നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 28 April 2018

മാനുഷികമാണ്‌ ഇതിന്റെ മുഖ മുദ്ര

ദോഹ:സേവന സന്നദ്ധ ഭാവത്തോടെ കര്‍‌മ്മോത്സുകരായി അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്ന കൂട്ടായ്‌മയാണ്‌ ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി സം‌ഘം.അക്ഷരാര്‍‌ഥത്തില്‍ മാനുഷികമാണ്‌ ഇതിന്റെ മുഖ മുദ്ര.ഹാജി ഹമീദ്‌ ആര്‍.കെ പറഞ്ഞു.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ വാര്‍‌ഷിക സം‌ഗമം ഗ്രാന്‍‌ഡ്‌ ഖത്തര്‍ പാലസ്‌ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡണ്ട് ഹാജി ഹമീദ്‌.അസോസിയേഷന്‍ രൂപീകരണം മുതല്‍ തന്നെ നാടിനും നാട്ടുകാര്‍‌ക്കും വേണ്ടി സാധ്യമാകുന്ന പ്രവര്‍‌ത്തനങ്ങളില്‍ സജീവമായി തുടരുന്ന ഈ പ്രസ്ഥാനം സേവന പാതയില്‍ ഏറെ മുന്നോട്ട്‌ പോകുന്ന കാഴ്‌ച അഭിമാനകരമാണ്‌.ഈ നിസ്വാര്‍‌ഥ സേവക സം‌ഘത്തിന്റെ മാതൃകാപരമായ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ നാട്ടിലെ മഹല്ല്‌ സമിതിയും വിശിഷ്യാ മഹല്ല്‌ നേതൃത്വം അനുവര്‍‌ത്തിക്കുന്ന നയ നിലപാടുകളും ശ്‌ളാഘനീയവും സ്വാഗതാര്‍‌ഹവുമാണ്‌.ഹമീദ്‌ പറഞ്ഞു.

അശ്രാന്ത പരിശ്രമങ്ങളുടെ സ്വാഭാവികമായ പരിണിതി മാത്രമാണ്‌ ഈ സം‌ഘത്തിന്‌ ലഭിച്ചു കൊണ്ടിരിക്കുന്ന അം‌ഗീകാരം.ഊര്‍‌ജ്ജസ്വലരായ പ്രവാസി യുവ നിരയെ സാധ്യമാകും വിധം ഉപയോഗപ്പെടുത്താന്‍ നാം ശ്രമിച്ചിട്ടുണ്ട്‌.പുതു തലമുറയില്‍ നിന്നുള്ളവരും പുതു മുഖങ്ങളും ഇനിയും സേവന തല്‍‌പരരായി കര്‍‌മ്മ സരണിയിലേക്കും നേതൃനിരയിലേയ്‌ക്കും കടന്നു വരണം.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ അഭിപ്രായപ്പെട്ടു.തിരുനെല്ലൂര്‍ പ്രവാസി സംഗമത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു ഷറഫു ഹമീദ്‌.

പ്രവര്‍‌ത്തന നൈരന്തര്യത്തിന്റെ ഹ്രസ്വമായ അടയാളപ്പെടുത്തലുകള്‍ മാത്രമാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്.ഇത്‌ സശ്രദ്ധം ശ്രവിക്കുകയും പോരായ്‌മകളും ക്രിയാത്മകമായ വിമര്‍‌ശനങ്ങളും നടത്തി തുടര്‍ന്നുള്ള ചര്‍‌ച്ചയെ സജീവമാക്കുകയും വേണമെന്ന അഭ്യര്‍‌ഥനയോടെയായിരുന്നു ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ റിപ്പോര്‍‌ട്ട്‌ അവതരണം തുടങ്ങിയത്‌.ഇരുപത് മിനിറ്റിനലധികം സമയമെടുത്ത റിപ്പോര്‍ട്ട്‌ ഏറെ അഭിമാനത്തോടെ സദസ്സ്‌  ഏറ്റുവാങ്ങി.ഒരു വര്‍‌ഷത്തെ വരവ്‌ ചെലവുകള്‍ ഫിനാന്‍‌സ്‌ സെക്രട്ടറി സലീം നാലകത്തും അവതരിപ്പിച്ചു.ശരാശരി ഓരോ മാസവും ആറക്ക സം‌ഖ്യയാണ്‌ അസോസിയേഷന്‍ മഹല്ലില്‍ ചെലവഴിച്ചതെന്നാണ്‌ കണക്കുകളിലൂടെ വ്യക്തമാക്കപ്പെട്ടത്.തികച്ചും അമ്പരപ്പിക്കുന്ന വരവ്‌ ചെലവുകള്‍ എന്ന്‌ ഏത്‌ സാധാരണക്കാരനും ഒരു വട്ടം ഓ‌ര്‍‌ത്തു പോകുന്ന കണക്ക്‌ നര്‍മ്മത്തില്‍ ചാലിച്ച്‌ മര്‍‌മ്മം നോക്കി അവതരിപ്പിക്കപ്പെട്ടപ്പോള്‍ വേദിയിലും സദസ്സിലുമുള്ളവരുടെ മുഖം പ്രസന്നമായി നാഥനെ സ്‌തുതിച്ചു.

അനാഥയെ ആട്ടിയകറ്റുന്നവനും അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും വിശുദ്ധ ദര്‍‌ശനത്തെ നിഷേധിച്ചവനായി ഖുര്‍‌ആന്‍ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല ഏറ്റവും നിസ്സാരങ്ങളായ ഉപകാരങ്ങള്‍ പോലും ചെയ്യാന്‍ മടിക്കുന്നവനെയും നിഷേധിയുടെ ഗണത്തില്‍ തന്നെയാണ്‌ വരച്ചു വെച്ചിരിക്കുന്നത്.അഥവ തന്റെ സഹവാസികളോട്‌ മാനുഷികമുഖം പ്രത്യക്ഷമായും പരോക്ഷമായും പ്രകടിപ്പിക്കാന്‍ സാധിക്കാത്തവന്‌ ഈ ദര്‍‌ശനത്തിന്റെ വിലാസത്തില്‍ ഇടമില്ലെന്നു സാരം.വിശുദ്ധ ഖുര്‍‌ആനിലെ മാഊന്‍ എന്ന അദ്ധ്യായം ഉദ്ധരിച്ച്‌ കൊണ്ട്‌ അസീസ് മഞ്ഞിയില്‍ പറഞ്ഞു.പരക്ഷേമ തല്‍‌പരത ഇസ്‌ലാമിന്റെ അത്യാകര്‍‌ഷകമായ മുഖമത്രെ.പ്രസ്‌തുത മുഖം മാനവികമാണ്‌ മാനുഷികമാണ്‌ അതിലുപരി ഇസ്‌ലാമികമാണ്‌.ഇസ്‌ലാമിന്റെ ഈ മാനുഷിക മുഖത്തിന്റെ ആത്മാവുള്‍‌കൊള്ളാനുള്ള എളിയ ശ്രമം മാത്രമാണ്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അനുവര്‍‌ത്തിച്ചു കൊണ്ടിരിക്കുന്നത്.മഞ്ഞിയില്‍ വിശദീകരിച്ചു.

സീനിയര്‍ അംഗം അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ ഖുര്‍ആന്‍ പഠന പാരായണത്തോടെ ആരം‌ഭിച്ച സം‌ഗമത്തില്‍ റമദാന്‍ സാന്ത്വന സമാഹരണോദ്‌ഘാടനം പ്രസിഡണ്ട്‌ ഷറഫു ഹമീദില്‍ നിന്നും സ്വീകരിച്ചു കൊണ്ട്‌ വൈസ്‌ പ്രസിഡണ്ട്‌ ജനാബ്‌ കെ.ജി റഷീദ്‌ നിര്‍വഹിച്ചു.അസോസിയേഷന്റെ നാട്ടിലെ പ്രതിനിധി ജനാബ്‌ ഇസ്‌മാഈല്‍ ബാവ ആശംസകള്‍ നേര്‍‌ന്നു.പ്രവര്‍‌ത്തന നൈരന്തര്യത്തില്‍ വിട്ടു വീഴ്‌ച അനുവദിക്കരുതെന്ന്‌ ഇസ്‌മാഈല്‍ ബാവ ഓര്‍മ്മിപ്പിച്ചു.നൈമിഷിക ജീവിതത്തിനു വേണ്ടി അനശ്വരമായ ജീവിതത്തെ പാഴാക്കുന്ന ദൗര്‍‌ഭാഗ്യവാന്മാരില്‍ പെടാതിരിക്കാനുള്ള ജാഗ്രതയെക്കുറിച്ച്‌ വിശദികരിച്ചു കൊണ്ടായിരുന്നു സീനിയര്‍ അം‌ഗം യൂസുഫ്‌ ഹമീദ്‌  തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

സന്ദര്‍ശനാര്‍‌ഥം ദോഹയിലെത്തിയ ഹാജി അഹമ്മദ്‌ അറബി നഷീദ അവതരിപ്പിച്ചു.തുടര്‍ന്ന്‌ ഇസ്‌മാഈല്‍ ബാവ,ഹാഷിം അബ്ബാസ്‌,റഈസ്‌,റഷീദ്‌,റഷാദ്‌ തുടങ്ങിയവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

ജുമുഅ നമസ്‌കാരനന്തരം ഒത്തു കൂടി ഒരുമിച്ച്‌ ഭക്ഷണം കഴിച്ച്‌ രണ്ട്‌ മണിക്ക്‌ തുടങ്ങിയ സം‌ഗമം വൈകീട്ട്‌ നാലിന്‌ സമാപിച്ചു.സെക്രട്ടറിമാര്‍ ഹാരിസ്‌ അബ്ബാസ്‌ സ്വാഗവും സെക്രട്ടറി ഷൈതാജ്‌ മൂക്കലെ നന്ദിയും പ്രകാശിപ്പിച്ചു..