്സിനെ ധരിപ്പിച്ചു.

സം‌ഗമത്തിന്റെ വരവ് ചെലവ് കണക്കുകള്‍ ഫിനാന്‍‌സ് സെക്രട്ടറി ഷഹീര്‍ അഹമ്മദ് പങ്കുവെച്ചു.

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുന്നപക്ഷം അവന്‍ നിങ്ങളെയും സഹായിക്കും.നിങ്ങളുടെ പാദം ഉറപ്പിച്ചുനിര്‍ത്തും.എന്ന സൂറഃമുഹമ്മദിലെ സൂക്തമുദ്ധരിച്ചു കൊണ്ട് വൈസ്‌ പ്രസിഡണ്ട് ആരിഫ് ഖാസിം ഉദ്‌ബോധനം നടത്തി.അല്ലാഹുവിനെ സഹായിക്കുക എന്ന വിവക്ഷയുടെ ഒരുപതിപ്പും പകര്‍‌പ്പുമാണ്‌ ഈ കൊച്ചു സം‌വിധാനത്തിന്റെ പ്രവര്‍‌ത്തന നൈരന്തര്യത്തിലൂടെ നാം ചെയ്‌തു കൊണ്ടിരിക്കുന്നത്.വൈസ്‌ പ്രസിഡണ്ട് ഹ്രസ്വമായി വിശദീകരിച്ചു.

രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന യോഗം പ്രാര്‍‌ഥനയോടെ 10 മണിക്ക് സമാപിച്ചു.

===========

ഹാജര്‍

--------------

ഷറഫു ഹമീദ്

അസീസ് മഞ്ഞിയില്‍

ആരിഫ് ഖാസ്സിം

റഷീദ് കെ.ജി

ഷമീര്‍ പി.എം

ഷഹീര്‍ അഹമ്മദ്

ഷൈദാജ്

അബൂബക്കര്‍ സിദ്ദീഖ്

ഷാഹുല്‍ ഹുസ്സൈന്‍

തൗഫീഖ്

ജാസിം

ഹം‌ദാന്‍

അനീസ് 

സാജിദ്

ഫൈസല്‍ ഫാറൂഖ്

=========

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍

10.04.2025