നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 22 May 2015

സംഗമത്തെ ധന്യമാക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ

2015 മെയ്‌ 29 ന്‌ നടക്കാനിരിക്കുന്ന സ്‌നേഹ സംഗമത്തെ ധന്യമാക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തകര്‍ സജ്ജമാകണമെന്ന അധ്യക്ഷന്റെ ആഹ്വാനത്തോടെ അടിയന്തിര ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍  പ്രവര്‍ത്തക സമിതി സജീവമായി.പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ സിറ്റിയില്‍ വെച്ചായിരുന്നു യോഗം ചേര്‍ന്നത്‌.

പ്രവാസി സംഘത്തിന്റെ മഹല്ല്‌ പരിപാലന സംവിധാനം ഊര്‍ജ്ജ്വസ്വലമാക്കാനും വികേന്ദ്രീകരണം സുസാധ്യമാക്കാനും ഉദ്ധേശിച്ച്‌ മുല്ലശ്ശേരി കുന്നത്ത്‌ പ്രദേശത്തിന്റെ പ്രതിനിധിയായി ജാസിര്‍ അബ്‌ദുല്‍ അസീസിനെ സെക്രട്ടറി സ്ഥാനത്തോടുകൂടെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പെടുത്താനുള്ള അധ്യക്ഷന്റെ അഭ്യര്‍ഥന പ്രവര്‍ത്തകസമിതി അംഗീകരിച്ചു.സെക്രട്ടറിമാരിലൊരാളായ അബു മുഹമ്മദ്‌ മോനെ മുള്ളന്‍തറ പ്രതിനിധിയായും യോഗം നിയോഗിച്ചു.

ഹാരിസ്‌ അബ്ബാസ്‌,തൌഫീഖ്‌ താജുദ്ധീന്‍ ,റഷാദ്‌ കെ.ജി,ആരിഫ്‌ ഖാസ്സിം ,ജാസിര്‍ അബ്‌ദുല്‍ അസീസ്‌ എന്നിവരുള്‍ കൊള്ളുന്ന പ്രത്യേക ഉപസമിതിയെ സ്‌നേഹ സംഗമത്തിന്റെ സുഖമമായ സംഘാടനത്തിനു വേണ്ടി ഉത്തരവാദപ്പെടുത്തി.

തിരുനെല്ലൂര്‍ ജുമാമസ്‌ജിദിലേക്ക്‌ പുതിയ ശബ്‌ദ സംവിധാനം ആവശ്യപ്പെട്ടത്‌ പരിഗണിക്കപ്പെട്ടു.ഏകദേശം നാല്‍പതിനായിരം രൂപ ചെലവു വരുന്ന പ്രസ്‌തുത ശബ്‌ദ സംവിധാനത്തിനുവേണ്ടി വരുന്ന സംഖ്യ പ്രവര്‍ത്തകസമിതിയിലെ സീനിയര്‍ അംഗങ്ങള്‍ വാഗ്ദാനം ചെയ്‌ത  പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന്‌ പ്രാഫല്യത്തില്‍ വരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം കൊടുത്തു.തന്റെ കാലശേഷം പറമ്പും പുരയിടവും മഹല്ലിന്‌ വഖഫ്‌ ചെയ്യുമെന്ന വാഗ്ദാനം നല്‍കിയവരുടെ വീടിന്റെ ശോചനീയാവസ്ഥ പരിഹരിച്ചുകൊടുക്കണമെന്ന അഭ്യര്‍ഥനയെ പ്രസിഡണ്ട്‌ മുഖവിലക്കെടുക്കുന്നതായി പ്രവര്‍ത്തക സമിതിയെ അറിയിച്ചു. 

റേഷന്‍ ചികിത്സാ സഹായങ്ങളുടെ ഗുണഭോക്താക്കള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രായോജകര സ്‌നേഹ സംഗമത്തില്‍ നിന്നു കണ്ടെത്തണമെന്ന ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ യുടെനിര്‍ദേശം സ്വാഗതം ചെയ്യപ്പെട്ടു.റമദാനില്‍ നടത്തി വരുന്ന സന്നദ്ധ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും ഇഫ്‌ത്വാര്‍ സംഗമങ്ങള്‍ക്കും മഹല്ലിലെ അംഗങ്ങളില്‍ നിന്നുമുള്ള സമാഹരണം കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ തുടരാമെന്ന്‌ തീരുമാനിച്ചു.വ്യവസ്ഥാപിതമായി ചെയ്‌തുകൊണ്ടിരിക്കുന്ന കര്‍മ്മ പരിപാടികളുടെ വിജയത്തിനാവശ്യമായ എല്ലാ പിന്തുണയും ഒപ്പം നിജപ്പെടുത്തപ്പെട്ട വാര്‍ഷിക വരി സംഖ്യയും വീഴ്‌ചവരുത്താതിരിക്കണമെന്ന്‌ പ്രത്യേകം ഓര്‍മ്മിപ്പിക്കപ്പെട്ടു.

ഖത്തറില്‍ സംഘടിപ്പിച്ചതുപോലുള്ള സൌഹൃദ യാത്ര പെരുന്നാളിനോടനുബന്ധിച്ച്‌ മുന്‍ തീരുമാന പ്രകാരം നാട്ടില്‍ സംഘടിപ്പിക്കപ്പെടുമെന്ന്‌ സെക്രട്ടറി അറിയിച്ചു.മഹല്ലിലെ ഉന്നത വിജയം വരിച്ച പഠിതാക്കളെ പ്രത്യേകം പ്രോത്സാഹിപ്പിക്കണമെന്ന അംഗങ്ങളുടെ അഭിപ്രായം സ്വാഗതം ചെയ്യപ്പെട്ടു.

ഈ വര്‍ഷാവസാനം പ്രസിദ്ധീകരിക്കാനിരിക്കുന്ന സുവനീറുമായി ബന്ധപ്പെട്ട സംക്ഷിപ്‌ത വിവരം സുവനീര്‍ ഉപസമിതി അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ വിശദീകരിച്ചു.ഉപസമിതിയിലെ മറ്റു അംഗങ്ങളായ അബ്‌ദുന്നാസിര്‍  അബ്‌ദുല്‍ കരീം ,അബു മുഹമ്മദ്‌ മോന്‍ തുടങ്ങിയവര്‍ സുവനീറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്നും വളരെ മനോഹരമായ രീതിയില്‍ സുവനിര്‍ രൂപ കല്‍പന ചെയ്യപ്പെടുമെന്നും അധ്യക്ഷന്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ സ്‌നേഹ സംഗമത്തില്‍ വെളിപ്പെടുത്താനാകുമെന്ന്‌ പ്രത്യാശാ പ്രകടിപ്പിച്ചു.ഒന്നര മണിക്കൂര്‍ നീണ്ടയോഗം ഉദ്‌ബോധനത്തോടെ സമാപിച്ചു.