വലിയ ഒരുക്കങ്ങളോടെയും പ്രചരണങ്ങളോടെയും സാമൂഹ്യ ക്ഷേമ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായാലും സമൂഹത്തിന് ഉപകാരം ലഭിക്കുന്ന തരത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങളോടെ ഓരോ അജണ്ടയും അവധാനതയോടെ കൈകാര്യം ചെയ്യുമ്പോഴാണ് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ എന്ന് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.
പൊതുവെയുള്ള സാമൂഹ്യ ഘടനയും നാടിന്റെ പൊതു കാര്യങ്ങളും മഹല്ലിന്റെ ഭാവിയും വര്‍ത്തമാനവും വര്‍ത്തമാന കാലത്തെ സാംസ്‌കാരിക അപജയങ്ങളും പുതിയ തലമുറയെ കുറിച്ചുള്ള ആശയും ആശങ്കളും പങ്കുവെക്കപ്പെട്ടു.ധര്‍മവും അധര്‍മവും എല്ലാകാലത്തും ഉണ്ട്.സ്വീകരിക്കലും തിരസ്‌കരിക്കലും പുതുമയുള്ള കാര്യവുമല്ല.കൃത്യമായ രണ്ട് വഴികളുണ്ട്. ഏതു വേണമെങ്കിലും മനുഷ്യന് സ്വീകരിക്കാം.ഇതില്‍ തിന്മയുടെ വഴി മുമ്പെന്നെത്തെക്കാള്‍ അത്യാകര്‍ഷകമായി മോഹിപ്പിക്കും വിധം മലര്‍ന്നു കിടക്കുകയാണ്.
ഇങ്ങനെ ഒരു പശ്ചാത്തലത്തില്‍ കേവലമായ നിസ്വാര്‍ഥതയും അതിനൊത്ത ആഗ്രഹങ്ങളും അതിലുപരിയുള്ള അഭിനിവേശവും കൊണ്ട് മാത്രം പുതിയകാല പ്രവണതകളും വൈകൃതങ്ങളും സ്വഭാവ ദൂഷ്യങ്ങളും ജീര്‍ണ്ണതകളും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുകയില്ല.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെ തന്നെ സമീപനങ്ങളില്‍ കാര്യമായ മാറ്റം കാലഘട്ടത്തിന്റെ തേട്ടമാണ്.ഇവിടെ പാടിപ്പതിഞ്ഞ പേടിപ്പെടുത്തലുകളും ഇതര ശാസനാ ശിക്ഷണ രീതികള്‍ക്കും മേലെ,ധാര്‍മികമായ ചട്ടക്കൂടുകളുടെ ശക്തമായ പിന്‍ബലത്തോടെ ബാല്യ കൗമാരങ്ങളെ ചേര്‍ത്ത് പിടിക്കാനുള്ള നൂതനവും തന്ത്രപരവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് അഭിലഷണീയം. വഴികേടുകളിലേക്കുള്ള വഴിയടക്കുന്നതിന്റെ ഭാഗമായി സുഭദ്രമായ പുതിയ സങ്കേതങ്ങളിലേക്ക് മക്കളെ തിരിച്ചുവിടാനുള്ള മാര്‍ഗങ്ങളാണ് ഒരുങ്ങേണ്ടതും ഒരുക്കേണ്ടതും.
നിഷ്‌കളങ്കമായ മനസ്സിന്റെ ഉടമകളില്‍ നിഷ്‌പ്രയാസം സാധിച്ചെടുത്തിരുന്ന കാര്യങ്ങള്‍,ഏറെ ആയാസപ്പെട്ടാലും കഴിയാത്തത്ര ദൂരത്താണ് പുതിയ കാലത്തിന്റെ ഭൂമിക.വിശ്വാസികളെ സംബന്ധിച്ച് മതപരമായ അഥവാ ആത്മീയമായ മാനം വലിയ സാധ്യത തന്നെയാണ്.എന്നാല്‍ പുതു പുത്തന്‍ പ്രവണതകളെയും അനുഭവലോകത്തെയും നോക്കിക്കാണുന്ന ലോകരോട് കാലത്തിനനുസരിച്ച് സംവേദനം സാധ്യമാക്കാനുള്ള സാധ്യതകളെയും സാധുതകളെയും പ്രയോജനപ്പെടുത്താനുള്ള പരിശ്രമങ്ങളുടെ നൈരന്തര്യം അനിവാര്യണ് എന്ന് ചര്‍ച്ചയില്‍ സംഗ്രഹിക്കപ്പെട്ടു.
ഇഫ്‌ത്വാര്‍ സംഗമത്തോടൊപ്പം നടന്ന ക്യാമ്പയിന്‍ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, അവധിയില്‍ നാട്ടിലുണ്ടായിരുന്ന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ സദസ്സുമായി പങ്കുവെച്ചു.സംഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന സലീം നാലകത്തും അസി.ജനറല്‍ സെക്രട്ടറി അനസ് ഉമറും ഏറെ അഭിമാനകരമായ ഒരു സംഗമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സംതൃപ്‌തി രേഖപ്പെടുത്തി.
ക്യാമ്പയിന്റെ ഭാഗമായി വിവിധതലങ്ങളില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അകത്തും പുറത്തുമുള്ള വ്യക്തിത്വങ്ങളുടെ മാതൃകാപരമായ സഹകരണം ഒരിക്കല്‍ കൂടെ പരാമര്‍ശിക്കുകയും നന്ദിരേഖപ്പെടുത്തുകയും ചെയ്‌തു.
സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന പ്രമേയത്തെ ആസ്‌പദമാക്കി ക്രിയാത്മകവും സര്‍ഗാത്മകവുമായ പരിപാടികള്‍ ഉണ്ടാകണമെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.ക്യാമ്പയിന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സ്‌ത്രീകള്‍ക്ക് വിശിഷ്യാ കുടൂംബ നാഥകള്‍ക്ക് പഠിക്കാനും പകര്‍ത്താനും കഴിയുന്ന വിധത്തിലുള്ള ബോധവത്കരണ പരിപാടികളുടെ ആവശ്യം അടിവരയിടപ്പെട്ടു.മക്കളുടെ കാര്യങ്ങള്‍ എന്തായാലും കൂടുതല്‍ അറിയുക ഉമ്മമാരാണ്.അതുകൊണ്ടു തന്നെ കുടുംബത്തിലെ സ്‌ത്രീകള്‍ ഇക്കാര്യങ്ങളില്‍ ജാഗരൂകരാകുകയും ബോധവതികളാകുകയും വേണ്ടതുണ്ട്. ഇവ്വിഷയത്തില്‍ മഹല്ല് സംവിധാനവുമായി കൂടിയാലോജിച്ച് ഒരു ജാഗ്രതാ ക്ലാസ്സ് സംഘടിപ്പിക്കാന്‍ ധാരണയായി.
അസി.ജനറല്‍ സെക്രട്ടറി അനസ് ഉമറിന്റെ നേതൃത്വത്തില്‍ ഷാഹുല്‍ ഹുസ്സൈന്‍,ഫൈസല്‍ ഫാറൂഖ്,ജാസ്സിം,റഈസ് സഗീര്‍ എന്നിവരടങ്ങിയ ഒരു ഉപസമിതിയെ സംഘാടനത്തിനായി ഉത്തരവാദപ്പെടുത്തി.പ്രോഗ്രാമുകളും അജണ്ടകളും ഖ്യുമാറ്റ് സീനിയേഴ്‌സ് നിര്‍വഹിക്കും.പ്രചരണങ്ങള്‍ മീഡിയാ വിഭാഗം കൈകാര്യം ചെയ്യും.
മഹല്ലിന് വേണ്ടി മാസാന്തം നിശ്ചിത വിഹിതം എന്ന വാഗ്‌ദത്തത്തിന്റെ പൂര്‍ത്തീകരണത്തിനായി സമാഹരണവും അതിന്റെ യഥാവിധിയുള്ള വിനിയോഗവും ഊര്‍ജ്ജസ്വലമാകണമെന്ന് അധ്യക്ഷന്‍ നിര്‍ദേശിച്ചു.
ഷാഹുല്‍ ഹുസ്സൈന്‍,തൗഫീഖ്,ഹാരിസ് അബ്ബാസ്,അനസ് ഉമര്‍, ജാസ്സിം എന്നിവരാണ് നിയുക്തരായ സമിതി അംഗങ്ങള്‍.
പള്ളി പരിപാലനത്തിലും അതിന്റെ ദൈനംദിന കാര്യങ്ങള്‍ക്കും അനുഗുണമായ വിധത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും ആസൂത്രണങ്ങളും ഇനിയും കാര്യക്ഷമമാകണം.മഹല്ല് കാര്യങ്ങള്‍ സ്വയം പര്യാപ്‌തത കൈവരിക്കാനെന്ന വിധത്തില്‍ നടത്തപ്പെട്ട പദ്ധതികളിലൂടെ പൂര്‍ണ്ണമായി പരിഹാരമാകുന്നില്ല എന്ന നിരീക്ഷണവും പങ്കുവെക്കപ്പെട്ടു. മഹല്ല് സംവിധാനത്തില്‍ യുവതലമുറയുടെ പ്രാതിനിധ്യവും പങ്കളിത്തവും ഉറപ്പ് വരുത്താനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ വേണ്ടതുണ്ടെന്നും ചര്‍ച്ചകളില്‍ വിശദീകരിക്കപ്പെട്ടു.
സാന്ത്വനം ഫണ്ടില്‍ നിന്നും മുന്‍ ഖ്യുമാറ്റ് അംഗത്തിന്റെ ചികിത്സയിലേക്ക് ഇരുപത്തി അയ്യായിരം രൂപ അനുവദിക്കാന്‍ സാമൂഹ്യ ക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കി.
ഖ്യുമാറ്റ് വാര്‍ഷിക വരിസംഖ്യയായി 120 രിയാല്‍ നിജപ്പെടുത്താനുള്ള തീരുമാനം സമിതി അംഗീകരിച്ചു,വൈസ് പ്രസിഡണ്ട് അസീസ് മഞ്ഞിയില്‍ സമാഹരണത്തിനും അനുബന്ധമായ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കും. വരിസംഖ്യ ഒറ്റത്തവണയായൊ സൗകര്യപ്പെടുന്ന തവണകളായൊ അടച്ചാല്‍ മതിയാകും.സാമൂഹ്യക്ഷേമ വകുപ്പ് ഉപസമിതിയുടെ സമാഹരണ പ്രക്രിയയിലൂടെ വരിസംഖ്യ പിരിച്ചെടുക്കലും ആകാമെന്ന നിര്‍ദേശവും പ്രവര്‍ത്തക സമിതി അംഗീകരിച്ചു.
തിരുനെല്ലൂര്‍ ജുമാ മസ്‌ജിദില്‍ ആഴ്‌ച തോറും നടന്നു വരുന്ന ദിക്‌റ് ഹല്‍ഖയുടെ അറുപതാം വാര്‍ഷികം മെയ് 9 വെള്ളിയാഴ്‌ച വൈകീട്ട് എട്ടിന് സംഘടിപ്പിക്കുമെന്ന് മഹല്ല് കമ്മിറ്റി ഔദ്യോഗിക കത്തിലൂടെ അറിയിച്ചു. മഹല്ലിലെ വാര്‍ഷിക സമാഹരണത്തിന്റെ വലിയ സാധ്യതയായ ഈ വാര്‍ഷിക ഹല്‍ഖാ മജ്‌ലിസിലേക്ക് - സംരംഭത്തിലേക്ക് കഴിയും വിധമുള്ള സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അധ്യക്ഷന്‍ ഓര്‍മപ്പെടുത്തി.
രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന യോഗം സീനിയര്‍ അംഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടില്‍ സാമപനവും പ്രാര്‍ഥനയും നടത്തി.
18/25 പേര്‍ ഹാജര്‍ രേഖപ്പെടുത്തി.
===========
പങ്കെടുത്തവര്‍
-------------
ഷറഫു ഹമീദ്
റഷീദ് കെജി
ആരിഫ് ഖാസ്സിം
അസീസ് മഞ്ഞിയില്‍
അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍
സമീര്‍ കുഞ്ഞിമോന്‍
ഷഹീര്‍ അഹമ്മദ്
അനസ് ഉമര്‍
ഹംദാന്‍ ഹംസ
അബൂബക്കര്‍ സിദ്ദീഖ്
ഫൈസല്‍ ഫാറൂഖ്
ഷൈദാജ്
റഷാദ് ഖുറൈഷി
സലീം എന്‍.കെ
ഷാഹുല്‍ ഹുസ്സൈന്‍
മുഹമ്മദ് റഈസ്
ഷാഹിദ് ഹുസ്സൈന്‍
ജാസ്സിം
---------